Thursday, July 28, 2016

വേഴാമ്പൽ


കാവൽക്കാരന്റെ കണ്ണ് വെട്ടിച്ചതൊന്നും അല്ല, അയാൾക്ക് ഒന്നും തിരിച്ചറിയാനോ, കേൾക്കാനോ കഴിഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കാലും തേങ്ങുന്ന മനസ്സുമായി അയാൾ ആ കുന്നു കയറി. കണ്ണുനീർ പടലങ്ങൾ അയാളുടെ കാഴ്ചയെ വെക്തതയിൽ നിന്നും മറച്ചു പിടിച്ചിരുന്നു. ഇന്നലെ വരെ താൻ സന്തോഷമുള്ള ഒരു പിതാവായിരുന്നു. ഇന്ന് തന്റെ ഹൃദയം തകർത്തു അവൾ പോയിരിക്കുന്നു, എന്നന്നേക്കുമായി ഉള്ള യാത്ര. അച്ഛന് അവൾ പോകുംമുമ്പ് സമ്മാനിച്ചത് ആ എഴുത്താണ്..അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തപ്പി.അതവിടെ തന്നെ ഉണ്ട്. "അവൾ എന്നോട് പറയാൻ ഉള്ളതെല്ലാം പറഞ്ഞു പോയി...ഇനി എനിക്ക് എന്റെ പൊന്നുമോളോട് പറയാൻ ഉള്ളതൊക്കെ ആര് അവളോട് പറയും? ആരും ഇല്ല...ഞാൻ, എനിക്ക് മാത്രമേ അത് അവളോട് പറയാൻ പറ്റൂ, ഞാൻ പറഞ്ഞാലേ എന്റെ മോൾക്ക് സന്തോഷമാകു...ഞാൻ അല്ല അവളെ വളർത്തിയത്? എന്നെ അല്ല അവൾ കൂടുതൽ സ്‌നേഹിക്കേണ്ടതു? എന്നോടല്ലേ അവൾ എല്ലാം പറയേണ്ടിയിരുന്നത്? ഞാൻ ഒരു അച്ഛനല്ലായിരുന്നോ മോളെ?" അയാൾ സ്വയം പിറുപിറുത്തുകൊണ്ട് പരിസരബോധം ഇല്ലാത്തവനെ പോലെ അതിവേഗത്തിൽ തന്റെ  ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു കയറി. "വേഗം നടക്ക്, സമയം പോകുന്നു..." 
ഉദിച്ചുയരുന്ന പുലരിയിലെ കോടമഞ്ഞു പുതച്ച ആ മലനെറുകയിൽ നിന്നും അയാൾ ആ കത്ത് വീണ്ടും എടുത്തു വായിക്കാൻ തുടങ്ങി. തന്നെ മോൾ ഇന്നലെ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് എഴുതിയ കണ്ണുനീർ വീണുണങ്ങിയ ഉണങ്ങിയ വാക്കുകളിലൂടെ ആ കണ്ണുകൾ ഇഴഞ്ഞു നീങ്ങി... 

എന്റെ എത്രയും സ്നേഹം നിറഞ്ഞ പാപ്പാ , അമ്മെ,

ഇങ്ങനെ വിളിക്കാൻ എനിക്കു യോഗ്യത ഉണ്ടോന്നു അറിയില്ല. പക്ഷേ ഇപ്പോൾ മരണത്തെ സ്വയം വരിക്കുന്ന ഈ നിമിഷങ്ങളിൽ ഞാൻ കൊതികൊണ്ടു വിളിച്ചു പോകുന്നതാണ്. എന്റെ മരണം നിങ്ങളെ വല്ലാതെ തളർത്തും എന്നെനിക്കറിയാം, പപ്പേടേം, അമ്മേടേം പൊന്നുമോൾ ഇനി ജീവിക്കാൻ യോഗ്യത ഇല്ലാത്തവൻ ആണെന്നുള്ള സത്യം എനിക്കു നിങ്ങളെ ജീവനോടെ അറിയിക്കാൻ കഴിയില്ല, കാരണം നിങ്ങൾക്കു ഞാൻ അത്രക്ക് പൊന്നോമന ആയിരുന്നു. ഒറ്റ മകളായി നിങ്ങളുടെ എല്ലാ സ്നേഹവും അനുഭവിച്ചു എന്നെ വളർത്തി. പപ്പേടെ ചുമലിൽ ആന കളിച്ചും, അമ്മയുടെ കൈകളാൽ എന്നെ കുളിപ്പിച്ചു സുന്ദരി ആക്കി നടത്തിയതും, ജോലി കഴിഞ്ഞു തളർന്നു വരുന്ന പപ്പയോടു നിർബന്ധ ബുദ്ധിയാൽ പല ആവശ്യങ്ങൾ പറയുമ്പോഴും അമ്മയുടെ വാക്കുകളും, ശ്വാസനായും വക വെക്കാതെ പപ്പാ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതും, ഒരിക്കൽ പുതിയതായി മേടിച്ചു തന്ന സൈക്കിളിൽ നിന്നു വീണ എന്ന് കൈമുട്ട് ഉരഞ്ഞു മുറിഞ്ഞത് കണ്ട് പപ്പടെ കണ്ണു നിറഞ്ഞതും, എല്ലാം ഇന്നെനിക്കു കണ്ണുനീരുകൾക്കിടയിലും വ്യക്തമായ കാഴ്ചയായി ഓർമയിൽ തെളിയുന്നുണ്ട്. പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് എന്നെ സ്നേഹിക്കാൻ നിങ്ങൾ മത്സരിക്കുന്നത്. അങ്ങനെ ഒരുപാട് കഷ്ടതകൾക്കിടയിലും നിങ്ങൾ എന്നെ ഒന്നും അറിയിക്കാതെ വളർത്തി വലുതാക്കി. അന്നൊന്നും ഞാൻ അതിന്റെ വിലയും, നിങ്ങൾ എനിക്കു വേണ്ടി അനുഭവിച്ച ത്യാഗവും മനസ്സിലാക്കിയിരുന്നില്ല.

