Thursday, July 28, 2016

വേഴാമ്പൽ


കാവൽക്കാരന്റെ കണ്ണ് വെട്ടിച്ചതൊന്നും അല്ല, അയാൾക്ക് ഒന്നും തിരിച്ചറിയാനോ, കേൾക്കാനോ കഴിഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കാലും തേങ്ങുന്ന മനസ്സുമായി അയാൾ ആ കുന്നു കയറി. കണ്ണുനീർ പടലങ്ങൾ അയാളുടെ കാഴ്ചയെ വെക്തതയിൽ നിന്നും മറച്ചു പിടിച്ചിരുന്നു. ഇന്നലെ വരെ താൻ സന്തോഷമുള്ള ഒരു പിതാവായിരുന്നു. ഇന്ന് തന്റെ ഹൃദയം തകർത്തു അവൾ പോയിരിക്കുന്നു, എന്നന്നേക്കുമായി ഉള്ള യാത്ര. അച്ഛന് അവൾ പോകുംമുമ്പ് സമ്മാനിച്ചത് ആ എഴുത്താണ്..അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തപ്പി.അതവിടെ തന്നെ ഉണ്ട്. "അവൾ എന്നോട് പറയാൻ ഉള്ളതെല്ലാം പറഞ്ഞു പോയി...ഇനി എനിക്ക് എന്റെ പൊന്നുമോളോട് പറയാൻ ഉള്ളതൊക്കെ ആര് അവളോട് പറയും? ആരും ഇല്ല...ഞാൻ, എനിക്ക് മാത്രമേ അത് അവളോട് പറയാൻ പറ്റൂ, ഞാൻ പറഞ്ഞാലേ എന്റെ മോൾക്ക് സന്തോഷമാകു...ഞാൻ അല്ല അവളെ വളർത്തിയത്? എന്നെ അല്ല അവൾ കൂടുതൽ സ്‌നേഹിക്കേണ്ടതു? എന്നോടല്ലേ അവൾ എല്ലാം പറയേണ്ടിയിരുന്നത്? ഞാൻ ഒരു അച്ഛനല്ലായിരുന്നോ മോളെ?" അയാൾ സ്വയം പിറുപിറുത്തുകൊണ്ട് പരിസരബോധം ഇല്ലാത്തവനെ പോലെ അതിവേഗത്തിൽ തന്റെ  ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു കയറി. "വേഗം നടക്ക്, സമയം പോകുന്നു..." 
ഉദിച്ചുയരുന്ന പുലരിയിലെ കോടമഞ്ഞു പുതച്ച ആ മലനെറുകയിൽ നിന്നും അയാൾ ആ കത്ത് വീണ്ടും എടുത്തു വായിക്കാൻ തുടങ്ങി. തന്നെ മോൾ ഇന്നലെ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് എഴുതിയ കണ്ണുനീർ വീണുണങ്ങിയ ഉണങ്ങിയ വാക്കുകളിലൂടെ ആ കണ്ണുകൾ ഇഴഞ്ഞു നീങ്ങി... 

