Tuesday, August 2, 2011

ഒരു പ്രണയ നൊമ്പരം

അവളെ അവന്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്ത് ജീവിക്കുകയായിരുന്നു.അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനു അവളെ..... അവന്‍റെ ജീവനേക്കാളും  ഇഷ്ടമായിരുന്നു.പിന്നീട് കാണുന്നത് കുറെ ആണ്‍ കുട്ടികള്‍ - ആരോഗ്യം കുറവാണെങ്കിലും അവര്‍ക്ക് ഒരു പ്രത്യേക ശക്തിയും പിന്തുണയും ഉണ്ടായിരുന്നു.ആ ശക്തി അജ്ഞാതവും..അവര്‍ അവളുടെ കൂട്ടുകാരെന്നു പറയുകയും അങ്ങന്നെ അവളെ വിശ്വസിപ്പിക്കുകയും,അവള്‍ വിശ്വസിക്കുകയും ചെയ്തവര്‍ - എല്ലാവരും ഒരു പോലെ അവന്‍റെ നെഞ്ചിലും തലയിലും ശരീരമാസകലം ചവിട്ടുകയാണ്,ശരീരയും മനസ്സും മുറിവേല്‍ക്കപ്പെട്ടു ,രക്തം വാര്‍ന്നു ഒഴുകി.എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോഴും ചവിട്ടി താഴ്ത്തുകയാണ്....അവന്‍ എല്ലാം സഹിച്ചു,കാരണം അവളെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ പൊതിഞ്ഞു നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുവായിരുന്നു അവന്‍...അതിനാല്‍ മറ്റുള്ള വേദന അവന്‍ അറിഞ്ഞിരുനില്ല..വേദനയില്‍ ശ്രെദ്ധിച്ച് നൊമ്പരപ്പെട്ടാല്‍ അവളെ നഷ്ട്ടപെടും എന്നവന്നറിയമായിരുന്നു.....പക്ഷെ പിന്നീടു അവന്‍ കണ്ടു,അവളെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റുന്നു അവര്‍......മരണത്തിന്റെ ശക്തി ഏറി.....അവന്റെ മനസ്സ് തേങ്ങി കരഞ്ഞു, അപേക്ഷിച്ചു..അത് അവള്‍ കാണാന്‍ അവര്‍ അനുവദിച്ചില്ല...അതിന്റെ ഇടയിലും തന്നില്‍ നിന്നും അടര്‍ത്തി എടുത്ത അവളുടെ കരം പിടിക്കാന്‍
അവന്‍ ശ്രേമിച്ചപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട്‌ അവള്‍ ആ കൈ പിന്‍വലിച്ചു, ആ കണ്ണ് അവനോടു യാചിച്ചു,ഒന്നവളെ വിട്ടകലാന്‍...പോയി സന്തോഷത്തോടെ ജീവിച്ചുകൊള്ളാന്‍.....അവള്‍ ഇല്ലാതെ ഞാന്‍ സന്തോഷത്തോടെ പോയി ജീവിച്ചുകൊള്ളാന്‍..നീ എന്നെ ഇങ്ങനന്നല്ലോ മനസ്സിലാക്കിയത്‌.....വേദനയോടെ അവന്‍ ഓര്‍ത്തു.....അവളുടെ ആ ബലഹീനത ആയിരുന്നു ആ ക്രുരന്മാരുടെ ശക്തി....അതായിരുന്നു അവരെ പിന്തുണച്ച ആ അജ്ഞാത ശക്തി....തകര്‍ന്നു വീഴാന്‍ പോയപ്പോഴാണ് അവനതുകണ്ടത് ,അവളുടെ ആ കൈകള്‍ വീണ്ടും തന്റെ നെഞ്ചിലേക്ക് അവസാന പിടിവള്ളിയിലെന്നപോലെ നീളുന്നു...അവള്‍ക്കു പോകാന്‍ കഴിയില്ലന്നു ആ കരങ്ങള്‍
പറയുന്നുണ്ടായിരുന്നു.....കണ്ണുകളില്‍നിന്നും ചുടു കണ്ണുനീര്‍ അവന്റെ നെഞ്ചിലേക്ക് പൊഴിഞ്ഞു,അതേറ്റ് അവന്റെ ഉള്ളം നീറി... സാഹചര്യങ്ങള്‍ വരുത്തിവച്ച വിനകള്‍ മൂലം, അവള്‍ എത്തിപ്പെട്ട അവസ്ഥയില്‍,മറ്റാരും തുണയില്ലാത്ത സാഹചര്യത്തില്‍ അവള്‍ക്കു ഒരു രക്ഷ താന്‍ മാത്രമെ ഉള്ളന്നുള്ള ബോധം അവനില്‍ പുതിയൊരു കരുത്തേകി...അവന്‍റെ മുറിവുകള്‍ എല്ലാം പ്രണയമായിരുന്നു...അവന്‍റെ രക്തത്തിന് പ്രണയത്തിന്‍റെ മണമായിരുന്നു അവന്റെ ശ്വാസത്തില്‍ അവളോടുള ഇഷ്ടം മാത്രമായിരുന്നു.ഒരു പുതുശക്തി അവനില്‍ ഉണര്‍ന്നെഴുന്നെല്‍ക്കാന്‍ തുടങ്ങി.....അപ്പോള്‍.......അവള്‍ വീണ്ടും ആ കരങ്ങള്‍ അവന്റെ നെഞ്ചില്‍ നിന്നും എടുത്തു..അല്ലെങ്കില്‍ എടുക്കപ്പെട്ടു,അതോടൊപ്പം അവളുടെ കൈകളില്‍ അവന്റെ ഹൃദയത്തിന്റെ, ജീവന്റെ,മനസ്സിന്റെ പാതി പറ്റിച്ചേര്‍ന്നു..അപ്പോള്‍ അവള്‍ കണ്ടത് അവന്‍റെ പിളര്‍ന്നിരിക്കുന്ന,നിലക്കാറായ ആ ഹൃദയത്തിലും അവളുടെ തന്നെ സുന്ദരമായ രൂപമായിരുന്നു,തന്നെ വിട്ടകലരുതെന്നുള്ള അവന്റെ രോദനം ആയിരുന്നു..ഒരു തേങ്ങലോടെ,അവളുടെ മിഴികളില്‍ നിന്നും, നീറുന്ന ഹൃദയത്തില്‍നിന്നും ഒരു കണ്ണ് നീര്‍തുള്ളി  അടര്‍ന്ന്‌ അവന്‍റെ മുറിവില്‍ വീണു....അതില്‍  നിറയെ അവള്‍ ഇതുവരെ അവനു കൊടുത്തതില്‍ നിന്നും വത്യസ്തമായ, ഉള്ളിന്റെ ഉള്ളില്‍ നിന്നുമുള്ള ആത്മാര്‍ത്ഥ സ്നേഹമായിരുന്നു.......അവന്റെ  സ്നേഹം മനസ്സിലാക്കാന്‍ കഴിയാഞ്ഞതിന്റെ വേദന ആയിരുന്നു....അത് മതിയായിരുന്നു അവന്‌.നിര്‍ജീവമായി തുടങ്ങിയ ആ  ശരീരം പുതു ശക്തിയോടെ ഉണര്‍ന്നെഴുന്നേറ്റു.അപ്പോഴും സ്നേഹത്തിന്‍റെ വില അറിയാത്ത ആ ക്രൂരര്‍ ചവിട്ടു തുടര്‍ന്നു.എന്നാല്‍ പൂര്‍ണമായും അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് അവന്‍ ഉറച്ചു നിന്ന് കഴിഞ്ഞു....ഇപ്പോള്‍ അവന്‍ ശക്തനാണ്.കാരണം അവള്‍ വീണ്ടും അവന്റെതു ആണ്....അവന്റെതു മാത്രം.....എന്നാല്‍ ഇപ്പോഴും അവളുടെ മാത്രമായ അവനെ പിന്തുണക്കാന്‍ കഴിയാതെ അവള്‍ നിസ്സഹായ ആണ്.സാഹചര്യങ്ങള്‍ അവളെ അങ്ങനെ ആക്കി എടുത്തു.എന്നാലും അവള്‍ അവനെ മുറുക്കി പിടിച്ചു മുറിവുകളില്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി അവന്‍റെ വേദനകള്‍ അവള്‍ ഒപ്പി എടുക്കാന്‍ ശ്രെമിച്ചു....അവന്റെ ആഗ്രഹം പോലെ സ്നേഹിക്കാന്‍ ശ്രെമിക്കുന്നു....ശ്രമിച്ചുകൊണ്ടെയിരിക്കുന്നു....എങ്കിലും അവന്റെ ആ സ്നേഹതിനോപ്പമെത്താന്‍ അവളുടെ സ്നേഹത്തിനു കഴിയുമോ?.


(ഇതില്‍  ചില നിഗൂഡതകള്‍ മറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ക്ഷമിക്കുക....  
എന്റെ ഒരു പ്രിയ സുഹൃത്ത്‌ അവന്റെ പ്രണയകാലത്ത്  അനുഭവിച്ച ഒരു അനുഭവം എന്നോട് പങ്കുവച്ചു, അതിന്റെ ഒരു ആവിഷ്കാരം  എന്റെ കണ്ണില്‍കൂടി നിങ്ങളോട് പറഞ്ഞെന്നെയോള്ളൂ..
കാരണം അതൊരു സത്യ-സുന്ദര പ്രണയമായിരുന്നു........ചിന്തിക്കു.......പ്രണയം അതൊരു..?????
നിങ്ങളുടെ ഉത്തരങ്ങള്‍ എന്നോട് പങ്കുവെക്കില്ലേ?......എല്ലാവര്‍ക്കും നന്മ മാത്രം നേരുന്നു.)

Monday, August 1, 2011

ഇളനീരും ഇറാനിയും

കാറിന്റെ എ.സിയില്‍നിന്നും പുറപ്പെടുന്ന കൃത്രിമ ഊഷ്മള കാറ്റിന്റെ അകമ്പടിയോടെ കാര്‍ കമ്പനി ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി...അലി ആണ് ഡ്രൈവര്‍...നമ്മള്‍ മിണ്ടാന്‍ തുടങ്ങിയാല്‍ പിന്നെ വണ്ടിനിര്‍ത്തി ഇറങ്ങിയോടിയാല്ലും അവന്‍ പുറകെ വന്നു വര്‍ത്തമാനം പറയും...അനുഭവം ഉണ്ടെ!അതുകൊണ്ട് വേലിയില്‍ കിടക്കുന്ന ആ പാമ്പിനെ തല്‍ക്കാലം തോളത്തിടെണ്ടെന്നു വച്ചു മസില്‍ പിടിച്ചിരുന്നു...എന്നും കണ്ടു മടുക്കാറുള്ള ആ  പുറം കാഴ്ചകള്‍ കാണാം...തമ്മില്‍ ഭേതം ഇത് തന്നെ!.. ഇരുവശത്തും ഫാക്ടറികള്‍ മാത്രം....ഒരു പച്ചപ്പ്‌ കാണണമെങ്കില്‍ വല്ല ഓഫീസിന്റെയും മുന്‍പിലേക്ക് നോക്കണം.അല്ലെങ്കിലും ഈ മരുഭൂമിയില്‍ എവിടാ പച്ചപ്പ്‌? ഉള്ള പച്ചപ്പിനു പച്ച നിറത്തിന്റെ ഒരു "പച്ച"മാത്രമെയോളൂ. നാട്ടിലെ ആ പച്ചപ്പുതന്നെ ആണ് പുലി....ഇപ്പോഴാണ്‌ അതിന്റെ സൌന്ദര്യം മസ്സിലാവുന്നത്...അല്ലെങ്കിലും ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരയില്‍ ആണല്ലോ പച്ച...ശരിക്കും ഇവിടെ വന്നു കഴിഞ്ഞാണ് ഓണവും, ക്രിസ്തുമസ്സും, പുതുവര്‍ഷവും തുടങ്ങി എല്ലാ വിശേഷങ്ങളും ആസ്വദിച്ചു ആഘോഷിക്കുന്നത്...അന്നെരമോര്‍ക്കും കേരളം വിട്ടുനില്‍ക്കുംപോഴാണ് നമ്മള്‍ ശരിക്കും മലയാളി ആകുന്നതെന്ന്...ഒരു പരിധി വരെ അത് ശരിയാണ്.