പപ്പാ, പപ്പ ഓർക്കുന്നോ ഞാൻ അന്ന് പത്താം ക്ലാസ്സ് ജയിച്ചപ്പോൾ ഞാൻ മൊബൈലിനു വേണ്ടി വഴക്കിട്ടത്? അന്ന് ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാ അമ്മ പറഞ്ഞിട്ട് എനിക്കു പാപ്പാ മൊബൈൽ മേടിച്ചു തന്നത്. അന്ന് അതു കൈയിലേക്ക് വെച്ചു തരുമ്പോൾ പപ്പയുടെ കണ്ണുകളിൽ ഉണ്ടായ ആ മാറ്റത്തിന്റെ അർത്ഥം ഇന്നെനിക്കു മനസ്സിലായി, അതു ഭയത്തിന്റേതു ആയിരുന്നു. മകളുടെ കൈയിൽ കൊടുത്ത ആ ഉപകരണത്തിന്റെ യഥാർത്ഥ ദോഷം മനസ്സിലാക്കിയുള്ള ഭീതി. പപ്പാ ഇന്ന് ഞാൻ അതു തിരിച്ചറിഞ്ഞു, പക്ഷേ ഞാനത് മനസ്സിലാക്കാൻ ഒരുപാട് വൈകി പോയി.
മൊബൈൽ തുടക്കത്തിൽ എനിക്കു ഗെയിം കളിക്കാനും കൂട്ടുകാരോട് സംസാരിക്കാനും ഉള്ള ഒരു ഉപകരണം ആയിരുന്നു എങ്കിലും പിന്നീട് അതെന്നെ ജീവശ്വാസം പോലെ സ്വാധീനിക്കാൻ തുടങ്ങി. കളിക്കുമ്പോഴും, ഉറങ്ങുമ്പോഴും കഴിക്കുമ്പോഴും എന്തിനു പഠിക്കുമ്പോൾ പോലും എനിക്കു മൊബൈൽ ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നു. അന്നും പപ്പയും അമ്മയും എന്നെ വഴക്കു പറയുമായിരുന്നു. യൗവനത്തിന്റെ ലഹരിയിൽ എനിക്കു അതെല്ലാം നിങ്ങളോടുള്ള പകക്ക് കാരണമായി. 

കുട്ടുകാരോടുള്ള എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത് ഞാൻ പോലും അറിയാതെ ആയിരുന്നു. പൊതുവേ നേരിട്ട് സംസാരിക്കാൻ നാണം കുണുങ്ങി ആയിരുന്ന എന്നെ വാട്‍സ് ആപ്പും, മെസഞ്ചറും എല്ലാം തുറന്നു സംസാരിക്കാൻ സഹായിച്ചു. നേരിട്ട് കാണുമ്പോൾ സംസാരിക്കാൻ നാണവും, അപകർഷതാ ബോധവും ഉണ്ടായിരുന്ന എനിക്ക് ഫോണിലൂടെ സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായി. മെല്ലെ മെല്ലെ ഞാൻ ഒരാളോട് അടുത്തു...എല്ലാം സംസാരിച്ചു തുടങ്ങി, എല്ലാം. രാത്രിയുടെ യാമങ്ങളിൽ ലോകം മുഴുവൻ ഉറങ്ങുമ്പോൾ പപ്പടെ പൊന്നുമോൾ ഫോൺ കോളുകളിലൂടെ അവനുവേണ്ടി പലതും പങ്കുവെച്ച്‌ സ്വർഗീയ സുഖം ആസ്വദിക്കുന്നതായി തെറ്റിധരിച്ചു. പകല് രാത്രിയാകാൻ ഞാൻ കാത്തിരുന്നു. എന്റെ മുറിക്കുള്ളിൽ പലതരത്തിൽ ഉള്ള രതി ഭാവനകൾ അരങ്ങു തകർത്തു. അന്നും എന്റെ ഭാവി സ്വപ്നം കണ്ടു നിങ്ങൾ ഒരു ഭിത്തിക്കപ്പുറം മുറിയിൽ എനിക്കായി നെടുവീർപ്പുകൾ ഉതിർത്തുകാണും, അല്ലേ?