എന്റെ എത്രയും സ്നേഹം നിറഞ്ഞ പാപ്പാ , അമ്മെ,

ഇങ്ങനെ വിളിക്കാൻ എനിക്കു യോഗ്യത ഉണ്ടോന്നു അറിയില്ല. പക്ഷേ ഇപ്പോൾ മരണത്തെ സ്വയം വരിക്കുന്ന ഈ നിമിഷങ്ങളിൽ ഞാൻ കൊതികൊണ്ടു വിളിച്ചു പോകുന്നതാണ്. എന്റെ മരണം നിങ്ങളെ വല്ലാതെ തളർത്തും എന്നെനിക്കറിയാം, പപ്പേടേം, അമ്മേടേം പൊന്നുമോൾ ഇനി ജീവിക്കാൻ യോഗ്യത ഇല്ലാത്തവൻ ആണെന്നുള്ള സത്യം എനിക്കു നിങ്ങളെ ജീവനോടെ അറിയിക്കാൻ കഴിയില്ല, കാരണം നിങ്ങൾക്കു ഞാൻ അത്രക്ക് പൊന്നോമന ആയിരുന്നു. ഒറ്റ മകളായി നിങ്ങളുടെ എല്ലാ സ്നേഹവും അനുഭവിച്ചു എന്നെ വളർത്തി. പപ്പേടെ ചുമലിൽ ആന കളിച്ചും, അമ്മയുടെ കൈകളാൽ എന്നെ കുളിപ്പിച്ചു സുന്ദരി ആക്കി നടത്തിയതും, ജോലി കഴിഞ്ഞു തളർന്നു വരുന്ന പപ്പയോടു നിർബന്ധ ബുദ്ധിയാൽ പല ആവശ്യങ്ങൾ പറയുമ്പോഴും അമ്മയുടെ വാക്കുകളും, ശ്വാസനായും വക വെക്കാതെ പപ്പാ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതും, ഒരിക്കൽ പുതിയതായി മേടിച്ചു തന്ന സൈക്കിളിൽ നിന്നു വീണ എന്ന് കൈമുട്ട് ഉരഞ്ഞു മുറിഞ്ഞത് കണ്ട് പപ്പടെ കണ്ണു നിറഞ്ഞതും, എല്ലാം ഇന്നെനിക്കു കണ്ണുനീരുകൾക്കിടയിലും വ്യക്തമായ കാഴ്ചയായി ഓർമയിൽ തെളിയുന്നുണ്ട്. പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് എന്നെ സ്നേഹിക്കാൻ നിങ്ങൾ മത്സരിക്കുന്നത്. അങ്ങനെ ഒരുപാട് കഷ്ടതകൾക്കിടയിലും നിങ്ങൾ എന്നെ ഒന്നും അറിയിക്കാതെ വളർത്തി വലുതാക്കി. അന്നൊന്നും ഞാൻ അതിന്റെ വിലയും, നിങ്ങൾ എനിക്കു വേണ്ടി അനുഭവിച്ച ത്യാഗവും മനസ്സിലാക്കിയിരുന്നില്ല.

പപ്പാ, പപ്പ ഓർക്കുന്നോ ഞാൻ അന്ന് പത്താം ക്ലാസ്സ് ജയിച്ചപ്പോൾ ഞാൻ മൊബൈലിനു വേണ്ടി വഴക്കിട്ടത്? അന്ന് ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാ അമ്മ പറഞ്ഞിട്ട് എനിക്കു പാപ്പാ മൊബൈൽ മേടിച്ചു തന്നത്. അന്ന് അതു കൈയിലേക്ക് വെച്ചു തരുമ്പോൾ പപ്പയുടെ കണ്ണുകളിൽ ഉണ്ടായ ആ മാറ്റത്തിന്റെ അർത്ഥം ഇന്നെനിക്കു മനസ്സിലായി, അതു ഭയത്തിന്റേതു ആയിരുന്നു. മകളുടെ കൈയിൽ കൊടുത്ത ആ ഉപകരണത്തിന്റെ യഥാർത്ഥ ദോഷം മനസ്സിലാക്കിയുള്ള ഭീതി. പപ്പാ ഇന്ന് ഞാൻ അതു തിരിച്ചറിഞ്ഞു, പക്ഷേ ഞാനത് മനസ്സിലാക്കാൻ ഒരുപാട് വൈകി പോയി.
മൊബൈൽ തുടക്കത്തിൽ എനിക്കു ഗെയിം കളിക്കാനും കൂട്ടുകാരോട് സംസാരിക്കാനും ഉള്ള ഒരു ഉപകരണം ആയിരുന്നു എങ്കിലും പിന്നീട് അതെന്നെ ജീവശ്വാസം പോലെ സ്വാധീനിക്കാൻ തുടങ്ങി. കളിക്കുമ്പോഴും, ഉറങ്ങുമ്പോഴും കഴിക്കുമ്പോഴും എന്തിനു പഠിക്കുമ്പോൾ പോലും എനിക്കു മൊബൈൽ ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നു. അന്നും പപ്പയും അമ്മയും എന്നെ വഴക്കു പറയുമായിരുന്നു. യൗവനത്തിന്റെ ലഹരിയിൽ എനിക്കു അതെല്ലാം നിങ്ങളോടുള്ള പകക്ക് കാരണമായി. 