ആ സമയത്തൊക്കെ ഉള്ളിന്റെയുള്ളില്‍ നിന്നും ഒരു ആവേശം,ഒരു ദേശസ്നേഹം,"സംസ്കാര റിയാലിറ്റി ഷോ"(സാധാരണ മറ്റുള്ള ഇന്ത്യക്കാരില്‍നിന്നും വെത്യസ്തമായ "ആഘോഷ ശൈലി " ആണല്ലോ മലയാളികള്‍ക്ക്...നാട്ടിലെ പോലെ മദ്യം നിയമപരമായി വില്പന നടത്താന്‍ അനുവദിക്കുന്ന രാജ്യമായാലും അല്ലെങ്കിലും "മദ്യം ഇല്ലാതെ ഞങ്ങള്‍ക്ക് എന്താഘോഷം" എന്ന ആപ്തവാക്യത്തില്‍ ഉറച്ചുനിക്കുന്ന, ടാക്സിനത്തില്‍ സര്‍ക്കാരിനും- "സഹായികള്‍ക്കും" പണം കൊണ്ട് തുല്ലാഭാരം നടത്തുന്നവര്‍ ആണല്ലോ കേരളീയര്‍?) , തിരതല്ലിവരും....ട്വന്റി ട്വന്റി ക്രിക്കറ്റ് ഫൈനല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്നപ്പോള്‍ ഉണ്ടായ അത്രെയും ദേശസ്നേഹം,"മലയാളികള്‍ " എന്ന നിലയില്‍ പ്രവാസികള്‍ക്കും ഉണ്ടാവും.അപ്പോള്‍ പിന്നെ ആഘോഷത്തിനു നല്ല "മേളവും" ഉണ്ടാകും....
അലി അവനോടു മിണ്ടാത്തതിലുള്ള ദേഷ്യം പ്രകടിപ്പിച്ചതാണോന്ന് അറിയില്ല, പെട്ടന്ന് ബ്രേക്ക് പിടിക്കാതെ വളവുതിരിച്ചപ്പോള്‍ ഞാന്‍ പരിസരബോധം വീണ്ടെടുത്തു...."താങ്ക്സ് അലി...നീ ഇപ്പോള്‍ എന്നെ ഉണര്‍ത്തിയതുകൊണ്ട് മൊബൈല്‍ സൈലെന്റില്‍ കിടന്നു വൈബ്രേറ്റ്‌ ചെയ്തതറിയാന്‍ പറ്റി" അവനു മനസ്സില്‍ മാത്രം നന്ദി പറഞ്ഞു..കാരണം നേരത്തെ പറഞ്ഞ ആ "വേലിയിലെ പാമ്പേ!"..... ഞാന്‍ മൊബൈല്‍ എടുത്തുനോക്കി...."ഓഹ്  മിസ്‌ കാള്‍ ആയി....നാട്ടില്‍നിന്നും അനീഷ്‌ ആണ്...തിരിച്ചു വിളിച്ചു. 
"മച്ചാ പറയെടാ..എന്തുണ്ട് വിശേഷം?" തല്‍ക്കാലത്തേക്ക് അലിയുടെ അടുത്തുള്ള മസ്സിലുപിടുത്തം അറിയാതെ അയഞ്ഞുപോയി.
ഒന്നുമില്ലെടാ...ഇപ്പോള്‍ നല്ല മഴയാ..ഞാന്‍ നമ്മുടെ
"ആര്‍. ഡബ്ലിയു .ടി .എസ് കലുങ്കില്‍"(റോഡ്‌ വുമണ്‍ ട്രാവലെഴ്സ് സെന്‍സസ് കലുങ്കില്‍) കുടയും പിടിച്ചിരിക്കുവാ...അപ്പോള്‍ നിന്നെക്കുറിച്ച് ഓര്‍ത്തു..."
ദുഷ്ടന്‍ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ വീണു പുകഞ്ഞു തുടങ്ങിയ സമയത്തുതന്നെ അവനു ഇത് വിളിച്ചു പറയാന്‍ തോന്നിയല്ലോ?"ഓഹ്...കോളേജ് വിട്ടുപോകുന്ന പെണ്‍പിള്ളാരുടെ വായില്‍നോക്കിയിരിക്കുന്ന കലുങ്കെന്നു പറഞ്ഞാല്‍ പോരെ?ഹും " ചില പെണ്ണുങ്ങള്‍ക്ക്‌ അയല്‍പക്കത്തുള്ള പെണ്ണുങ്ങളോട് തോന്നുന്ന അതേ കുശുമ്പ് എനിക്കും അവനോടു മനസ്സില്‍ തോന്നി. അല്ല പിന്നെയെങ്ങല്ലെ തോന്നാതിരിക്കും?മോങ്ങാന്‍ ഇരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ അവസ്ഥയിലായി ഞാന്‍."അയ്യോ ടാ അളിയാ..കമ്പനിയില്‍ നിന്നും വിളിക്കുനുണ്ട്...ഞാന്‍ വൈകിട്ട് വിളിക്കാം...എല്ലാരേയും അന്വേഷണം അറിയിക്കണെ? മഴ നനയാതെ ശ്രെദ്ധിക്കണെ?
പനിപിടിക്കതെ നോക്കണെ?....ഓക്കേ..ബൈ ടാ"...മനസ്സിലുള്ളത് (ദൈവമെ ! ഇവന് രണ്ടു ദിവസത്തേക്ക് നല്ല പനി കൊടുക്കണെ!)പുറത്തുകാണിക്കാതെ ഞാന്‍ ഒന്ന് സുഖിപ്പിച്ച് ഫോണ്‍ വച്ചു..കാരണം അവന്‍ ഇപ്പോഴും ആ കലുങ്കില്‍ സ്ഥിരം  ഇരിക്കുനുണ്ട്.....ചിലപ്പോള്‍...നാളെ എന്നെ "ആ സെന്‍സസില്‍ പെട്ട  ആരെങ്കിലും" തിരക്കിയാല്‍ എന്റെ നമ്പര്‍ കൊടുക്കാനുള്ള മനസ്സ് അവനു ഉണ്ടാകേണ്ടതാണേ!!.
ഒരു നെടുവീര്‍പ്പോടുകൂടി ഞാന്‍ നിവര്‍ന്നു പുറകോട്ടുച്ചാരി ഇരുന്നു മെല്ലെ കണ്ണുകളടച്ചു.
 അല്ലെങ്കിലും മറ്റുള്ളവരെ പെട്ടന്ന് പൊട്ട് കളിപ്പിക്കാന്‍ നമുക്ക്-ചില മലയാളികള്‍ക്ക് - പ്രത്യക കഴിവാണല്ലോ?.അതുപറഞ്ഞപ്പോഴാ ഒരു സംഭവം ഓര്‍മ്മവന്നത്.കുറച്ചുനാള്‍ മുന്‍പ് ‍ഞാനും എന്റെകൂടെയുള്ള  ഒരു പത്തുപന്ത്രണ്ടു പേരും കൂടി പ്രശസ്തമായ ഒരു ജപ്പാന്‍ കമ്പനിയുടെ ഓഫീസില്‍ സേഫ്റ്റി ഇന്‍ടക്ഷന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പോയി അവിടെ വാതിലില്‍ സേഫ്റ്റി ഷൂ ഇട്ടുകൊണ്ട്‌ അകത്തുകയറരുത് എന്നുള്ള ഒരു ബോര്‍ഡ് കണ്ടു..ഞാന്‍ അകത്തു പോയി ക്ലാസിന്റെ കാര്യങ്ങള്‍ അന്വഷിച്ച് തിരികെ വന്നു, ആദ്യം നിന്ന ഒരു ഇന്ത്യക്കാരന്‍, മലയാളി അല്ല കേട്ടോ?പുതിയ ആളാണ്...അതിനെ ഒരു പരിഭ്രമവും ആ മുഖത്ത് വായിച്ചെടുക്കാം. അവനോടു ഷൂ ഊരി അകത്തു കയറിവരാന്‍ പറഞ്ഞു..എന്നിട്ട് ഞാന്‍ അകത്തു കയറി...ചെറിയ ഒരു മുറി കടന്നു വേണം വിശാലമായ ഓഫീസില്‍ എത്താന്‍...ആ മുറിയില്‍ ഒരു ഫിംഗ്കര്‍ പഞ്ച് മെഷിന്‍ ചുമരില്‍ ഘടിപ്പിച്ചിട്ടുണ്ട്..അത് എന്റെ കമ്പനിയിലുള്ളതിലും വെത്യസ്തമായിരുന്നു...ഞാന്‍ അത് നോക്കി നിന്നപ്പോള്‍ ഞാന്‍ മുന്‍പ് പറഞ്ഞ ആ കഥാപാത്രം ഷൂ ഊരി കയറിവന്നു..."എന്തുപറ്റി സര്‍? ".
പെട്ടന്ന് ഒരു ലഡ്ഡു എന്റെയും മനസ്സില്‍ പൊട്ടി...ഞാന്‍ പറഞ്ഞു "ഇത് ഇവിടുത്തെ ഒരു മെഷിന്‍ ആണ്...അകത്തു കയറുന്നതിനു മുന്‍പ് ഇതിന്റെ മുന്‍പില്‍ നമ്മളുടെ ചിരിച്ചു നില്‍ക്കുന്ന മുഖം കാണിക്കണം....അതപ്പോള്‍ അകത്തു ഫോട്ടോ ആകും...എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് നമ്മള്‍ക്ക് വിശ്വാസമുള്ള ദൈവത്തെ വിളിക്കണം, ജപ്പാന്‍കാരുടെ ഓരോ അചാരങ്ങളെ!".ഇതുപറഞ്ഞു ചിരിക്കാതിരിക്കാന്‍ ഞാന്‍ പെട്ടന്ന് മുഖം തിരിച്ചു...
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ മുന്‍പില്‍ നിന്ന് അവന്‍ ലാവിഷായി ചിരിക്കുന്നു...ആ ചിരി അകത്തുള്ളവര്‍ കണ്ടിരുന്നെങ്കില്‍ ഹോ...അവനെയും ജപ്പാനില്‍ കൊണ്ടുപോയെനെ.
എന്നിട്ട് ആശാന്‍ ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി.."ജയ് റാം "എന്ന് തെല്ലു ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു.എനിക്ക് ഒരേ സമയം ചിരിയും,സങ്കടവും വന്നു.ആരും കണ്ടില്ല ആശ്വാസം, ഞാന്‍ അവന്റെ തോള്ളില്‍ കൈയിട്ടു "മതി പോകാം" എന്ന് പറഞ്ഞു അകത്തേക്ക് കൊണ്ട് പോയി..അവനോടു ഈ നിമിഷം വരെ ഞാന്‍ ആ സത്യം പറഞ്ഞിട്ടില്ല..പറഞ്ഞാല്‍ പിന്നുള്ള കാര്യം നിങ്ങള്‍ക്ക് കേള്‍ക്കാനും എനിക്ക് പറയാനും വിഷമം ഉള്ളതാവും...ചുമ്മാ ആരെയും വേദനിപ്പിക്കാത്ത ഒരു തമാശ..ഇപ്പോള്‍ എനിക്ക് അവനോടു ഭയങ്കര സ്നേഹമാണ്...ഒരു പാവം.