അവനെ മാത്രം വിശ്വസിച്ച എനിക്ക്ആ തെറ്റി. അവൻ എന്നെ ചതിച്ചു.  എന്റെ ഫോൺ സംഭാഷണങ്ങൾ അവർ റെക്കോർഡാക്കി അവന്റെ തന്നെ സുഹൃത്തുകൾക്ക് പങ്കു വെച്ചു തുടങ്ങിയത് അറിയാത്ത ഫോൺ നമ്പറുകളിൽ നിന്നും എനിക്കു ലഭിച്ചുകൊണ്ടിരുന്ന വോയ്‌സ് റെക്കോർഡുകളിൽ നിന്നാണ്. എന്റെ എതിർപ്പുകൾ അവിടെ  വിലപ്പോയില്ല, ഭീക്ഷിണികൾക്കു വഴങ്ങി ഏറെ രാത്രി അവന്റെ സുഹൃത്തുക്കൾക്കായും എനിക്ക് സുഖ രസങ്ങൾ പകർന്നു നൽകേണ്ടി വന്നു. ചിലർ എന്നെ വേശ്യ എന്നുപോലും  സംബോധന ചെയ്തത് എനിക്കു സഹിക്കാൻ കഴിഞ്ഞില്ല പപ്പാ, പക്ഷേ എനിക്കു കേൾക്കുകയെ നിർവാഹം ഉണ്ടായിരുന്നോള്ളു. ആ ദിവസങ്ങളിൽ രാവിലെ എഴുനേറ്റു എനിക്കു പപ്പയുടെയും അമ്മയുടെയും മുഖത്തു നോക്കുമ്പോൾ സത്യമായും എന്റെ നെഞ്ചു പൊട്ടിപോകുവായിരുന്നു അമ്മാ. കൃത്യമായ അടക്കത്തോടെയും ചിട്ടയോടെയും സർവോപരി സ്നേഹത്തോടെയും എന്നെ വളർത്തിയ നിങ്ങളുടെ മുൻപിൽ മറ്റുള്ളവരുടെ കണ്ണുകളിൽ വേശ്യ എന്നു മുദ്ര കുത്തപ്പെട്ടവളായി ഏത് മകൾക്കു തല ഉയർത്തി നിൽക്കാൻ കഴിയും? ഞാൻ വരുത്തിവെച്ച വിന ആണെങ്കിലും ഇങ്ങനൊക്കെ ഞാൻ........കണ്ണു നിറഞ്ഞു തുളുമ്പുന്നു പപ്പാ ഇതെഴുതുമ്പോൾ, മനസ്സിന് വല്ലാത്ത ഒരു നോവാണ് അതൊക്കെ ഓർക്കുമ്പോൾ.