കുട്ടുകാരോടുള്ള എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത് ഞാൻ പോലും അറിയാതെ ആയിരുന്നു. പൊതുവേ നേരിട്ട് സംസാരിക്കാൻ നാണം കുണുങ്ങി ആയിരുന്ന എന്നെ വാട്‍സ് ആപ്പും, മെസഞ്ചറും എല്ലാം തുറന്നു സംസാരിക്കാൻ സഹായിച്ചു. നേരിട്ട് കാണുമ്പോൾ സംസാരിക്കാൻ നാണവും, അപകർഷതാ ബോധവും ഉണ്ടായിരുന്ന എനിക്ക് ഫോണിലൂടെ സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായി. മെല്ലെ മെല്ലെ ഞാൻ ഒരാളോട് അടുത്തു...എല്ലാം സംസാരിച്ചു തുടങ്ങി, എല്ലാം. രാത്രിയുടെ യാമങ്ങളിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ പപ്പടെ പൊന്നുമോൾ ഫോൺ കോളുകളിലൂടെ അവനുവേണ്ടി പലതും പങ്കുവെച്ച്‌ സ്വർഗീയ സുഖം ആസ്വദിക്കുന്നതായി തെറ്റിധരിച്ചു. പകല് രാത്രിയാകാൻ ഞാൻ കാത്തിരുന്നു. എന്റെ മുറിക്കുള്ളിൽ പലതരത്തിൽ ഉള്ള രതി ഭാവനകൾ അരങ്ങു തകർത്തു. അന്നും എന്റെ ഭാവി സ്വപ്നം കണ്ടു നിങ്ങൾ ഒരു ഭിത്തിക്കപ്പുറം മുറിയിൽ എനിക്കായി നെടുവീർപ്പുകൾ ഉതിർത്തുകാണും, അല്ലേ?

അവനെ മാത്രം വിശ്വസിച്ച എനിക്ക്ആ തെറ്റി. അവൻ എന്നെ ചതിച്ചു.  എന്റെ ഫോൺ സംഭാഷണങ്ങൾ അവർ റെക്കോർഡാക്കി അവന്റെ തന്നെ സുഹൃത്തുകൾക്ക് പങ്കു വെച്ചു തുടങ്ങിയത് അറിയാത്ത ഫോൺ നമ്പറുകളിൽ നിന്നും എനിക്കു ലഭിച്ചുകൊണ്ടിരുന്ന വോയ്‌സ് റെക്കോർഡുകളിൽ നിന്നാണ്. എന്റെ എതിർപ്പുകൾ അവിടെ  വിലപ്പോയില്ല, ഭീക്ഷിണികൾക്കു വഴങ്ങി ഏറെ രാത്രി അവന്റെ സുഹൃത്തുക്കൾക്കായും എനിക്ക് സുഖ രസങ്ങൾ പകർന്നു നൽകേണ്ടി വന്നു. ചിലർ എന്നെ വേശ്യ എന്നുപോലും  സംബോധന ചെയ്തത് എനിക്കു സഹിക്കാൻ കഴിഞ്ഞില്ല പപ്പാ, പക്ഷേ എനിക്കു കേൾക്കുകയെ നിർവാഹം ഉണ്ടായിരുന്നോള്ളു. ആ ദിവസങ്ങളിൽ രാവിലെ എഴുനേറ്റു എനിക്കു പപ്പയുടെയും അമ്മയുടെയും മുഖത്തു നോക്കുമ്പോൾ സത്യമായും എന്റെ നെഞ്ചു പൊട്ടിപോകുവായിരുന്നു അമ്മാ. കൃത്യമായ അടക്കത്തോടെയും ചിട്ടയോടെയും സർവോപരി സ്നേഹത്തോടെയും എന്നെ വളർത്തിയ നിങ്ങളുടെ മുൻപിൽ മറ്റുള്ളവരുടെ കണ്ണുകളിൽ വേശ്യ എന്നു മുദ്ര കുത്തപ്പെട്ടവളായി ഏത് മകൾക്കു തല ഉയർത്തി നിൽക്കാൻ കഴിയും? ഞാൻ വരുത്തിവെച്ച വിന ആണെങ്കിലും ഇങ്ങനൊക്കെ ഞാൻ........കണ്ണു നിറഞ്ഞു തുളുമ്പുന്നു പപ്പാ ഇതെഴുതുമ്പോൾ, മനസ്സിന് വല്ലാത്ത ഒരു നോവാണ് അതൊക്കെ ഓർക്കുമ്പോൾ.