കാറ്‌ വീണ്ടും അംബരച്ചുമ്പികളായ കെട്ടിടങ്ങളെ കടന്നു മുന്‍പോട്ടു കുതിച്ചു...ചെറിയ പച്ചപ്പ്‌  പ്രകടമാക്കി തെരോവോരങ്ങള്‍ കാരുണ്യം കാണിച്ചുതുടങ്ങി,കണ്ണിനു കുറച്ചു കുളിര്‍മ അനുഭവപെട്ടു....ഞാന്‍ അത് ആസ്വദിച്ചതുകൊണ്ടാവാം പ്രകൃതി അതിന്റെ മനോഹര സൌന്ദര്യം വര്‍ഷിച്ചു തുടങ്ങിയോ!!!...?മഴ ചാറാന്‍ തുടങ്ങി...തെരുവോരം കല്പ്പവൃക്ഷങ്ങള്‍ കൊണ്ട് നിറഞ്ഞു...നിരനിരയായി...അതെങ്ങനെ മഴത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു കുളിച്ചുരസിക്കുന്നു...മഴാനനയാന്‍ കൊതിയാകുന്നു...പക്ഷെ ഡ്രസ്സ്‌ നനയിക്കാന്‍ പറ്റില്ല,മാത്രമല്ല ഇപ്പോഴത്തെ മഴയുടെ കളറും, പാര്‍ശ്വഫലങ്ങളും നമ്മുക്ക് പ്രവചിക്കാന്‍ പറ്റില്ലല്ലോ?ചിലപ്പോള്‍ പണികിട്ടും.....മഴയുടെ ശക്തിക്കൂടുവാണ്...."തുള്ളിക്കൊരുകുടം"...എന്താ ശരിയല്ലെ?
ആ...അതുപോലുള്ള  മഴ...വണ്ടിയുടെ വേഗത കുറച്ചു...ഒരു വശത്ത് ഇപ്പോള്‍ കാണുന്നത് വല്ലിയ ഒരു നദിയാണ്....കൊതുമ്പുവള്ളത്തില്‍ തലയില്‍ പാളകുടയുംവച്ചു രണ്ടു മൂന്നു ആളുകള്‍ വേഗത്തില്‍ തുഴഞ്ഞു പോകുന്നു...തന്നില്‍ അലിയുന്ന ഓരോ മഴ തുള്ളികളെയും  ആവേശത്തോടുകൂടിയാണ് നദി വരവേല്‍ക്കുന്നത്...അവിടെ ആരും അറിയതുള്ള ഒരു പ്രണയം ഉണ്ടോ?..."മഞ്ഞപിത്തം ബാധിച്ചവന്‍ കാണുന്നത് എല്ലാം മഞ്ഞിച്ചിരിക്കും" എന്നുപറയുന്നത് പോലെ ആണോ ഇക്കാര്യവും?...ആവൊ...വിട്ടുകള..
കുറച്ചു ഭാഗം കഴിഞ്ഞപ്പോള്‍ കാറിന്റെ മറ്റെ വശത്ത് പച്ചപിടിച്ചു കിടക്കുന്ന "നെല്‍ ഇല്ലാ" പാടങ്ങള്‍....നാട്ടിന്‍പുറത്തിന്റെ ആ വശ്യ സൌന്ദര്യം നിര്‍ഗമിക്കുന്ന ആ ഒളിയുറവ ഇതാണോ?..മഴയുടെ ആ ശക്തി തെല്ലു കുറഞ്ഞു...നനഞ്ഞു കുളിച്ച ഈ ഗ്രാമഭംഗി ശരിക്കും ഒരിക്കലും മറക്കാന്‍ പറ്റില്ല...ശ്വസിക്കുന്ന വായുവിനുപോലും ഒരു നൈര്‍മല്ല്യത....കാറിന്റെ വേഗത കുറച്ച് കൂടിയിട്ടുണ്ട്...വേഗം അങ്ങ് ചെല്ലേണ്ടതല്ലെ?വണ്ടി കയറ്റം കയറികൊണ്ടിരിക്കുന്നു....മഞ്ഞു മൂടിയ മലനിരകള്‍...യാത്ര കുറച്ച് അപകടം പിടിച്ചതാണ്....കൊടും കൊക്കകള്‍ വശങ്ങളില്‍ പതുങ്ങിയിരുപ്പുണ്ട്..എന്നാലെന്താ? തലയുയര്‍ത്തി നില്‍ക്കുന്ന ആ മലനിരകളെ അടുത്തറിയാന്‍....പല വശങ്ങളിലൂടെ കണ്ടു ആസ്വദിക്കാന്‍ എന്താ രസം....എല്ലാ കാമുകന്മാരും അവരുടെ കാമുകിയുമൊത്ത് കൈപിടിച്ച് നടക്കാന്‍ കൊതിക്കും ഈ വശ്യ സൌന്ദര്യം കണ്ടാല്‍....ഇനി ഇതുകണ്ടിട്ടു ഏതെങ്കിലും ഓണക്ക കാമുകന്  അങ്ങന്നെ തോന്നുനില്ലെങ്കില്‍ അവരോട് - "പോയി വല്ല പണിയും നോക്ക് മച്ചു...ഭാവനയില്ലാത്ത പ്രണയം പിക് അപ്പ്‌ വാന്‍ ഇല്ലാത്ത ഗള്‍ഫ് പോലെയാണ് " എന്നുള്ള അമൂല്യ പ്രണയവാക്യം (പ്രണയനാട്യം:പതിനാറാം അദ്ധ്യായം പതിനാറാം വാക്യം)മറക്കരുത്.
എല്ലാരും പറയാറുള്ള ആ "ചന്ദന മരങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റിന്റെ സൌരഭ്യം"കിട്ടുമോന്നറിയാന്‍ ഞാന്‍ ശ്വാസം വലിച്ചെടുത്തു.....ഒന്നൂടെ നോക്കി..ഓ...ഇല്ലാ...ഒരുമണവും ഇല്ല...പക്ഷെ നല്ല ശുദ്ധമായ നനുത്ത കാറ്റ് . 
റോഡരികില്‍ ഇളനീര് വില്‍ക്കുന്നവരെ കണ്ടുതുടങ്ങി...രണ്ടെണ്ണം മേടിക്കാം..ഇവനും കൊടുക്കാം ...ഇവനും അറിയട്ടെ നമ്മുടെ നാടിന്റെ രുചികളില്‍ ഒന്ന്.ദൈവമെ!മനസ്സില്‍ വിചാരിച്ചതെ ഒള്ളു അലി വണ്ടി ഒരു ഇളനീര് കടയുടെ മുന്‍പില്‍ ഒതുക്കി നിര്‍ത്തി.
" ഭായ്"
ഓഹോ..ഇപ്പോള്‍ ഇളനീര് കച്ചവടം ചെയ്യാനും അന്യ  സംസ്ഥാനക്കാര്‍ വന്നുതുടങ്ങിയോ?നമ്മുടെ നാടിന്റെ ഒരു പോക്കെ...!!!!
ഇവനോട് ഇനി ഇളനീരിനു എന്തുപറയും...അത്രയ്ക്ക് ഹിന്ദി അറിയമായിരുനെങ്കില്‍ ഞാന്‍ ആരായേന്നെ....
ഒരു നിമിഷം ആലോചിച്ചു, പെട്ടന്ന് മനസ്സില്‍ ഓടി എത്തിയത് "സന്ദേശം" എന്ന സിനിമയിലെ ഇന്നസെന്റും, മമ്മൂക്കോയയും ആണ്..അതില്‍ പറയുന്നത് "നാരിയല്‍ കാ പാനി" എന്നാണല്ലോ?അത് കരിക്കിന്‍ വെള്ളത്തിനല്ലെ?അപ്പോള്‍ കരിക്കിനോ? ഒരു പിടുത്തവും കിട്ടിയില്ല...ഇവനറിയാമായിരിക്കും, ഒന്നുമിലെങ്കിലും ദിവസവും ഇത് ഇവിടെത്തന്നെ കച്ചവടം ചെയ്യുന്നവന്‍ അല്ലെ?രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു"ദോ ഇളനീര്‍ ".
"ജിജോ ഭായ് ക്യാ ഹുവാ"...ഇവനെന്റെ പേരറിയാമോ? ഞാന്‍ നേരെ ഇരുന്നു "ഹമ്മേ!! ഇതെവിടെ? മുന്‍പില്‍ ഓഫീസി കെട്ടിടങ്ങള്‍..മലയുമില്ല ഇളനീരും ഇല്ല...അപ്പോള്‍..ഭായി എന്ന് വിളിച്ചത് അലിയാണോ????
ഞാന്‍ വണ്ടിയില്‍ നിന്ന് ഉറങ്ങുവായിരുനെന്നുള്ള സത്യം തലയിലെത്താന്‍ ഇത്തിരി സമയം പിടിച്ചു..
"ക്യാ,ക്യാ ബോല...ഇറാനീ.. " അലി വിടുന്ന ലക്ഷണം ഇല്ല.
"യെസ് ഇറാനി.....ദോ ഇറാനി...തും നഹി ദേഖ?അബി ഊപ്പര്‍, ഓഫിസ് മേ ഗയാ" ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു വേഗം വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി..." ഹോ വല്ല മലയാളികളും ആയിരുനെങ്കില്‍ ചമ്മി പോയേനെ"...ഞാന്‍  മനസ്സില്‍ പറഞ്ഞതിനിത്തിരി ശബ്ദം കൂടിപോയി.."എന്താടാ...എന്താ പറയുന്നത്"ഇത് മലയാളിയായ എന്റെ സഹപ്രവര്‍ത്തകന്റെ വക ചോദ്യം ആയിരുന്നു.
"എന്ത്....ഞാന്‍...ഞാന്‍ എന്തു പറഞ്ഞെന്നാ...നിനക്കൊരു പണിയുമില്ലേ...?ഒരുവിധത്തില്‍ അവിടെ നിന്നും തലയുരി.
അന്നേരം ഞാന്‍ ക്ലാസിനു കൊണ്ടുപോയ ആ "മലയാളിയല്ലാത്ത ഇന്ത്യക്കാരന്റെ മുഖം ഓര്‍മയില്‍ വന്നു...പാവം..."പോട്ടന്നെ ചെട്ടി കളിയാക്കിയാല്‍ ചെട്ടിക്കു ദൈവം പണിതരും..(ചെറിയ മാറ്റം വരുത്തിയത് ആ പഴഞ്ചോല്ല് കണ്ടു പിടിച്ച മഹാത്മാവ് ക്ഷമികുക..)
ഓഫീസില്‍ ഇരിക്കുമ്പോഴും ഞാന്‍ കണ്ട ആ സ്വപ്നത്തെ കുറിച്ചോര്‍ത്തു....മലയാളി എവിടെ എത്ര സുഖസൌകര്യങ്ങളില്‍ ആയാലും കേരളം എന്ന ആ കൊച്ചുസ്വര്‍ഗഗം ( ഭാര്യയെ വില്‍ക്കുന്ന ഭര്‍ത്തക്കന്മാരും, മകളുടെ ശരീരത്തിന് വിലപറയുന്ന അച്ഛന്മാരും, സഹോദരനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കുന്നവരും ഉള്‍പെടെ ഉള്ള ഹീന ജീവികള്‍ തല്ക്കാലം ഒന്ന് മാറിനില്‍ക്കണെ.....ഞാന്‍ ഒന്നുകൂടി എന്റെ നാടിനെ "ദൈവത്തിന്റെ സ്വന്തം നാടെന്നു" വിശേഷിപ്പിച്ചോട്ടെ!!) അവന്റെ കണ്ണിനും മനസ്സിനും പുറമെ കാണിക്കാത്ത ഒരു സ്വകാര്യ അഹങ്കാരമാണ്.... എന്തായാലും കാശുമുടക്കാതെ നാട്ടില്‍ കറങ്ങാന്‍ പോയ ഒരു സന്തോഷം...ഹോ...എന്നെ സമ്മതിക്കണം,എന്ന് വിചാരിച്ചു ഒന്ന് നെടുവീര്‍പ്പിടാന്‍ ഒരുങ്ങിയപ്പോള്‍ അലി കയറിവന്നു...ദൈവമെ!! കളിയാക്കാന്‍ ആണോ?"ഭായ് അപ്ക്കാ ബാഗ്‌ ..".
"താങ്ക്സ് അലി..." ഞാന്‍ അവന്റെ കണ്ണുകളില്‍ സൂക്ഷിച്ചൊന്നു നോക്കി..കളിയാക്കുനുണ്ടോ?...ഇല്ല അവനൊന്നും അറിഞ്ഞിട്ടില്ല..ആശ്വാസമായി.
 "അടുത്തിടയായി സ്വപ്നം കാണല്‍ ഇത്തിരി കൂടിയിട്ടുണ്ട്..എന്തായാലും ഒന്ന് സൂക്ഷിച്ചോ"മനസ്സിന്റെ ഉള്ളില്‍നിന്നും എന്റെ തന്നെ വക ഒരു ഭീഷണി.   
സൂക്ഷിച്ചാല്‍ ദു:ഖികേണ്ട.....

Saturday, July 30, 2011

ഒരു പ്രവാസിയുടെ കഥ

രാജിമോളുടെ കല്യാണം ആണ് അടുത്ത ആഴ്ച...അവള്‍ക്കു ഞാന്‍ ചെല്ലുമ്പോള്‍ സന്തോഷമാകും.രണ്ടാമത്തെ മോള്‍ മീനുമോള്‍ടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല...സ്വരൂപിച്ചു വച്ചിരുന്ന പണം തികയാതെ വന്നപ്പോള്‍ ടിക്കറ്റിനു വച്ചിരുന്ന കാശും ചിലവാക്കെണ്ടിവന്നു.കടം മേടിക്കാമെന്ന് വച്ചാല്‍ മൂത്തമകള്‍ അശ്വതിയുടെ കല്യാണത്തിനുവേണ്ടി മേടിച്ച കടം  അന്ന് കൊടുത്തു തീര്‍ന്നിരുന്നതുമില്ല...അങ്ങന്നെ മീനുവിന്റെ കല്യാണം കൂടാന്‍ പറ്റിയില്ല...അവള്‍ക്കു ഭയങ്കര വിഷമം ആയിരുന്നു...ഞാന്‍ അന്ന് ജോലിക്ക് പോയില്ല...ഇവിടിരുന്നു ഇശ്വരനോട് മനസ്സുപോട്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു...എന്നാലും സാരമില്ല...എല്ലാം ഭംഗിയായി നടന്നു....അതിനോക്കെവേണ്ടി ആണല്ലോ കഴിഞ്ഞ പത്തിരുപത്തിമൂന്നു വര്‍ഷമായി ഇവിടെ ഈ മരുഭൂമിയില്‍ കിടന്നു കഷ്ട്ടപ്പെട്ടത്‌...മൂത്തമോള്‍ക്ക് മൂന്നു വയസ്സായപ്പോള്‍ രണ്ടുവര്‍ഷം ഗള്‍ഫില്‍ പോയിന്നിന്നുവരാം എന്നകണക്കുക്കുട്ടലില്‍ വിമാനം കയറിയതാണ്...പിന്നീടു ഓരോരോ കാരണങ്ങള്‍ മൂലം ആ രണ്ടുവര്‍ഷം എന്നുള്ളത് ഇപ്പോള്‍ ഇരുപത്തിമൂന്ന് വര്‍ഷത്തോളമായി....ഇതിനിടയില്‍ രണ്ടുവര്‍ഷം കൂടി കിട്ടുന്ന അറുപതോ എണ്‍പതോ ദിവസത്തെ അവിധി.....അതിനിടക്ക് മൂന്ന് പെണ്‍കുട്ടികളെ ദൈവം തന്നു...അപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടി..ആദ്യത്തെ തവണകളില്‍ കൃത്യം രണ്ടുവര്‍ഷം ആകുമ്പോള്‍ അവധിക്കു പോകുമായിരുന്നു....പിന്നീടു അത് മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ ആയി..ചുരുക്കിപറഞ്ഞാല്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ ആണ് കുടുംബത്തോടൊപ്പം കഴിഞ്ഞ ഇരുപത്തി മൂന്നു വര്‍ഷമായി കഴിഞ്ഞത്....ഇപ്പോള്‍ വയസ്സ് അന്‍പത്തൊന്നു ആയി...നല്ലപ്രായം മുഴുവന്‍ ഒറ്റയ്ക്ക് ഇവിടെ കഴിഞ്ഞു....പ്രധാന ലക്‌ഷ്യം മക്കളുടെ കല്യാണം ആയിരുന്നു...ഇപ്പോള്‍ എല്ലാം കഴിഞ്ഞു സമാധാനമായി...ജോലി രാജിവച്ചു...കിട്ടിയ കാശു കുറച്ചു കൈയില്‍ വച്ച്,ബാക്കി മുഴുവന്‍ നാട്ടിലേക്ക് അയച്ചു...അവിടെ ഒരുപാട് ആവശ്യങ്ങള്‍ ഉള്ളതല്ലെ?....കൈയില്‍ ഉള്ള ബാക്കി കാശിനു രാജിമോള്‍ക്ക് കുറച്ചു തുണി എടുത്തു...ഇരിക്കട്ടെന്റെ വക കല്യാണ സമ്മാനം..പിന്നെ പേരക്കുട്ടികള്‍ക്കും കുറച്ചു കളിപ്പാട്ടങ്ങളും,ഭാര്യക്കും മറ്റും കുറച്ചു തുണികളും, പിന്നെ പ്രവാസിയുടെ സ്ഥിരം കുറച്ചു സാധനങ്ങളും....എല്ലാ ഭദ്രമായി കഴിഞ്ഞ ആഴ്ച പാഴ്സ്സല്‍ അയച്ചു....വായിക്കുന്ന ശീലം ഉള്ളതുകൊണ്ട് കുറച്ചു ബുക്കുകള്‍ ഉണ്ടായിരുന്നത് റൂമില്‍ എല്ലാര്‍ക്കുമായി കൊടുത്തു...ഭാരം കൂടുതലാണ് ....ബാക്കിയുള്ളത് പായ്ക്ക് ചെയ്തുവച്ചു....ഈ ഒറ്റപെടിലില്‍ നിന്നും മരുഭൂമിയില്‍ നിന്നും നാളെ മടക്കയാത്ര ആണ്..ഇനി നാട്ടില്‍ ഭാര്യയോടും മക്കളോടും പെരക്കുട്ടികലോടും ഒത്തു സന്തോഷമായിട്ട് ജീവിക്കണം..ഓഹ്...ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിന് എന്തൊരാശ്വാസം, 
ഒരു കുളിര്‍മ...
"എന്താ വാസുവേട്ടാ ഒന്നും കഴിക്കുനില്ലെ?രാവിലെ കാപ്പിപോലും കഴിക്കാതെ കിടന്നുള്ള സ്വപ്നം കാണല്‍ ആണല്ലോ?"റൂമില്‍ താമസിക്കുന്ന ഷാജി ചോദിച്ചു.
"ഓഹ്...ഞാന്‍ ചുമ്മാ ഓരോന്നോര്‍ത്തു കിടന്നതാ ഷാജി...നാട്ടില്‍ ചെല്ലാന്‍ അങ്ങ് വല്ലാത്ത ആഗ്രഹം...അവധിക്കുള്ള പോക്ക് ഒരു സ്വപ്നം പോലെ അല്ലെ....ദിവസങ്ങള്‍ പോകുന്നത് അറിയില്ല...തിരിച്ചു വരുന്ന ദിവസം ഉള്ളിലുള്ള വേദന പുറത്തു കാണിക്കാതെ നെഞ്ച് പൊട്ടിയാണ് വിമാനം കയറുന്നത്...നമ്മള്‍ തകര്‍ന്നാല്‍ വീട്ടുകാര് കരയും പിന്നെ കരച്ചിലും മറ്റും...ഇനി ഇപ്പോള്‍ തിരിച്ചുവരവിന്റെ വേദന വേദന അനുഭവിക്കണ്ടല്ലോ? ഇനി മക്കളും പേരക്കുട്ടികളും  ഒത്തു അങ്ങന്നെ...ആഹ്...പിന്നയും ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍ ബാക്കി...എന്ത് വിഷമങ്ങളിലും കൂടെയുണ്ടായിരുന്ന നിങ്ങളെയും, കമ്പനിയെയും വിട്ടുപിരിയുന്നത് ഓര്‍ക്കുമ്പോള്‍...എവിടെയോ ഒരു പിടച്ചില്‍...ഇനി എന്നാ നിങ്ങളെയൊക്കെ?പത്തിരുപത്തിനാല് വര്‍ഷമായില്ലെ?...." അതുപറയുമ്പോള്‍ വാസുവേട്ടന്റെ ശബ്ദം ഇടറുന്നത് ഷാജി ശ്രെദ്ധിച്ചു.
"ഏയ്....എന്തായിത്..ഞങ്ങള്‍ക്കും വിഷമമുണ്ട്..ഞാനൊക്കെ എന്റെ സ്വന്തം ചേട്ടനെ പോലെ കണ്ടതാ വാസുവേട്ടനെ...കുടുംബത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ള വിഷമം മറക്കുന്നത് വസുവേട്ടനോടും, റൂമില്‍ ഉള്ളവരോടും വര്‍ത്തമാനം പറഞ്ഞിരിക്കുംപോഴാ..നാലഞ്ചു വര്‍ഷമായി ഞാനും ഈ കുടുംബത്തിലെ ഒരു അംഗം അല്ലെ....? നമ്മുക്ക് ഇതൊക്കെ നമ്മുടെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതല്ലെ?എല്ലാ അവധിക്കും നാട്ടില്‍ വരുമ്പോള്‍ ഞാന്‍ വാസുവേട്ടനെ വീട്ടില്‍ വന്നു കണ്ടോളാം..പോരെ ?എഴുന്നേറ്റു  വല്ലതും കഴിക്ക് "....
"ഇല്ല ഷാജി വേണ്ട എനിക്ക് തീരെ വിശപ്പില്ല...പിന്നെ കഴിക്കാം"ഞാന്‍ ഒന്ന് കിടക്കട്ടെ.." 
"ഷാജിയെട്ടാ...."പുത്തുനിന്നും ആരോ വിളിച്ചു.
ദാ വരുന്നു..ഷാജി കതകുതുറന്നു..."ആഹ് സലിം നീയോ, എന്താടാ? എന്താ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്? സുഖമില്ലേ?
അല്ല..അതുപിന്നെ...ഷാജിയെട്ടാ.."സലിം എന്തോ പറയാന്‍ വല്ലാതെ വിഷമിച്ചു..
എന്താടാ എന്തുപറ്റി?എന്താണെങ്കിലും പറയെടാ..
"അത് ഷാജിയെട്ടാ, വീട്ടില്‍ നിന്നും ഇപ്പോള്‍ ഷാഫിന വിളിച്ചു...കുഞ്ഞിന്നു നല്ല സുഖമില്ല..അന്നത്തെ ആ ശ്വാസം മുട്ടല്‍ വീണ്ടും വന്നപ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി..ചെക്കപ് കഴിഞ്ഞപ്പോള്‍ ഹൃദയത്തിന്റെ വാല്‍വ് ചുരുങ്ങുന്നതാ..ഉടനെ സര്‍ജറി വേണമെന്നാ ഡോക്ട്ടര്‍ പറഞ്ഞത്...ഉടനെ ഒന്നരലക്ഷം റുപ്പിക വേണമത്രേ....ഞാന്‍ ഇപ്പോള്‍ എവിടെനിന്ന ഇത്രയും..കടം മേടിച്ചും കൈയില്‍ ഉണ്ടായിരുന്നതും എല്ലംക്കൂടി ഒരുലക്ഷത്തിപതിനായിരം ഒപ്പിച്ചു...ഇനി എന്തുവേണമെന്നെനിക്കു അറിയില്ല...എന്റെ കുഞ്ഞ്..അവനു..."സലിം കരച്ചിലിന്റെ വക്കിലെത്തി.
"അയ്യേ...എന്താടാ ഇത്...കൊച്ചുകുട്ടികളെ പോലെ...ഷാജി അവന്റെ തോളില്‍ തട്ടി..."നമ്മുക്ക് വേണ്ടത് ചെയ്യാം...എനിക്ക് നിന്നെ സഹായിക്കണം എന്നുണ്ട്...പക്ഷെ......"ഷാജി എന്തോ പറയാന്‍ വന്നത് പെട്ടന്ന് നിര്‍ത്തി.
"എനിക്കറിയാം ഷാജിയെട്ടാ, പിന്നെ വീട്ടില്‍ നിന്നും വിളിച്ചോ? അച്ഛനിപ്പോള്‍ എങ്ങനുണ്ട്? ഇപ്പോള്‍ ഷാജിയേട്ടന് പണത്തിന്റെ ആവശ്യം ഒരുപാടുണ്ടെന്നു എനിക്കറിയാം..ഈ അവസ്ഥയില്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്....പൈസ ഞാന്‍ ഒപ്പിച്ചോളാം..അതിനു വേണ്ടി അല്ല ഞാന്‍ വന്നത്....പെട്ടന്ന് മനസ്സിന് ഒരു വിഷമം വന്നപ്പോള്‍ ഒന്ന് പറയാന്‍ ഓടിവന്നതാ...അത് പതിവുള്ളതല്ലെ?സലിം പറഞ്ഞു.
"ഹാ...അതുസരമില്ല.... വീട്ടില്‍ നിന്നും രാവിലെയും വിളിച്ചു...ഒരു മാറ്റവും ഇല്ലന്നാണ് പറഞ്ഞത്...ഒരുപാട് കഷ്ടപെട്ടാ അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്‌...അമ്മയില്ലത്താത്തതിന്റെ കുറവ് ഞങ്ങളെ അറിയിച്ചിട്ടില്ല ഇതുവരെ..അമ്മയും അച്ഛനും എല്ലാം അച്ഛന്‍തന്നെ ആയിരുന്നു...പെങ്ങളെ കെട്ടിച്ചുവിട്ടതും അച്ഛനാ....ഞാന്‍ പണത്തിന്റെ കാര്യം ഒന്നും അറിഞ്ഞിരുനില്ല.ഒരുപാട് സ്‌നേഹം വാരിക്കോരി തന്നു..പക്ഷെ ഇപ്പോള്‍.....എന്നെ കാണണമെന്ന് ഇന്നലെയും കൂടി പറഞ്ഞത്രെ..." ഷാജിയുടെ തൊണ്ടയിടറി.
ഞാന്‍ എന്തായാലും നാട്ടില്‍ പോകാന്‍ ലീവിന് ആപ്ലികേഷന്‍ കൊടുത്തു....നാളെയോ മറ്റേനാളോ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞിട്ടുണ്ട്...എല്ലാം കടമാ...അവധി കഴിഞ്ഞു വന്നിട്ട് ഒരുമാസം അല്ലെ ആയോള്ളൂ?എന്നാലും സാരമില്ല...പോകണം...അച്ഛന്റെ കൂടെ ഒന്ന് അടുത്തിരികണം..ചിലപ്പോള്‍ എന്നെ കണ്ടാല്‍ അച്ഛന്റെ അസുഖം മാറുംമായിരിക്കും ..അല്ലെടാ...?"ഒരു നിശ്വാസത്തിന്റെ അകമ്പടിയോടെ ഷാജി പറഞ്ഞു.
 "നീ എന്തായാലും നിലക്ക് ,ഞാന്‍ ഒന്ന് നോക്കട്ട്." ഷാജി മൊബൈല്‍ എടുത്തു ആരെയോ വിളിച്ചു.
"സുരേഷേ, ഇത് ഞാനാ...ഡാ പെട്ടന്ന് ഒരു അന്‍പതിനായിരം രൂപയുടെ ആവശ്യം ഉണ്ട്....അല്ല എനിക്കല്ല, എനിക്ക് വളരെ വേണ്ടപെട്ട ഒരാള്‍ക്കാ....നിനക്ക് അറിയില്ലെ നമ്മുടെ പിക്ക്അപ്പ്‌ ഓടിക്കുന്ന സലീമിനെ?...ഹാ...അവന്‍തന്നെ.....അവന്റെ കുഞ്ഞിന്റെ ആവശ്യത്തിനാ....ഇല്ല അതുപറഞ്ഞാല്‍ പറ്റില്ല..നീ എവിടെനിന്നെങ്കിലും ഒപ്പിച്ചുകൊടുക്കണം.....എനിക്ക് നല്ല വിശ്വാസം ഉണ്ട്...ശരി...ഹം....ഓക്കേ ...നീ അവന്നെ വിളിച്ചാല്‍ മതി...ബൈ."
"നിനക്ക് അറിയില്ലെ സുരേഷിനെ?അവന്‍ നിന്നെ വിളിക്കും.....വിഷമികേണ്ടടാ..ശരിയാകും." മൊബൈല്‍ വച്ചിട്ട് സലീമിനോടായി ഷാജി പറഞ്ഞു.
"ഷാജിയെട്ടാ ഇതിനൊക്കെ ഞാന്‍ എങ്ങനാ നന്ദി പറയേണ്ടത്?"സലിം കൈകൂപ്പി.
"ഒന്ന് പോടാ...നന്ദി...നീ അങ്ങന്നെ ഒരാളായിട്ടാണോ എന്നെ കണ്ടിരിക്കുന്നത്?എനിക്ക് എന്റെ സ്വന്തം അനിയന്നെ പോലല്ലെടാ?"ഷാജി അവന്റെ തോളില്‍ തട്ടി...പെട്ടന്ന് സലീമിന്റെ മൊബൈല്‍ റിംഗ് ചെയ്തു."ഓഹ്...കമ്പനിയില്‍ നിന്നാ" അവനതെടുത്ത് അറ്റന്‍ഡ് ചെയ്തു.