അങ്ങനെ ഒരിക്കൽ തികച്ചും യാദൃച്ഛികമായാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. കാര്യങ്ങൾ അദ്ദേഹത്തോട് തുറന്നു പറഞ്ഞ എനിക്കായി കരുതലിന്റെ, സുരക്ഷയുടെ വാതിലുകൾ അദ്ദേഹം മെനഞ്ഞു. എന്റെ മൊബൈലും, അക്കൗണ്ടുകളും, നമ്പറുകളും നിർബന്ധിച്ചു മാറ്റിച്ച അദ്ദേഹം എന്നെ സംരംക്ഷിച്ചു. ആരാധനയോടൊപ്പം, എനിക്കു അദ്ദേഹത്തോട് സ്നേഹം തോന്നിത്തുടങ്ങി. അതു പരസ്പരം പങ്കു വെച്ച ഞങ്ങൾ പുതിയ ഒരു ജീവിതത്തിലേക്ക് നടന്നു തുടങ്ങി. നെടുവീർപ്പുകളും, കാമ ഭീതിയും കളമൊഴിഞ്ഞു എന്റെ മുറിയിൽ സ്നേഹത്തിന്റെ, സംരക്ഷണത്തിന്റെ ഒരായിരം മുല്ലമൊട്ടുകൾ വിരിഞ്ഞു തുടങ്ങി. പഴയ കാര്യങ്ങൾ പറഞ്ഞു ഒരിക്കലും എന്നെ അദ്ദേഹം നോവിച്ചില്ല. പകരം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു അദ്ദേഹം. അന്നാളുകളിൽ ഞാൻ ദൈവത്തോട് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞു. പടുകുഴിയിൽ നിന്നും എന്നെ കര കയറ്റാൻ ഒരു ദൈവദൂതനെ അയച്ചതിന്. എന്റെ എല്ലാ കുറവും അറിഞ്ഞു എന്നെ സ്നേഹിച്ച അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം എനിക്ക് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല പപ്പാ. അന്നൊക്കെ പപ്പ എന്നോട് പറയുമായിരുന്നു ഞാൻ ഒരുപാട് മാറിപ്പോയെന്നും, സന്തോഷവും പ്രസരിപ്പും കൂടിയെന്നും മറ്റും. അന്നൊക്കെ ഞാൻ വീണ്ടും പഴയതു പോലെ വീട്ടിൽ നിങ്ങൾ ഇരുവരുടെയും കുഞ്ഞു മാലാഖയായി പറന്നു നടന്നു. പപ്പയുടെയും അമ്മയുടെയും എനിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ മൂലമാകാം എനിക്ക് അദ്ദേഹത്തെ കിട്ടിയത്. അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പാഠങ്ങളും എന്നത് കൊണ്ട് എപ്പോഴും പറയുമായിരുന്നു സാധരണ കൂട്ടുകാർക്കും ചിലപ്പോൾ അപരിചിതർക്കും അദ്ദേഹം ചില പ്രതേക ജീവിത സാഹചര്യങ്ങളിൽ മാത്രം കൂടെ ഉണ്ടായ വെക്തി ആയിരുന്നു എന്ന്. പക്ഷേ എന്നെ അദ്ദേഹത്തിന് ഒരിക്കലും നഷ്ടപ്പെടരുതേ എന്നുമാത്രം ആയിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന എന്നും, എന്റെയും. തികച്ചും എനിക്ക് വേണ്ടി മാത്രം ജനിച്ച വെക്തി എന്ന് ഞാൻ സന്തോഷിച്ച ആൾ. അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹത്തിന് ജോലി സംബന്ധമായ ആവശ്യത്തിന് കുറച്ചു നാൾ നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. സന്തോഷത്തോടെ അല്ലെങ്കിലും എനിക്കു അദ്ദേഹത്തെ താത്കാലികമായി പിരിയേണ്ടി വന്നു. എങ്കിലും അദ്ദേഹം വിളിക്കുന്ന ഓരോ നിമിഷങ്ങളിലും എനിക്ക് സന്തോഷങ്ങളുടെയും സ്നേഹത്തിന്റെയും ഒരായിരം പൂങ്കാവനങ്ങൾ തുറന്നു തന്നു. ഏതവസ്ഥയിലും എന്നെ നന്നായി സംരക്ഷിക്കാൻ കഴിവുള്ള ഒരാൾ. ഒരർഹത ഇല്ലാഞ്ഞിട്ടും ദൈവം എനിക്ക് എന്തിനു ഇത്രയും സ്നേഹം ഉള്ള അല്ല തന്നു എന്ന് പോലും ആ സമയങ്ങളിൽ ഞാൻ ഓർത്തുപോയിട്ടുണ്ട്. 