" റൂം മേ..ഹാ ജി...ഓക്കേ അബി ആയേഗ" കാള്‍ കട്ട് ചെയ്തു സലിം പറഞ്ഞു"ഷാജിയെട്ടാ അത്യാവശ്യമായി പുറത്തു പോകണം...അപ്പോള്‍ വൈകിട്ട് കാണാം..."
" ശരി.."ഷാജി തിരിഞ്ഞുടനെ പുറകില്‍ നിന്നും ഒരു വിളി.."ഹായ് ഫ്രെണ്ട്...ഹൌ ആര്‍ യു ?"
ഷാജി തിരിഞ്ഞു നോക്കി..ഇസ്സ ഹസ്സന്‍-കമ്പനിയുടെ എമിഗ്രേഷന്‍ വര്‍ക്കുകള്‍ ചെയുന്ന അറബി ആണ്.
"അം ഫൈന്‍ ഇസ്സ..യു?"
"മി റ്റൂ...താങ്ക്സ് ഫ്രണ്ട്... കിതര്‍ ആദ്മി വാസുദേവന്‍‌?...കല്‍ ചുട്ടി..ലാ...ആജ് പാസ്സ്പോര്‍ട്ട് ദിയേഗ..."അറിയാവുന്ന ഹിന്ദിയില്‍ ആ അറബി വന്നകാര്യം പറഞ്ഞൊപ്പിച്ചു.
ഷാജിക്ക് കാര്യം പെട്ടന്ന് പിടികിട്ടി..സാധാരണ എയര്‍പോര്‍ട്ടില്‍ പോകാന്‍ വണ്ടിയില്‍ കയറുമ്പോള്‍ ആണ് പാസ്സ്പോര്‍ട്ട് കൊടുക്കുന്നത്...നാളെ വെള്ളിയാഴ്ച ആയതുകൊണ്ട് ഇസ്സ വരില്ല..അതുകൊണ്ട് ഇപ്പോഴേ അവന്‍ ജോലി തീര്‍ത്തു വെക്കുവാണ്....
"അച്ഛാ..ആവൊ...വാസുദേവന്‍‌ സ്ലീപിംഗ്...ഹം ബുലായെഗ" ഇസ്സക്ക് മനസ്സിലാവുന്ന "അറബി-ഹിന്ദിയില്‍" ഷാജി മറുപടി പറഞ്ഞുകൊണ്ട് അവര്‍ ഇരുവരും മുറിയില്‍ കയറി.
"വാസ്സുവേട്ടാ ഇതുവരെ കഴിഞ്ഞില്ലെ?എഴുനേല്‍ക്കു പാസ്സ്പോര്‍ട്ട് കൊണ്ടുവന്നിട്ടുണ്ട്."ഷാജി വിളിച്ചു.
വാസ്സുവേട്ടന്‍ നല്ല ഉറക്കം ആണ്...മുഖത്ത് നല്ല ഒരു മാറ്റം..എന്തോ ഒരു ശാന്തത.
"വാസ്സുവേട്ടാ എഴുന്നേല്‍ക്ക്...മതി..ഈ പാസ്സ്പോര്‍ട്ട് മേടിക്കു..." ഇതെന്തു പറ്റി?ഷാജി വാസുവിന്റെ അടുത്തിരുന്നു...മെല്ലെ ദേഹത്ത് തൊട്ടു കുലുക്കി വിളിച്ചു...വാസു കണ്ണ് തുറന്നില്ല...
സംശയം തോന്നിയ ഇസ്സാ,വാസുവിന്റെ മൂക്കിന്റെ അടുത്ത് കൈവച്ചു നോക്കി, പെട്ടന്ന് ഷാജിയോട് പറഞ്ഞു " പക്കടോ ജെല്‍ധി...മുഷ്കില്‍...ഹോസ്പിറ്റല്‍ ജായേഗ".ഷാജി ഞെട്ടിപ്പോയി....എന്തുകുഴപ്പം..." ഫ്രെണ്ട് ജെല്‍ധി.."ഇസാ വീണ്ടും പറഞ്ഞു.
ഷാജി പെട്ടന്ന് വാസുവിനെ കോരിയെടുത്തു,ഇല്ല ഇപ്പോഴും കണ്ണ് തുറന്നില്ല....
ഇസാ വണ്ടി ശരിക്കും പറപ്പിക്കുവായിരുന്നു...വണ്ടിയില്‍ വച്ചും പലപോഴായി ഷാജി വാസുവിനെ ഉണര്‍ത്താന്‍ ശ്രെമിച്ചു...ഒരവസരത്തില്‍ ഷാജി കരച്ചിലിന്റെ വക്കോളം എത്തി...
 ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ വാസുവിനെ എത്തിച്ചു....ഇസ്സാ കൂടെ ഉള്ളത് കൊണ്ട് പെട്ടന്ന് തന്നെ അവര്‍ വാസുവിനെ പരിശോധനക്കായി കയറ്റി.
ഇസ്സാ ആരെയൊക്കെയോ ഫോണ്‍ വിളിച്ചു...അറബികളില്‍ നല്ലവരും ഉണ്ട്...ഷാജി ഓര്‍ത്തു...
എന്തുപറ്റി വാസുവേട്ടന്?നാളെ നാട്ടില്‍ പോകേണ്ടതാ...അപ്പോഴേ പറഞ്ഞതാ വല്ലതും കഴിച്ചിട്ട്‌ കിടക്കാന്‍...
അത്യാഹിത വിഭാഗത്തിന്റെ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തെത്തി...ഷാജിയെ ഒന്ന് നോക്കി..."മലയാളിയാണോ?"
"അതേ, ഡോക്ടര്‍ എങ്ങന്നെ ഉണ്ട് വാസുവേട്ടന്?"ഷാജി ഉദ്ദ്ഗേധം അടക്കാനാകാതെ ചോദിച്ചു.
"വാസുവിന്റെ ആരാന്നു താങ്കള്‍?" 
ഞാന്‍..ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്...എന്താ ഡോക്ടര്‍?
"സോറി...മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു...ഏകദേശം ഒരു മണിക്കൂര്‍ മുന്‍പുതന്നെ..."ഡോക്ടര്‍ അത് പറയുമ്പോള്‍ തന്നെ ഷാജി ഒരിക്കലും പ്രതീഷിക്കാത്ത ആ വാക്കുകള്‍ കേട്ട് മുഖം പൊട്ടി ഇരുന്നു....
കമ്പനിയില്‍ നിന്നും ജോണ്‍ തോമസ്‌ എത്തി..ഹ്യുമന്‍ റിസോഴ്സ്  ഒഫീസ്സര്‍ ആണ്.അതും മലയാളിയാണ്.
"ഷാജി..."ജോണ്‍ തോമസ്‌ വിളിച്ചു.ഷാജി പെട്ടന്ന് മുഖമുയര്‍ത്തി...കരഞ്ഞു കലങ്ങിയ കണ്ണുകളും, കരഞ്ഞു വീര്‍ത്ത മുഖവുമായി ഇരുന്ന ഷാജിയെ കണ്ടു ജോണ്‍ വിഷണ്ണനായി.
"സര്‍ നാളെ പോകേണ്ട ആളാ...ദാ ഇപ്പോഴേ പോയി..എല്ലാം പാക്ക് ചെയ്തുവച്ചിട്ടുണ്ട്... രാവിലെയും ഓരോന്നോര്‍ത്തു കിടന്നതാ..ഇളയമകളുടെ കല്യാണം, മക്കളോടും,പേരക്കുട്ടികളോടും കൂടി......"ഷാജിയുടെ സ്വരമിടറി"ദൈവത്തിനു എങ്ങനെ ഇത് തോന്നി..ഒരു രണ്ടു ദിവസം കൂടി ആയുസ്സ് കൊടുക്കാന്‍ ഉള്ള മനസ്സില്ലാതെ പോയല്ലോ?"ഷാജി പരിസരം മറന്നു പൊട്ടികരഞ്ഞു...
"ഷാജി എന്തായിത് കൊച്ചുകുട്ടികളെ പോലെ?"ജോണ്‍, ഷാജിയുടെ അരികത്തിരുന്നു ആശ്വസിപ്പിച്ചു...കുറച്ചുനേരം മൌനം പടര്‍ന്നു..
"ഷാജി ഞാന്‍ ഡോക്ടറിനെ കണ്ടിട്ട് വരാം.."ജോണ്‍ സാവധാനം എഴുന്നേറ്റു നടന്നു.
"മേ ഐ കമിംഗ് ഡോക്ടര്‍"
"യെസ്" ഡോക്ടര്‍ അകത്തുനിന്നും മറുപടിപറഞ്ഞു...
ജോണ്‍ ഡോക്ടറുടെ കണ്സല്ട്ടിംഗ് മുറിയിലേക്ക് കടന്നു.
ജോണ്‍ തിരികെ എത്തുമ്പോള്‍ ഷാജി മൊബൈലില്‍ ആരോടോ സംസാരിച്ചിട്ടു കാള്‍ കട്ട് ചെയ്തു പോക്കറ്റില്‍ ഇടുന്നത് കണ്ടു.
"സൈലന്റ് അറ്റാക്ക് ആയിരുന്നത്രേ....ഫോര്‍മാലിറ്റി കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞേ നാട്ടില്‍ കൊണ്ടുപോകാന്‍ പറ്റു...കൂടെ പോകാന്‍ ഒരാളെ അറേഞ്ച് ചെയ്യണം."ജോണ്‍ ഷാജിയുടെ പിന്നില്‍ ചെന്നുനിന്നു പറഞ്ഞു.
"ഞാന്‍ പോകാം സര്‍..."
"ഷാജിയോ, ഷാജിക്ക് നാളത്തേക്ക് ടിക്കറ്റ്‌ റെഡി ആയിട്ടുണ്ടല്ലോ? അച്ഛന് സുഖമില്ലന്നു പറഞ്ഞുള്ള എമര്‍ജന്‍സി ലീവ് ......പിന്നെങ്ങന്നെ?"സംശയത്തോടെ ജോണ്‍ ചോദിച്ചു.
"വേണ്ട സര്‍ എനിക്ക് ഇനി നാളെ പോകണമെന്നില്ല...വീട്ടില്‍നിന്നും ഇപ്പോള്‍ വിളിച്ചിരുന്നു...എന്റെ അച്ഛനും പോയി" ഇതുപറഞ്ഞു ഷാജി ജോണിനെ കെട്ടിപിടിച്ചു നിലവിളിച്ചു കരഞ്ഞു.
ജോണ്‍ സ്തബ്ധനായി നിന്നുപോയി.
"എന്റെ അച്ഛനും, ഞാന്‍ ചേട്ടനെ പോലെ സ്നേഹിച്ച എന്റെ വാസുവേട്ടനും....അച്ഛന് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു..പക്ഷെ.......ഷാജിപിന്നെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു.
ജോണ്‍ ഒന്നും കേട്ടില്ല..ആരും കാണാതെ കണ്ണുതുടച്ച്‌ അങ്ങനെ തന്നെ നിന്നു. 
തിരികെയുള്ള യാത്രയില്‍ ഷാജിയുടെ മൊബൈല്‍ റിംഗ് ചെയ്തു...സലിം.
"ഷാജിയെട്ടാ ഒരു സന്തോഷവാര്‍ത്തയുണ്ട്...സുരേഷ് ഇപ്പോള്‍ വിളിച്ചു..പണം റെഡി ആയിട്ടുണ്ട്‌...ഞാന്‍ അത് മേടിച്ചു അയച്ചിട്ട് അങ്ങോട്ട്‌ വരാം...എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു ഷാജിയെട്ടാ..എന്റെ മോന്‍...എന്റെ കൂടെപിറപ്പുകള്‍ കാണിക്കാത്ത സ്നേഹമാണ് ഷാജിയേട്ടന്‍ കാണിച്ചത്...കാര്യം അറിഞ്ഞപ്പോള്‍ ആദ്യം വിളിക്കുന്നത്‌ ഷാജിയെട്ടനെ ആണ്...ഇനി ഞാന്‍ വീട്ടില്‍ വിളിച്ചു പറയട്ടെ....അവര്‍ക്ക് ഒരുപാട് സന്തോഷമാകും...പിന്നെ വസുവേട്ടനെന്തുപറ്റി...കുഴപ്പം ഒന്നുമില്ലല്ലോ?ഡിസ്ചാര്‍ജ് ചെയ്തില്ലെങ്കിലും ആളെ വൈകിട്ടിങ്ങെത്തിക്കണം,വൈകിട്ട് റൂമില്‍ വരുമ്പോള്‍ വസ്സുവേട്ടന്‍ പോകുന്നതിന്റെയും, എനിക്ക് പൈസ്സ റെഡിയായതിന്റെയും പാര്‍ട്ടി നമുക്കൊന്ന് ആഘോഷിക്കണം...ചെലവ് എന്റെ വക...ഓക്കേ.."
ഷാജി ഒന്നും മിണ്ടാതെ കാള്‍ കട്ട് ചെയ്തു...യാത്രയിലുടനീളം ഷാജി കൊച്ചുകുട്ടിയെ പോലെ കരഞ്ഞു.ഇത്രയധികം സ്നേഹിച്ച അച്ഛന്റെ, തന്നെ കാണണമെന്നുള്ള ആഗ്രഹം സാധിക്കാന്‍ പോലും കഴിയാതെ പോയതും, ഇവിടെ വന്ന കാലം മുതല്‍ക്കെ തന്നെ സ്വന്തം അനിയനെ പോലെ സ്നേഹിച്ച്,എല്ലാ വിഷമങ്ങളും,സന്തോഷങ്ങളും പങ്കുവെച്ച് ഒന്നുച്ചു ജീവിച്ച വാസുവേട്ടന്റെയും പെട്ടന്നുള്ള വേര്‍പാട് അയാള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 
വണ്ടി റൂമിന്റെ താഴെ എത്തി. ഡോര്‍ തുറന്നു ഷാജി ഇറങ്ങിയ ഉടനെ എവിടെനിന്നോ ഓടിവന്നു സലിം ഷാജിയെ കെട്ടി പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു"...ഷാജിയെട്ടാ...ഞാന്‍...എനിക്ക്...മാപ്പ്...ഒന്നും അറിയാതെ ഞാന്‍..."ഷാജിക്ക് സലീമിനെ ആശ്വസിപ്പിക്കാന്‍ കഴിയില്ലായിരുന്നു.
ഷാജി മുറിയിലേക്ക് നടന്നു...അടുത്തുള്ള റൂമുകാര്‍ അവിടെ കൂടിനില്‍ക്കുന്നതോന്നും ഷാജികണ്ടില്ല..ഒന്നും കേട്ടതും ഇല്ല....
മുറിയിലേക്ക് കടന്നു കട്ടിലില്‍ വീണു മുഖമമര്‍ത്തി കരഞ്ഞു.
പെട്ടന്ന് മൊബൈല്‍ റിംഗ് ചെയ്തു.ഷാജി നോക്കി തന്റെതല്ല...വാസുവേട്ടന്റെ കട്ടിലില്‍ നിന്നും ആണ്...ഷാജി വിറയാര്‍ന്ന കൈകലാന്‍ ആ മൊബൈല്‍ എടുത്തു നമ്പര്‍ നോക്കി  "രാജിക്കുട്ടി ",വാസുവേട്ടന്റെ ഇളയമോള്‍....
എന്തുചെയ്യണമെന്നറിയാതെ ഷാജി വിറങ്ങലിച്ചു നിന്നു. രണ്ടാമത് വീണ്ടും ആ മൊബൈല്‍ ശബ്ദിച്ചു....ഇത്തവണ അറിയാതെ ഷാജി ആ കാള്‍ എടുത്തു ചെവിയിലേക്ക് വെച്ചു...." അച്ഛാ..ഹലോ..അച്ഛാ...ഞാനാ രാജി...ആ പാഴ്സല്‍ ഇപ്പോള്‍ കിട്ടി...ഞങ്ങള്‍ അതെല്ലാം പൊട്ടിച്ചു നോക്കി...മിഥുനും,കാര്‍ത്തികയും, കളിപ്പാട്ടം കൊണ്ട് മുറിയില്‍ കയറികതകടച്ചു കഴിഞ്ഞു...അമ്മയും മീനുചേച്ചിയും അതെല്ലാം തപ്പിപറക്കികൊണ്ടിരിക്കുവാ....എനിക്ക് അച്ഛന്‍ കൊടുത്തുവിട്ട സാരികണ്ടാപ്പോള്‍ തന്നെ ഞാന്‍ തപ്പല്‍ നിര്‍ത്തി...അടിപൊളി സാരിയാണച്ചാ...എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു...അച്ഛനപ്പോള്‍ സാരി സെലക്ട്‌ ചെയ്യാന്‍ അറിയാമല്ലെ?...അച്ഛന്‍ വരുമ്പോള്‍ ഞാന്‍ ഈ സാരിയുടുത്താണ് എയര്‍പോര്‍ട്ടില്‍ വരുന്നത്..കേട്ടോ?...അച്ഛാ... കേള്‍ക്കുന്നുണ്ടോ?...ഹലോ.."
ഇതൊന്നും അറിയാതെ വാസുവേട്ടന്‍ ഇപ്പോള്‍ മോര്‍ച്ചറിയില്‍ തണുത്തു വിറങ്ങലിച്ചു....കണ്ണുമര്‍ത്തിത്തുടച്ചു,നെഞ്ച് പൊട്ടുന്ന വേദനയോടെ ഷാജി മേശ പുറത്തേക്കു ഇരുന്നു...മൊബൈല്‍ മേശപ്പുറത്തു വെക്കുന്നതിനിടയില്‍  ഷാജിയുടെ കണ്ണ്, വാസു കൊടുത്ത പുസ്തകത്തിന്റെ പുറംതാളില്‍ എഴുതിയ ആ പേരില്‍ ഉടക്കിനിന്നു...."ഒരു പ്രവാസിയുടെ കഥ."

Thursday, July 28, 2011

അതെന്റെ പൂവ് .....

ആ പൂവ് അക്ഷരാര്‍ത്ഥത്തില്‍ വളരെ സുന്ദരമായിരുന്നു....ചുറ്റുമുള്ള മറ്റുള്ള പൂവുകളിലുംവച്ചു സുന്ദരി...പ്രഭാതസൂര്യന്റെ ഇളം കിരണങ്ങളും, മന്ദമാരുതന്റെ കുളിര്‍ തെന്നലും ഏറ്റുവാങ്ങിയവള്‍  കൂടുതല്‍ സൌന്ദര്യം ആര്‍ജ്ജിച്ചു....അതുകൊണ്ടുതന്നെ അതിനെ എല്ലാരും ശ്രദ്ധിച്ചിരുന്നു...അതിന്റെ സൌന്ദര്യം ഒരുപാട് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.
കണ്ണില്‍ വീണ ഒരു ചെറിയ മഞ്ഞിന്‍കണം ആണ് അയാളുടെ മയക്കത്തെ ആ കണ്ണുകളില്‍ നിന്നും ആട്ടിഓടിച്ചത്....മുഷിഞ്ഞു കീറിയ ഒരു കുപ്പായം, ദാരിദ്ര്യം നിറഞ്ഞ കണ്ണുകള്‍,ആകെ ക്ഷീണിതന്‍  ആയിരുന്നു അയാള്‍....വിശപ്പറിയാതിരിക്കനാണ് അയാള്‍ നേരം പുലര്‍നിട്ടും വീണ്ടുംമയങ്ങിയത്...പക്ഷെ ഇനി....മയക്കം പോയി.....അയാള്‍ പതിയെ എഴുന്നേറ്റു ചുറ്റും ഒന്ന് കണ്ണോടിച്ചു...ഈ പൂന്തോട്ടം എന്നത്തേയും പോലെ ഇന്നും സുന്ദരിയായിരിക്കുന്നു....ഇപ്പോള്‍ ഇവിടെ സന്ദര്‍ശകരുടെ ഒരു പ്രവാഹം ആണ്...കുറച്ചപ്പുറത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം...മാറിമാറി അവരുടെ ക്യാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു..അയാള്‍ അത് ശ്രദ്ധിച്ചു...ആ പൂവ് വളരെ മനോഹരം ആയിരിക്കുന്നു...അത് ഒരു രാജ്ഞിയെ പോലെ താലയുയര്‍ത്തി നില്‍ക്കുന്നു..അതിന്നു അങ്ങന്നെ നില്‍ക്കാം..കാരണം ഇപ്പോള്‍ അതിന്നെ പുകഴ്ത്താനും സൌന്ദര്യം ആസ്വദിക്കാനും ഒരുപാടുപേര്‍ ചുറ്റും ഉണ്ട്....പക്ഷെ.....???
അന്ന് അയാള്‍ക്ക് ആവശ്യത്തിലധികം പണം,പ്രശസ്തി, ചുറ്റിനും എന്താവശ്യത്തിനും പരിചാരകര്‍, എന്നും സന്ദര്‍ശകര്‍,കൂട്ടുകാര്‍.....എന്തും എല്ലാം തന്റെ ഒപ്പം ഉണ്ടായിരുന്നു...അതില്‍ മറ്റെല്ലാം മറന്നു അയാള്‍ ജീവിച്ചിരുന്നക്കാലം....അന്നും അയാള്‍ക്ക് ചുറ്റും അയാളുടെ ഇപ്പോഴുള്ള അവസ്ഥയില്‍ ജീവിച്ചിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു...വിലപിടിപ്പുള്ള കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ തെരുവില്‍ അലയുന്ന ഒരുപാടുപേരെ കണ്ടിട്ടും അയാള്‍ അതൊന്നും കണ്ടില്ലന്നുവച്ചു..അതിനൊന്നും സമയമില്ലാതെ ധനം സമ്പാതിക്കുക എന്ന ഒറ്റലെക്ഷ്യത്തിനുവേണ്ടി ഒരു ഭ്രാന്തനെപ്പോലെ ഓടി നടന്ന കാലം....
സ്വയം മതിമറന്നു അഹങ്കരിച്ചകാലത്തില്‍ തന്റെ മോന് വന്ന കാന്‍സര്‍ എന്ന ഭീകര അവസ്ഥക്ക് മുന്‍പില്‍  അയാള്‍ തളര്‍ന്നു പോയത് പെട്ടന്നായിരുന്നു...അതെയവസ്ഥയില്‍ തന്നെ അയാളുടെ ബിസ്സിനുസ് സാമ്രാജ്യത്തിനു മുകളില്‍ സാമ്പത്തിക മന്ദത എന്ന കാന്‍സര്‍ കൂടി ബാധിച്ചു. അയാളുടെ തകര്‍ച്ച  അവിടെ ആരംഭിച്ചു...മകന്റെ ജീവനുവേണ്ടി അയാള്‍  ലോകം മുഴുവന്‍ അവനെയും കൊണ്ട് പോയി...കൈയില്‍ ഉണ്ടായിരുന്നത് മുഴുവന്‍ അവനുവേണ്ടി ചിലവാക്കി....ഒരിക്കല്‍ പോലും ദൈവത്തെ വിളിക്കാത്ത താന്‍ പള്ളികളില്‍ കയറിയിറങ്ങി....പക്ഷെ.....
മകന്റെ മരണത്തിനു ശേഷം സാമ്പത്തികമായും, മാനസികമായും ആകെ തളര്‍ന്ന അയാള്‍ മദ്യത്തില്‍ അഭയം തേടി...ഭര്‍ത്താവിന്റെ മദ്യപാനവും,സാമ്പത്തിക തകര്‍ച്ചയും മനശക്തിയില്ലാത്ത അയാളുടെ ഭാര്യയെ ആത്മഹത്യയില്‍ എത്തിച്ചു...അതോടുക്കൂടി അയാളുടെ പതനം പൂര്‍ണമായി....പ്രശസ്തിയും,പരിചാരകരും,സുഹൃത്തുക്കളും,സൌഭാഗ്യങ്ങളും എല്ലാം ഒന്നൊന്നായി അയാളില്‍ നിന്നും ഓടിമറഞ്ഞു.. ..സമ്പത്തില്‍ നിന്നും ദാരിദ്രത്തിലെക്കുള്ള പതനം.....ഒരു പരിപൂര്‍ണ്ണപതനം.
മദ്യാഹ്ന ചൂടിലും പ്രഭപോഴിക്കാതെ പിടിച്ചുനിന്ന ആ സുന്ദരി പൂവിനെ ശരീരത്തില്‍ നിന്നും, സായാഹ്നം ആയപ്പോഴേക്കും വിടര്‍ന്ന ഇതളുകളില്‍ രണ്ടെണ്ണം കൊഴിഞ്ഞുപോയി...മറ്റുള്ളവ മെല്ലെ തലതാഴ്ത്തി...എന്നാലും ഇപ്പോഴും ആളുകള്‍ അതിന്റെ അടുക്കലേക്കു എത്തുനുണ്ട്...പക്ഷെ അവര്‍ ഇപ്പോള്‍ ആസ്വദിക്കുന്നത് അതേ തണ്ടില്‍ നിന്നും വന്ന മറ്റൊരു സുന്ദരി പൂവിലായിരുന്നു....വിഷമിച്ചു തലതാഴ്ത്തി നിന്ന ആ പൂവ് ആ ചെടിയില്‍ അഭംഗി ആണെന്ന് പറഞ്ഞു അതില്‍ ഒരുവന്‍ അതിനെ തണ്ടില്‍നിന്നും  അടര്‍ത്തി നിലത്തെക്കിട്ടു...മറ്റൊരുവളുടെ കൂര്‍ത്ത പാദരക്ഷകള്‍ അറിയാതെ ആ മേനിയില്‍ കൊണ്ടു......ഇതുകണ്ട് ദൂരെ നിന്ന ആ മനുഷ്യന്‍ ഓടിവന്നു ആ പൂവിനെ സാവധാനം എടുത്തു തന്റെ ചുണ്ടോടു ചേര്‍ത്തു...."ഇത് ഞാനാ....ഇതു എന്റെയാ...ഇത് ഞാനാ..ഇത് എന്റെയാ...."മാനസിക നില തകര്‍ന്നവന്നെ പോലെ ക്ഷീണിത ശബ്ദത്തില്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ആ പൂവിനെ നെഞ്ചോടു ചേര്‍ത്തു അയാള്‍ നടന്നകന്നു....

കച്ചവടം


പതിവില്ലാതുള്ള അച്ഛന്റെ സ്‌നേഹം കണ്ടു അവള്‍ക്കു അമ്പരപ്പും സന്തോഷവും തോന്നി.... ചെറുപ്പം മുതല്‍ക്കെ അവള്‍ക്കു അയാളെ പേടി ആയിരുന്നു.പണ്ട് അയാള്‍ എന്തോ പറഞ്ഞത് അനുസരിക്കാന്‍ പറ്റിലെന്നു പറഞ്ഞതിന്റെ പേരില്‍  അവളുടെ അമ്മയെ അയാള്‍ ചവിട്ടി കൊന്നു കെട്ടിത്തൂക്കി അത് ആത്മഹത്യ ആക്കിമാറ്റിയ ആള്‍ ആണ്...അതെനെല്ലാം അവള്‍ മാത്രമായിരുന്നു സാക്ഷി...പുറത്തുപറഞ്ഞാല്‍ അമ്മയുടെ വഴിക്ക് മോളെയും അയക്കും എന്നുള്ള ഭീഷണിക്ക് മുന്‍പില്‍ അവള്‍ എല്ലാം ഉള്ളില്‍ ഒതുക്കി പേടിച്ചാണ് ജീവിച്ചത്.അവള്‍ ഒറ്റ മോളായിരുന്നു,അതുകൊണ്ട് തന്നെ അവള്‍ എന്നും ഒറ്റക്കായിരുന്നു... അച്ഛന്‍ ഒന്ന് മോളെ എന്ന് വിളിച്ചു നെറുകയില്‍ ഒരു ചുംബനം തന്നിരുനെങ്കില്‍ എന്ന് ഇവള്‍ എന്നും ആഗ്രഹിച്ചിരുന്നു പക്ഷെ....
കഴിഞ്ഞ ആഴ്ചയില്‍ ആണ് അവള്‍ക്കു പതിന്നാലു വയസ്സ് തികഞ്ഞത്...അന്ന്  രാവിലെ കുളിച്ചൊരുങ്ങി തുളസി കതിര്‍ കാര്‍ക്കൂന്തലില്‍ ചൂടി നിന്ന അവള്‍ ഒരു ദേവതെയെ പോലെ ശാലീന സുന്ദരി ആയിരുന്നു.. അവള്‍ അമ്പലത്തില്‍ പോയിട്ട് വന്നപ്പോള്‍ അയാള്‍ പൂമുഖത്ത് ദേഷ്യത്തോടെ നില്‍ക്കുന്നത് അവള്‍ ദൂരെ നിന്ന് തന്നെ കണ്ടു. അരികില്‍ എത്തുംതോറും അവളുടെ ആ സൌന്ദര്യം അയാളുടെ ദേഷ്യത്തെ കുറച്ചത് പ്രകടമാക്കാതെ അവള്‍  അരികില്‍ എത്തിയപ്പോള്‍ പരുക്കന്‍ ശബ്ദത്തില്‍ തുള്ളിവിറച്ചുംക്കൊണ്ട് അയാള്‍ ചോദിച്ചു " നീ എവിടെ ആരുടെ കൂടെ നെരങ്ങാന്‍ പോയിരിക്കുവായിരുന്നു?" അവള്‍ പേടിച്ചു നിശബ്ദമായി കരഞ്ഞു..."ഞാന്‍ ...ഇന്ന് എന്റെ പിറന്നാള്‍ ആയിരുന്നു...അമ്പലത്തില്‍ പോയതാ..."അവളുടെ ആ മനോഹരമായ മിഴികള്‍ ചുവന്നു കലങ്ങി...അച്ഛന്റെ മുഖത്തേക്ക് അവള്‍ പേടിച്ചു നോക്കി... പെട്ടന്ന് അയാളില്‍ ഒരു മാറ്റം ഉണ്ടായത് അവള്‍ കണ്ടില്ല. "നിനക്ക് അതിനു എത്ര വയസ്സായി?"..പതിന്നാലു...അവള്‍ പറഞ്ഞു. “ശരി കയറിപോക്കോ” ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു. ഇവള്‍ക്ക് പ്രായമായതു  താന്‍ അറിഞ്ഞില്ലല്ലോ?....