ഒരിക്കൽ നമ്മുടെ വാടിക്കപുരയിലെ ജോമോൻ, എന്റെ സഹോദരതുല്യനായ അവൻ വീട്ടിൽ വന്നപ്പോൾ യാദർശികമായി അവനു വന്ന ഒരു whatsapp വീഡിയോ ഞാൻ കാണുകയുണ്ടായി. ഞാൻ സ്നേഹിച്ച ആളോട് ഞാൻ നടത്തിയിട്ടുള്ള വീഡിയോ ചാറ്റ്!. ഒരിക്കലും അദ്ദേഹത്തിന് എന്നെ ചതിക്കാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞങ്ങൾ വിശ്വസിച്ച ആ വീഡിയോ അപ്ലിക്കേഷൻ വഴി പുറത്തു പോയിട്ടുള്ളതായിരുന്നു അത്. അന്ന്, ആ നിമിഷം മരണത്തെ വരിക്കാൻ തീരുമാനിച്ച ഞാൻ ഒരിക്കൽ കൂടി അദ്ദേഹത്തോട് സംസാരിക്കാൻ ഉള്ള ആഗ്രഹത്താൽ അദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത് അദ്ദേഹം സ്വയം ജീവൻ ഒടുക്കി എന്ന നടുങ്ങുന്ന വാർത്തയാണ്. ഞാൻ ഇല്ലാതെ അദ്ദേഹം തനിച്ചു പോയിരിക്കുന്നു എന്നുള്ള യാഥാർഥ്യത്തെ ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം അദ്ദേഹം എഴുതിയ കുറിപ്പിൽ "എനിക്ക് അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല, ഒരു താത്കാലിക തൃപ്തിക്കു വേണ്ടി ഞങ്ങൾ ചെയ്തതെല്ലാം ഇന്ന് ലോകം അറിഞ്ഞു തുടങ്ങി. സുരക്ഷിതം അല്ലെന്നു എനിക്ക് അറിയാമായിരുന്നിട്ടും അത് സുരക്ഷിതമെന്ന് സ്വയം നിർബന്ധപൂർവം ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. കാലത്തിന്റെ ഒഴുക്കിൽ ജീവിതത്തിൽ വന്നടിഞ്ഞ എന്റെ പെണ്ണിൻ്റെ ഒപ്പം ജീവിതം തുഴഞ്ഞു നടന്ന എനിക്ക് തെറ്റി. സംരക്ഷകനാകേണ്ട ഞാൻ തന്നെ അവളുടെ സ്ത്രീത്വത്തിന്റെ ഘാതകനായി. വേദനയുടെ തോൽവികൾ ഏറ്റുവാങ്ങിയിട്ടുള്ള എനിക്ക് ഈ തോൽവി പൂർണമായിരുന്നു. ഇനി ഞാൻ ദിശമാറി ഒഴുകട്ടെ? എന്റെ തോൽവിയുടെ വേഷം അഴിച്ചു വെക്കാൻ സമയം ആയി " 

പപ്പാ, ഇന്ന് ഞാൻ ഒരു സ്വപ്നം കണ്ടു. മുൻപൊരിക്കൽ ഇത് ഞാൻ പറഞ്ഞിരുനെകിൽ എനിക്കൊപ്പം നിങ്ങളും സന്തോഷിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ കണ്ടത് എന്നെയും നിങ്ങളെയും ഒരുപോലെ കരയിക്കുന്ന ഒരു കാഴ്ചയായിരുന്നു. കല്യാണ വേഷത്തിൽ അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന എന്നെ കൈപിടിച്ച് നടത്തുന്ന എന്റെ പപ്പയും അമ്മയും....