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ അവള്‍ ഒരുപാട് സന്തോഷിച്ചു....കാരണം അവളുടെ അച്ഛന്നു അവളോട്‌  ഇപ്പോള്‍ ഭയങ്കര സ്‌നേഹം ആണ്...ഒരിക്കല്‍ പോലും "മോളെ " എന്നുവിളിക്കാത്ത അയാള്‍ ഇപ്പോള്‍ സ്‌നേഹം നിറച്ചുവച്ചുള്ള വിളിയും സംസാരവും മാത്രമെ ഉരിയാടു..ജീവിതത്തില്‍ ആദ്യമായി അവള്‍ അവളുടെ അച്ഛന്നെ..."നല്ല അച്ഛന്‍”... എന്ന് മനസ്സില്‍ കുറിച്ചിട്ടു.
അച്ഛന്നും ഇപ്പോള്‍ നല്ല മാറ്റം ഉണ്ട്...പുതിയ തുണികളും, മധുരപലഹാരങ്ങളും അയാള്‍ എന്നും വീട്ടില്‍ കൊണ്ടുവരും, അവളെ സ്നേഹപ്പൂര്‍വ്വം നിര്‍ബന്ധിച്ചു കഴിപ്പിക്കും...ഒരു "നല്ല" അച്ഛന്‍.
അയാള്‍ക്ക്‌ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെന്നു ഇപ്പോള്‍ ആണ് അവള്‍ അറിയുന്നത്...എന്നും ആരെങ്കിലും അയാള്‍ക്ക്‌  ഒപ്പം വീട്ടില്‍ എത്തും....അയാള്‍ അവളെ പരിചയപ്പെടുത്തും..പിന്നെ അവളെ അകതുപോയിരുന്നോളാന്‍ നിര്‍ബന്ധിക്കും. പിന്നെ അവര്‍ കുറച്ചുനേരം രഹസ്യമായി സംസാരിക്കും...അതെന്താണെന് അവളും ശ്രദ്ധിക്കാറില്ല... അതെത്ര നല്ല ശീലം അല്ലല്ലോ?
അവര്‍ പോകാന്‍ നേരം അയാള്‍ അവളെ വിളിക്കും"മോളെ ഒന്ന് ഇങ്ങോട്ട്  വന്നെ" .അവള്‍ ചെല്ലുമ്പോള്‍ കൂടെ ഉള്ള ആള്‍ അവളോട്‌  യാത്ര ചോദിക്കും...അച്ഛന്റെ കൂടെ അയാളുടെ വീട്ടില്‍ ചെല്ലണം എന്ന് പറയും. അവള്‍ ഒന്നും മറുപടി പറയാതെ അവളുടെ അച്ഛനെ നോക്കും..."ഞങ്ങള്‍ വരാം...അല്ലെ മോളെ?"...അവള്‍ സന്തോഷത്തോടെ തലയാട്ടും, കാരണം ഓര്‍മവച്ച നാള്‍ മുതല്‍ ഇതുവരെ അയാളുടെ ഒപ്പം അവളെ ഒരിക്കലും പുറത്തു കൊണ്ടുപോയിട്ടില്ല..ഇനി...അവള്‍ക്കു സന്തോഷമായി.
അങ്ങന്നെ ഒരു ദിവസം രാവിലെ അവളോട്‌ കുളിച്ചു നല്ല ഉടുപ്പിട്ട് അയാള്‍ക്കൊപ്പം ടൌണില്‍പോകാന്‍ ഒരുങ്ങിക്കൊള്ളന്‍  അയാള്‍ പറഞ്ഞു...അവള്‍ക്കു അച്ഛന്റെ ഒപ്പം ടൌണില്‍  പോകുന്നത് ഒരുപാടു സന്തോഷം നല്‍കുന്ന കാര്യമായിരുന്നു.പെട്ടന്നു കുളിച്ചു,പൊട്ടുതൊട്ട്, അയാള്‍ മേടിച്ചുകൊടുത്ത കുപ്പിവളകള്‍ കൈയിലണിഞ്ഞു    ഒരുപാടുനാളത്തെ ആഗ്രഹങ്ങളും പേറി അവള്‍  അയാള്‍ക്കൊപ്പം യാത്രയായി..ആദ്യം ഒരു മുന്തിയ ഹോട്ടല്‍..പിന്നെ ഒരു സിനിമാടാക്കീസ്...അങ്ങന്നെ അവളുടെ സ്വപ്നതുല്യമായ മുഹൂര്‍ത്തങ്ങള്‍.....ഇതയും നാള്‍ നഷ്‌ടപ്പെട്ട സ്‌നേഹം ഒറ്റയടിക്ക് അനുഭവിക്കാന്‍ കഴിഞ്ഞതില്‍ അവള്‍ ഒരുപാടൊരുപാട് സന്തോഷിച്ചു...ഇടക്ക് അയാള്‍ക്ക് ഒരു ഉമ്മ കൊടുക്കണം എന്ന് അവള്‍ ആഗ്രഹിച്ചു...പക്ഷെ ഉള്ളിലുള്ള പേടി അതിനനുവദിച്ചില്ല...
അങ്ങെന്നെ ഉച്ചകഴിഞ്ഞ് അയാള്‍ അവളെ കൂട്ടി ഒരു വീട്ടില്‍ പോയി...അന്നൊരിക്കല്‍ അവളുടെ വീട്ടില്‍ അച്ഛന്റെ ഒപ്പം വന്ന രണ്ടാളുകള്‍ അവിടെ ഉണ്ടായിരുന്നു...സന്തോഷത്തോടെ അവര്‍ അയാളെയും അവളെയും സ്വീകരിച്ചിരുത്തി....കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ മൂവരും കൂടി പുറത്തേക്കു മാറിനിന്നു എന്തൊക്കെയോ പറഞ്ഞു..പിന്നീടു അവളോട്‌ "മോളകത്ത് പൊക്കോ ഞങ്ങള്‍ക്ക് ഇവിടെ കുറച്ച്പരുപാടിയുണ്ട്"എന്ന് പറഞ്ഞു അവര്‍ ഒരു കുപ്പി എടുത്തു മുന്‍പില്‍ വച്ചു.. തന്റെ അച്ചനും കുട്ടുകാര്‍ക്കും താന്‍ നില്‍ക്കുന്നതുകൊണ്ട് ശല്ല്യം ആകേണ്ട... അവള്‍ അകത്തേക്ക് പോയി...ആ വീട്ടില്‍ ആരും ഉണ്ടായിരുനില്ല...അവള്‍ ജെനലിനരികില്‍ ഇന്ന് രാവിലെ മുതല്‍ താന്‍ അനുഭവിച്ച സൌഭാഗ്യങ്ങളെ കുറിച്ച് ഓര്‍ത്തു....എത്ര ഭാഗ്യവതിയാണ് താന്‍..ഇത്രയും നാള്‍ അനുഭവിച്ച വിഷമങ്ങള്‍ക്കും ഒറ്റപെടലിന്നും ഇപ്പോള്‍ അവസാനമായിരിക്കുന്നു....ഓഹ്...അവള്‍ നെടുവീര്‍പിട്ടു...അതോടൊപ്പം അവളുടെ ചുമലിലും ഒരു രൂക്ഷഗന്ധം പതിച്ചത് അവള്‍ അറിഞ്ഞു...പെട്ടന്ന് ഞെട്ടിത്തിരിഞ്ഞു...ആ..ആ രണ്ടുപേര്‍...ഒരാള്‍ കതകു കുറ്റിയിടുന്നു..മറ്റെയാള്‍ തന്റെ മുന്‍പില്‍ അടങ്ങാത്ത ആഗ്രഹത്തോടെ അവളെ അടിമുടി നോക്കിരസിക്കുന്നു... അപകടം മണത്ത അവള്‍ ഉറക്കെ അച്ഛന്നെ വിളിച്ചു..."ഇല്ലെടി...അയാള്‍ വരില്ല...നിന്റെ ഈ സുന്ദര ശരീരം ഇന്ന് ഒരു ദിവസ്സത്തെക്ക് ഞങ്ങള്‍ക്ക് തന്നിരിക്കുവാ...പറഞ്ഞ കാശും കൊടുത്തു... അതും  ഒരാഴ്ച മുന്‍പെ ...."അവരിലോരുവന്‍ പറഞ്ഞു.അവള്‍ ആകെ തളര്‍ന്നു പോയി..തന്റെ അച്ഛന്‍ തന്റെ ശരീരം ഇവര്‍ക്ക് വിറ്റന്നോ?സ്വന്തം മോളെ കാമവെറിയന്മാര്‍ക്ക് ഇട്ടുകൊടുതെന്നോ?ഇല്ല ഒരിക്കലും ഇല്ല....അവള്‍ ഉറക്കെ അച്ഛനെ വിളിച്ചു കരഞ്ഞു..."പ്ഹ...നീ എന്താ വിചാരിച്ചത്...നിന്റെ ഈ ശരീരത്തിന് കാവല്‍നിന്നു നിന്നെ അകത്തമ്മയായി വാഴിക്കുമെന്നോ?നാളെ വല്ലവനും കൊണ്ടുതിന്നുന്നതിനു മുന്‍പ് ഞാന്‍ കുറച്ചു കാശുണ്ടാക്കെട്ടടി...ഞാനും ഒന്ന് അറിയട്ട് നിന്നെ...ഇവരുടെ ആവശ്യം കഴിഞ്ഞു ഞാനും വരുന്നുണ്ട് നിന്റെ അടുത്തേക്ക്....ഇത്രയും നാള്‍ ഇതിനു കാവല്‍ നിന്നതിനു എനിക്കും വേണ്ടെ പ്രയോജനം? ഇവര്‍ ചോദിച്ച കശുതന്നതുകൊണ്ടാ നിന്നെ ഇവര്‍ക്കുതന്നെ ആദ്യം  കൊടുക്കുന്നത്...അല്ലെങ്കില്‍ നിന്നെ അവിടെവച്ചുതന്നെ ഞാന്‍.....മര്യാദക്ക് അവര്‍ക്ക് ആശ്യമുള്ളതിന്നു നീ വഴങ്ങിക്കോണം......അല്ലെങ്കില്‍ നിന്റെ അമ്മയുടെ വിധി നിനക്കും ഉണ്ടാകും...അവള്‍ ഇതുപോലെ എന്നെ അനുസരിക്കാത്തതിന്റെ ഫലമാ ഇപ്പോള്‍ മണ്ണില്‍ അടിഞ്ഞു തീര്‍ന്നത്..അല്ല ഞാന്‍ തീര്‍ത്തത്...ചവിട്ടികൊന്നു കെട്ടിത്തൂക്കും ഞാന്‍... ഇവര്‍ മാത്രമല്ല ഇനിയും പലരും ഉണ്ട്...നിന്നെയും കാത്തു...അവരവരുടെ വീടുകളില്‍...ഞാന്‍ അവിടെ എത്തിക്കും നിന്നെ...."ഇത് പറഞ്ഞു അയാള്‍,അവളുടെ "അച്ഛന്‍” പുറത്തുനിന്നും ജനാല കൊട്ടിയടച്ചു... അവളുടെ  ആ ഇളം മനസ്സു തകര്‍ന്നു പോയി...ഒരിക്കലും ഒരു അച്ഛനും ഒരു മകളോടും പറയാത്ത വാക്കുകള്‍...അപ്പോള്‍ ഇവര്‍ക്ക് മാത്രമല്ല തന്റെ അച്ഛനും തന്നെ.....പലപ്പോഴായി വീട്ടില്‍ എത്തിയവരോടും  തന്റെ അച്ഛന്‍-അല്ല മനുഷ്യ രൂപമുള്ള മൃഗം-ഈ ശരീരത്തിന് വിലപറഞ്ഞു ഉറപ്പിച്ചിട്ടുണ്ടോ? അവര്‍ക്ക് തന്നെ കണ്ടു ഇഷ്ടപെടാന്‍ ആണോ അവരുടെ മുന്‍പില്‍ തന്നെ വിളിച്ചു പരിചയപെടുത്തികൊണ്ടിരുന്നത്????
അകത്തു ആ കാമ വെറിപൂണ്ട മനുഷ്യ മൃഗങ്ങള്‍ തങ്ങളുടെ കൊച്ചുമോള്‍ ആക്കാന്‍ മാത്രം പ്രായമുള്ള അവളുടെ ഇളം മേനി കടിച്ചുക്കുടയുമ്പോള്‍ പുറത്തു മദ്യത്തോടൊപ്പം പൊരിച്ച കോഴിയുടെ മാംസം  കടിച്ചു വലിച്ചുമുറിച്ചുതിന്നു തന്റെ ഊഴം വരുന്നത് ഓര്‍ത്തു രസിച്ചു...അയാള്‍......ആ അച്ഛന്‍.



Wednesday, July 27, 2011

ആ കരിമിഴികള്‍


വീടിനരികെ താമസിക്കുന്ന ഒരു പെണ്‍ക്കുട്ടിയനെന്നാണ് അവര്‍ പറഞ്ഞത് ,ഒരു ഇരുപത് ഇരുപത്തി അഞ്ചു വയസ്സ് കാണും പേര് എനികറിയില്ല...അവളുടെ മുഖവും ഓര്‍മ്മയില്ല ...
ശരിക്കും ഒരുപരിചയവും  ഇല്ലെങ്കിലും അറിഞ്ഞപ്പോള്‍ നല്ല വിഷമം.ഇന്നലെ മുതല്‍ കണ്ണാനില്ല !  കുറച്ചു പുറകിലായി കടല്‍ പോലെ എന്തോ ഒന്നുണ്ട് .അവിടെ പുതിയ ഒരു കപ്പല്‍ കിടപ്പുണ്ട്...കേടാണത്രെ  ...കുറച്ചു നാള്‍ മുന്‍പൊരിക്കല്‍ ഒരു പെണ്‍ക്കുട്ടിയെ കാണാതെ പോയിരുന്നു...പിന്നീട് അവളുടെ ജീവനറ്റ ശരീരം അവിടെ ആ കടലില്‍ നിന്നും കണ്ടെത്തുകയായിരുന്നു .
ആരോ പറഞ്ഞറിഞ്ഞു ഇന്നലെ കാണാതെ പോയ യുവതിയുടെ ശരീരവും ആ കടലില്‍ നിന്നും കിട്ടി...കൂടെ മൂന്ന് പുരുഷ ശരീരങ്ങളും ഉണ്ടത്രെ....
എനിക്ക് എന്തെന്നില്ലാത്ത ഒരു വിഷമം...എനിക്കാക്കുട്ടിയെ ഒരു പരിചയവും ഇല്ല......മുഖം പോലും ഓര്‍മയില്ല...പിന്നെന്തിനാ ഞാന്‍ ഇങ്ങന്നെ വിഷമിക്കുന്നത്?....അറിയില്ല.എന്തായാലും അവിടെ വരെ പോയി ഒന്ന് ഒരു നോക്ക് കാണണം.മനസ്സില്‍ ആ യുവതിയോട് ഞാന്‍ അറിയാത്ത ഒരു സനേഹം,ഒരു അടുപ്പം ഉണ്ടെന്നൊരു തോന്നല്‍.ഞാന്‍ അറിയാതെ എന്റെ സനേഹം കവര്‍ന്നെടുത്ത ആളെ എനിക്കൊരുനോക്ക്  കാണണം...എന്റെ കൂടെ രണ്ടുപേരുണ്ട് ...കൂട്ടുകാരാണെന്നു തോന്നുന്നു...അറിയില്ല.
കുറച്ചു നടന്നപ്പോള്‍ ആണ് കണ്ടത്, വല്ലിയ ഒരു ജനക്കൂട്ടം റാലി പോലെ നടന്നുവരുന്നു..ഒറ്റവരിയായി..
ഓഹ്...പള്ളിയില്‍ നിന്നും പുരോഹിതനും മറ്റും ഉണ്ട്...നേരെ അടക്കം ചെയ്യാന്‍ കൊണ്ടുപോകുകയാണ്.ഞാന്‍ മുന്‍പോട്ടു നടന്നു.റാലിയുടെ കുറച്ചു ഭാഗം പിന്നിട്ടപ്പോള്‍ രണ്ടു വശത്തും ഓരോ മൃതശരീരം ചുമന്നു കൊണ്ട് കുറച്ചു പേര്‍....രണ്ടു മൃത ശരീരങ്ങളുടെയും കൈകാലുകള്‍ കയര്‍ പോലുള്ള എന്തോ ഒന്നുപയോഗിച്ചു ബന്ധിച്ചിരുന്നു.ഒരു രീതിയിലും ശരീരം വികൃതം ആയിട്ടില്ല...
ഓഹ് ..ഇവരുടെ പേര് എനിക്കറിയാം...പക്ഷെ...അവര്‍ അല്ലല്ലോ ഇത്?..ഒരു ചെറിയ സാമ്യം തോന്നുന്നുണ്ട്....കട്ടിമീശ ആണ്...നേരത്തെ അതില്ലയിരുന്നല്ലോ?അതുകൊണ്ടാണോ? അല്ല ഇതവര്‍ അല്ല.പക്ഷെ മറ്റുള്ളവര്‍ എല്ലാരും പറഞ്ഞത് ഇത് അവര്‍ തന്നെ ആണെന്നാണ്‌...ഞാന്‍ വിശ്വസിച്ചില്ല...പക്ഷെ ഇതവര്‍ തന്നെ ആണ്....എന്തോ ഒന്നും മനസ്സില്‍ ആകുന്നില്ല.....എന്റെ മനസ്സില്‍ അപ്പോഴും എന്റെ മനസ്സിനെ എങ്ങനെയോ സ്വാധീനിച്ച ആ യുവതിയെ കാണാന്‍ ഉള്ള വെഗ്രത ആയിരുന്നു...
പിന്നാലെ വീണ്ടും റാലി,കുറച്ചു ഭാഗം കൂടി പിന്നിട്ടപ്പോള്‍ ആ യുവതിയുടെയും വേറെ ഒരാളുടെയും ശരീരം ഇതുപോലെ ചുമന്നുകൊണ്ടു വരുന്നു..ആ ആളുടെയും കൈകാലുകള്‍ ബന്ധിച്ചിട്ടുണ്ട്‌.....ആ യുവതിയുടെ സമീപം അമ്മയാണെന്ന് തോന്നുന്നു,ഒരു സ്ത്രീ കരയുന്നുണ്ട്.
പക്ഷെ യുവതിയുടെ കൈകാലുകള്‍  സ്വതന്ത്രമാണ്...!ചുരിദാര്‍ ആണ് വേഷം....നല്ല ഇളം പിങ്ക് കളര്‍ ടോപ്‌ ആണ് ധരിച്ചിട്ടുള്ളത്..ശരീരം തീരെ മെലിഞ്ഞതല്ല...സുന്ദരമായ മുഖം...എന്തോ ഒരു ഐശ്വര്യം ആ മുഖത്ത് ഇപ്പോഴും വിളയാടുന്നുണ്ട്..പാതി അടഞ്ഞ ആ കരിമിഴികള്‍ക്കും വല്ലാത്ത ഒരു വശ്യ സൌന്ദര്യം......നനഞ്ഞ കാര്‍കൂന്തല്‍ അവളുടെ നെറ്റിയിലും കവിളത്തുമായി ഒട്ടികിടക്കുന്നു.....ഒരു മാലാഖയെ പോലെ സുന്ദരിയും നിഷ്കളങ്കയും ആയിരുന്നു അവള്‍....എങ്ങന്നെ തോന്നി വിധിക്ക് ഇവളോട്‌ ഈ ക്രൂരത?എന്തിനാണ് ഇവളെ മരണത്തിനു വിട്ടുകൊടുത്തത്? അറിയാതെ വല്ല അപകടയും സംഭവിച്ചതാണോ?....അറിയാതെ ഒരു തേങ്ങല്‍ ഉള്ളില്‍ നിന്നും നിര്‍ഗമിച്ചു...എനിക്ക്...ഞാന്‍..ഇവള്‍ എനിക്ക് എന്റെ ആരൊക്കെയോ ആയിരുന്നല്ലോ...
കണ്ണുകള്‍ മുറുക്കി അടച്ചു..ഒരു നീര്‍ചാല് കണ്ണില്‍നിന്നും വന്നു കവിള്ളില്‍ തഴുകി ഭൂമിയില്‍ പുല്‍കാന്‍ എത്തി.. ഞാന്‍ അറിയാതെ എന്റെ മനസ്സ് മന്ത്രിച്ചു " ഹേയ് സുന്ദരി നീ ആരാണ് ? എന്താണ്? എനിക്കറിയില്ല...പക്ഷെ നീ എനിക്ക് ആരെല്ലാമോ ആയിരുന്നു...ഞാന്‍ അത് തിരിച്ചറിഞ്ഞതും ഇപ്പോള്‍ ആണ്...നേരത്തെ... നേരത്തെ നീ എന്തെ എന്നെ കണ്ടില്ല? ഇങ്ങന്നെ ഒരു നോക്കില്‍ എല്ലാം തുടങ്ങി അവസാനിക്കാന്‍ ആണോ നീ എന്റെ മനസ്സിനെ പണ്ടെ കവര്‍ന്നത്?".ഞാന്‍ നിരാശയോടെ മിഴിതുറന്നു...അവള്‍ ആ സുന്ദര  മിഴികള്‍ പ്രതീക്ഷയോടെ പതിയെ തുറന്നു,എന്നെ നോക്കി...എന്നെ മാത്രം...ആ റാലി എന്നെ കടന്നു മുന്‍പോട്ടു കടന്നു പോകുമ്പോഴും ആ കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...എന്നോടെന്തൊക്കെയോ മോഴിയുന്നുണ്ടായിരുന്നു.....
മറ്റേതോ ലോകതെന്നത്  പോലെ ഞാന്‍ തലതാഴ്ത്തി മുന്‍പോട്ടു നടന്നു...പള്ളിയിലെ പുരോഹിതനും മറ്റും എന്നെ കടന്നു പോയി....
പെട്ടന്ന് ആ കണ്ണുകള്‍ എന്റെ മനസ്സില്‍ ഓടിയെത്തി..."ങേഹ്..എന്താ ഞാന്‍ കണ്ടത്?ആ സുന്ദര മിഴികള്‍...അത്...അത് തുറന്നു...അതെന്നെ നോക്കി..എന്തോപറഞ്ഞു...അവള്‍ എന്നെയും ഇഷ്ടപ്പെടുന്നു...അതേ..അതുതന്നെ ആണ് ആ മിഴികള്‍ എന്നോട് പറഞ്ഞത്..."
വല്ലാത്ത ഒരു ആവേശം എന്നെ ത്രെസ്സിച്ചു...ഞാന്‍ തിരികെ ഓടി...അവളുടെ ആ നിശ്ചലമേനിയുടെ അരികിലെത്തി.എല്ലാരും എന്നെ തന്നെ നോക്കുന്നു."ഇവള്‍...ഇവള്‍ കണ്ണുതുറന്നു...സത്യം..ഞാന്‍ കണ്ടു...എന്നെ..എന്നെ മാത്രം നോക്കി..."ഞാന്‍ പറഞ്ഞു.
എല്ലാരോടുമായി ഞാന്‍ പറഞ്ഞു...അവര്‍ എന്തൊക്കെയോ അടക്കം പറഞ്ഞു....ചിലര്‍ ചിരിച്ചു....ആ അമ്മ എന്നെ ദയനീയമായി നോക്കി...
ഞാന്‍ അവളുടെ മിഴികളില്‍ നോക്കി...ഇല്ല അത് തുറന്നില്ല...അടഞ്ഞു തന്നെ ഇരിക്കുന്നു..എനിക്ക് തോന്നിയതാണോ? സര്‍വ്വപ്രതീക്ഷകളും, സര്‍വ്വ സക്തിയും എന്റെ മനസ്സിനെയും ശരീരത്തെയും വിട്ടകന്നു...ഞാന്‍ അവളുടെ അരികില്‍ തളര്‍ന്നിരുന്നു...പതിയെ ആ ചലനമറ്റ കൈകളില്‍ പിടിച്ചു..."ഹേയ്...എനിക്ക് നിന്നെ എന്തുവിളിക്കണം എന്നറിയില്ല....നീ ഇത് കേള്‍ക്കുനുണ്ടോന്നും എനികറിയില്ല, പക്ഷെ ഞാന്‍ ഇപ്പോള്‍ അറിയുന്നു, എനിക്ക് നീ ആരെല്ലാമോ ആയിരുന്നു...അത് എങ്ങന്നെ,എപ്പോള്‍ എന്നും എനികറിയില്ല...ഒന്നുമാത്രം എനിക്കറിയാം...ഈ മനസ്സും ഈ മിഴികളും എന്റെ മനസ്സിനെ ഞാന്‍ അറിയാതെ പിന്തുടര്‍ന്നിരുന്നു.. നീ എന്തെ അന്ന് ഒരു വാക്ക് എന്നോട് പറഞ്ഞില്ല?..ഇങ്ങന്നെ ഒരു സംഗമം കാത്തു ആണോ ഈ സ്നേഹം ഇത്രയും കാലം കാത്തുനിന്നത്?....ഒന്ന് കണ്ണുകള്‍ തുറക്കൂ...ഒന്നെന്നെ നോക്കൂ...അതുമതി..അതുമാത്രം മതിയെന്നിക്ക്..."
പെട്ടെന്ന് സായാഹ്ന സൂര്യന്‍ അവന്റെ യഥാര്‍ത്ഥ സൌന്ദര്യം ഭൂമിയില്‍ പകരുവാന്‍ സന്ന്ധ്യയില്‍ പടര്‍ന്നു...ചുവന്ന വാന്നവും കുളിരണിഞ്ഞ ഭൂമിയും...ശാന്തത..പെട്ടന്ന്  പക്ഷികള്‍ ഭൂമിയെ
സംഗീതസാന്ദ്രമാക്കി.....ഇതറിയാതെ നിന്ന എന്റെ കണ്ണുനീര്‍കണം അവളുടെ ആ മാന്തളിര്‍ കൈകളില്‍ നനവറിയിച്ചു...ആ കരങ്ങള്‍ എന്റെ നെഞ്ചോടു ചേര്‍ത്ത്  ഞാന്‍ പുല്‍കി...."നിന്നെ ഈ ലോകം എന്നില്‍ നിന്നും മറച്ചുപിടികും...പക്ഷെ എന്റെ മിഴികള്‍ ഇപ്പോഴും നിന്നെ കാണും...നിന്റെ മനസ്സില്‍ ഞാന്‍ ഉണ്ടെന്നു ഞാന്‍ അറിയുന്നു... മറഞ്ഞു നിന്നും,ഒരു നോക്കിലും നീ എന്റെ സ്നേഹം ഇത്രയും കവര്‍ന്നു എങ്കില്‍ ഈ ജന്മം നീ എന്കൂടെ ഉണ്ടായിരുനെങ്കില്‍....നിന്നെ ഞാന്‍ എന്നും എന്റെ ഓര്‍മയില്‍  ഇവിടെ കാത്തുകൊള്ളാം...വിട...".എന്റെ ഹൃദയസ്പന്ദനം അതേറ്റുപറഞ്ഞു.
പതിയെ ഞാന്‍ ആ കൈകള്‍ നെഞ്ചില്‍ നിന്നും എടുത്തു...പെട്ടെന്ന് ഞാന്‍ അറിഞ്ഞു അത്...."ആ വിരലുകളില്‍ ഒരു അനക്കം....".ഞാന്‍ അവളുടെ നാടിസ്പന്ദനം തൊട്ടറിഞ്ഞു...അത് മെല്ലെ മിടിക്കുന്നുവോ?അതേ മെല്ലെ...മെല്ലെ....ഞാന്‍ ആ കരം എന്റെ നെഞ്ചോടു വീണ്ടും ചേര്‍ത്തു...
അതേ..അതിന്റെ താളം എനിക്കറിയാം....അത് മെല്ലെ വര്‍ദ്ധിക്കുന്നു.....അതുയര്‍ന്നു വരുന്ന സൂര്യകിരണം പോലെ എന്നിലും പ്രതീക്ഷകള്‍ ഉണര്‍ത്തി....ഞാന്‍ ആഗ്രഹിച്ച ആ നോട്ടത്തിന്നായി കൊതിച്ചു ഞാന്‍ ആ മിഴികളില്‍ നോക്കി...അതറിഞ്ഞ അവളുടെ മനസ്സ് ആ മാന്‍പേട കണ്ണുകള്‍ മല്ലെ തുറന്നു....അവള്‍ പറയാതെ ബാക്കി വച്ച സ്നേഹം മുഴുവന്‍ ആ നോക്കിലൂടെ എനിക്ക് തന്നു...പതിയെ ശാന്തമായി നിഷ്കളങ്കമായി മന്ദസ്മിതം തൂകി....
ദൈവമെ!!!! എനിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം....ഒരു വികാരം...ഞങ്ങള്‍ ഒന്നും മൊഴിയാതെ പരസ്പരം മിഴികളില്‍ നോക്കി ഇതുവരെ പറയാതെ വച്ചിരുന്ന സ്നേഹം കൈമാറി...
എല്ലാരും ഓടിയെത്തി....ഞാന്‍ പരിസരം അറിഞ്ഞു....പെട്ടന്നു എന്റെ ഹോസ്പിറ്റലില്‍ എത്തികണം...ഞാന്‍ ഉറക്കെ അലച്ചു..."കാള്‍ ദ ഡോക്ടര്‍...."
ഇരുള്‍ മെല്ലെ എത്തി ആ കാഴ്ച്ചയെ ഇല്ലാതാക്കി...പിന്നീടു എന്റെ മിഴികള്‍ അവളെ..ആ കണ്ണുകളെ  തെരഞ്ഞു എല്ലാ ആള്‍ക്കൂട്ടത്തിലും പരതി നടന്നു..അന്നും അവളുടെ ആ ശാലീന മുഖം ശരിക്കും കാണാന്‍ പറ്റിയില്ല...പക്ഷെ ആ മിഴികളെ ഏതു ആള്‍ക്കൂട്ടത്തിലും ഞാന്‍ തിരിച്ചറിയും,അത്രയ്ക്ക് എന്റെ മനസ്സില്‍ പതിച്ചു കഴിഞ്ഞു ആ മിഴികള്‍...നാളുകള്‍ കടന്നു പോയി. അങ്ങനെ ഒരിക്കല്‍ ഞാന്‍ വീണ്ടും അവളെ കണ്ടു....അവളുടെ മിഴികളും ആരെയോ തിരയുന്നുണ്ടായിരുന്നു...ഒറ്റ നിമിഷം ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി...അതേ അവള്‍ തിരയുന്നത് എന്നെയാണ് ...ആ നോട്ടത്തില്‍ ഒരുപാട് സ്‌നേഹവും,കുറച്ചു പരാതിയും ഉണ്ടായിരുന്നു...അവള്‍ സന്തോഷം കൊണ്ട് ഓടി എന്നരികില്‍ എത്തുവാന്‍ വെമ്പുന്നത് ഞാന്‍ കണ്ടു..ഞാന്‍ അവളെ വാരിപുണരാന്‍ ഓടി...പക്ഷെ നല്ല തിരക്കാണ്..അവള്‍ നില്‍ക്കുന്നത് എന്റെ എതിര്‍വശത്തുള്ള നിരയില്‍ ആണ്...അവള്‍ തിരക്ക് കാരണം മുന്‍പോട്ടു നീങ്ങി പോയിക്കൊണ്ടിരുന്നു...ഇപ്പോള്‍ അവള്‍ക്കു എന്നെ കാണാന്‍ കഴിയുമായിരുനുല്ല..പിന്നെയും അവള്‍ എന്നെ തിരയുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു  ഞാന്‍ തിരക്കിനിടയിലൂടെ അവളുടെ തൊട്ടു പിറകില്‍ എത്തി. അവളുടെ ആ സുന്ദര വദനം കണ്ണനായി കൊതിച്ചു ഞാന്‍ അവളുടെ തോള്ളില്‍ ആകാംഷയും മൂലം വിറയാര്‍ന്ന വിരലുകളാല്‍ പിടിച്ചു...ആ മുഖം എന്നിലേക്ക്‌ പകുതി തിരിഞ്ഞപോഴേ ഞാന്‍ കണ്ടു, ഉപമിക്കാന്‍ ആകാത്തവിധം സുന്ദരമായ ആ  ഭാഗികവദനം...എനിക്ക് ആകാംഷ ഇരട്ടിച്ചു...ശരിക്ക് ഒന്ന് ആ മുഖം കാണാന്‍ ഞാന്‍ വെമ്പി നിന്നു.അവള്‍ മെല്ലെ എനിക്കഭിമുഗമായി തിരിഞ്ഞു.....എന്റെ കാഴ്ച്ചയില്‍ അവെക്തമായ ഒരു മനോഹര മുഖം തെളിഞ്ഞു . എന്നാലും വെക്തമല്ല....ഞാന്‍ കണ്ണുകള്‍ ഒന്നുകൂടി അടച്ചു തുറന്നു.....എവിടെ നിന്നോ ഒരു ഗാനം എന്റെ കാതുകളെ ചുംബിച്ചു.."ങേഹ്...ഞാന്‍ എവിടാ? ഇതേതാ സ്ഥലം?ഓഹ്..എന്റെ റൂം ആണ്..അപ്പോള്‍ ഇതെല്ലം സ്വപ്നം മാത്രം ആയിരുന്നോ?"വല്ലാത്ത ഒരു നിരാശയോടെ അലസമായി ക്ലോക്കില്‍ നോക്കി.....ഓഹ് ഗോഡ് ..സമയം ആറേര ! ഏഴുമണിക്ക്  ഡ്യൂട്ടി തുടങ്ങും...പെട്ടന്നു ചെന്ന് കുള്ളിച്ചു ഒരുങ്ങി റെഡി ആയി...ഒരുങ്ങുപ്പോഴും,ഡ്യൂട്ടി ചെയ്യുമ്പോഴും ആ കരിമിഴികള്‍ മനസ്സില്‍ നിന്നും മറഞ്ഞില്ല....ഈക്കാലം അത്രയും കഴിഞ്ഞിട്ടും ഞാന്‍ ആ മിഴികളെ  ഇപ്പോഴും ഓരോ ആള്‍ക്കുട്ടത്തിലും തിരയാറുണ്ട് .....അങ്ങനെ ഒരു മിഴി എന്നെയും സ്‌നേഹം കൊണ്ട് തിരയുന്നുവോ?....ഉണ്ട് .. അതേ ഞാന്‍ അതിനെയും.....