എനിക്ക് പപ്പയെയും അമ്മയെയും പിരിഞ്ഞിരിക്കാൻ കഴിഞ്ഞിട്ടല്ല. പക്ഷേ ഇന്ന് അദ്ദേഹം ഇല്ലാത്ത ഈ ലോകത്തു ഞാൻ എന്നെ വീണ്ടും കാത്തിരിക്കുന്നത് ചതിയുടെ കണ്ണുകൾ ആണെന്നുള്ള ചിന്ത അന്നേ വല്ലാതെ ഭയപ്പെടുത്തുന്നു, കാരണം ഞാൻ ഒരു പെൺ ആയി ജനിച്ചു പോയില്ല? തികച്ചും എനിക്ക് വേണ്ടി മാത്രം ജീവിച്ച അദ്ദേഹത്തിന് വേണ്ടി മരിക്കുവാൻ  മാത്രമേ എനിക്ക് ഇന്ന് കഴിയു. മരണശേഷം ഒന്നായി ജീവിക്കാൻ കഴിയുമോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും ഒരു പ്രതീക്ഷ...

കത്തിൽ എവിടെനിന്നോ ഒരു തുള്ളി ജലകണം പതിച്ചു. അയാൾ ഉയരത്തിലേക്ക് നോക്കി. തന്റെ മകളുടെ കണ്ണുനീർ ആകാം ഇത്, തങ്ങളെ ഓർത്ത്...ഒരുപക്ഷേ തിരിച്ചു വരാൻ ആഗ്രഹിച്ചിട്ട് കഴിയാത്തതിനാൽ അവൾ നിസ്സഹായയായി കരയുന്നതാകാം. വെമ്പി നിന്ന ആ അച്ഛൻ നിലവിട്ടു കരഞ്ഞു കൊണ്ട് ആ കത്തിനെ ചുമ്പനം കൊണ്ട് പൊതിഞ്ഞു. 
ഒരു നിമിഷം, എന്തോ ഓർത്തത് പോലെ അയാൾ കത്തിൽ നിന്നും മുഖം ഉയർത്തി അയാൾ തന്റെ വശത്തേക്ക് നോക്കി. കണ്ണുനീർ ബാക്കി ഇല്ലാതെ വരണ്ട ചുണ്ടുകളും കരഞ്ഞു വീർത്ത മുഖവുമായി തന്റെ കൈ പിടിച്ചു മലകയറിയ എന്റെ പൊന്നുമോളുടെ അമ്മ!. മലകയറിയപ്പോൾ അവശയായി നിന്നവൾ ഇപ്പോൾ ഉറച്ച മനസ്സുമായി നിൽക്കുന്നു. വേദനയിൽ ഉറച്ച തീരുമാനത്തിന്റെ മനസ്സ്!. മരണ വാർത്ത അറിഞ്ഞു ബോധം നഷ്ടപ്പെട്ട തന്റെ ഭാര്യയുടെ ആദ്യ വാക്ക് "നമുക്കും പോകാം നമ്മുടെ മോളുടെ അടുത്തേക്ക്? അവിടെ എങ്കിലും നമുക്ക് മോളെ നന്നായി നോക്കി വളർത്തണം...ഇനി എന്റെ മോള് വിഷമിക്കരുത്" എന്നാണ്. അതിനു ശേഷം ഈ നിമിഷം വരെ അവൾ കരഞ്ഞിട്ടില്ല,ഒരു വാക്ക് ഉരിയാടിയിട്ടില്ല! പക്ഷേ അലതല്ലിക്കരയുന്ന അവളുടെ മനസ്സിന്റെ താളം തനിക്കു കേൾക്കാൻ കഴിയുന്നുണ്ട്. 

അയാൾ ആ അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു. ഒരു ചുവടു മുൻപോട്ടു വെച്ചു....അഗാധമായ കൊക്കയിലേക്ക് അവർ ഒന്നിച്ചു പറന്നിറങ്ങി...വേഗത്തിൽ തങ്ങളുടെ പൊന്നുമോളുടെ അരികിൽ പറന്നെത്താൻ വെമ്പുന്ന മനസ്സുമായി...
ആ ശരീരങ്ങൾ പാറക്കൂട്ടങ്ങളിലും മരങ്ങളിലും തട്ടി തെറിച്ചു താഴേക്ക് പതിച്ചു. 

ദൂരെ എവിടെയോ വേഴാമ്പൽ കരഞ്ഞു "ഇനി ഞങ്ങൾ ദിശമാറി ഒഴുകട്ടെ? ഞങ്ങളുടെ തോൽവിയുടെ വേഷം അഴിച്ചു വെക്കാൻ സമയം ആയി "