അങ്ങനെ ഒരിക്കൽ തികച്ചും യാദൃച്ഛികമായാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. കാര്യങ്ങൾ അദ്ദേഹത്തോട് തുറന്നു പറഞ്ഞ എനിക്കായി കരുതലിന്റെ, സുരക്ഷയുടെ വാതിലുകൾ അദ്ദേഹം മെനഞ്ഞു. എന്റെ മൊബൈലും, അക്കൗണ്ടുകളും, നമ്പറുകളും നിർബന്ധിച്ചു മാറ്റിച്ച അദ്ദേഹം എന്നെ സംരംക്ഷിച്ചു. ആരാധനയോടൊപ്പം, എനിക്കു അദ്ദേഹത്തോട് സ്നേഹം തോന്നിത്തുടങ്ങി. അതു പരസ്പരം പങ്കു വെച്ച ഞങ്ങൾ പുതിയ ഒരു ജീവിതത്തിലേക്ക് നടന്നു തുടങ്ങി. നെടുവീർപ്പുകളും, കാമ ഭീതിയും കളമൊഴിഞ്ഞു എന്റെ മുറിയിൽ സ്നേഹത്തിന്റെ, സംരക്ഷണത്തിന്റെ ഒരായിരം മുല്ലമൊട്ടുകൾ വിരിഞ്ഞു തുടങ്ങി. പഴയ കാര്യങ്ങൾ പറഞ്ഞു ഒരിക്കലും എന്നെ അദ്ദേഹം നോവിച്ചില്ല. പകരം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു അദ്ദേഹം. അന്നാളുകളിൽ ഞാൻ ദൈവത്തോട് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞു. പടുകുഴിയിൽ നിന്നും എന്നെ കര കയറ്റാൻ ഒരു ദൈവദൂതനെ അയച്ചതിന്. എന്റെ എല്ലാ കുറവും അറിഞ്ഞു എന്നെ സ്നേഹിച്ച അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം എനിക്ക് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല പപ്പാ. അന്നൊക്കെ പപ്പ എന്നോട് പറയുമായിരുന്നു ഞാൻ ഒരുപാട് മാറിപ്പോയെന്നും, സന്തോഷവും പ്രസരിപ്പും കൂടിയെന്നും മറ്റും. അന്നൊക്കെ ഞാൻ വീണ്ടും പഴയതു പോലെ വീട്ടിൽ നിങ്ങൾ ഇരുവരുടെയും കുഞ്ഞു മാലാഖയായി പറന്നു നടന്നു. പപ്പയുടെയും അമ്മയുടെയും എനിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ മൂലമാകാം എനിക്ക് അദ്ദേഹത്തെ കിട്ടിയത്. അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പാഠങ്ങളും എന്നത് കൊണ്ട് എപ്പോഴും പറയുമായിരുന്നു സാധരണ കൂട്ടുകാർക്കും ചിലപ്പോൾ അപരിചിതർക്കും അദ്ദേഹം ചില പ്രതേക ജീവിത സാഹചര്യങ്ങളിൽ മാത്രം കൂടെ ഉണ്ടായ വെക്തി ആയിരുന്നു എന്ന്. പക്ഷേ എന്നെ അദ്ദേഹത്തിന് ഒരിക്കലും നഷ്ടപ്പെടരുതേ എന്നുമാത്രം ആയിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന എന്നും, എന്റെയും. തികച്ചും എനിക്ക് വേണ്ടി മാത്രം ജനിച്ച വെക്തി എന്ന് ഞാൻ സന്തോഷിച്ച ആൾ. അങ്ങനെയിരിക്കെ ഒരിക്കൽ അദ്ദേഹത്തിന് ജോലി സംബന്ധമായ ആവശ്യത്തിന് കുറച്ചു നാൾ നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. സന്തോഷത്തോടെ അല്ലെങ്കിലും എനിക്കു അദ്ദേഹത്തെ താത്കാലികമായി പിരിയേണ്ടി വന്നു. എങ്കിലും അദ്ദേഹം വിളിക്കുന്ന ഓരോ നിമിഷങ്ങളിലും എനിക്ക് സന്തോഷങ്ങളുടെയും സ്നേഹത്തിന്റെയും ഒരായിരം പൂങ്കാവനങ്ങൾ തുറന്നു തന്നു. ഏതവസ്ഥയിലും എന്നെ നന്നായി സംരക്ഷിക്കാൻ കഴിവുള്ള ഒരാൾ. ഒരർഹത ഇല്ലാഞ്ഞിട്ടും ദൈവം എനിക്ക് എന്തിനു ഇത്രയും സ്നേഹം ഉള്ള അല്ല തന്നു എന്ന് പോലും ആ സമയങ്ങളിൽ ഞാൻ ഓർത്തുപോയിട്ടുണ്ട്. 

ഒരിക്കൽ നമ്മുടെ വാടിക്കപുരയിലെ ജോമോൻ, എന്റെ സഹോദരതുല്യനായ അവൻ വീട്ടിൽ വന്നപ്പോൾ യാദർശികമായി അവനു വന്ന ഒരു whatsapp വീഡിയോ ഞാൻ കാണുകയുണ്ടായി. ഞാൻ സ്നേഹിച്ച ആളോട് ഞാൻ നടത്തിയിട്ടുള്ള വീഡിയോ ചാറ്റ്!. ഒരിക്കലും അദ്ദേഹത്തിന് എന്നെ ചതിക്കാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞങ്ങൾ വിശ്വസിച്ച ആ വീഡിയോ അപ്ലിക്കേഷൻ വഴി പുറത്തു പോയിട്ടുള്ളതായിരുന്നു അത്. അന്ന്, ആ നിമിഷം മരണത്തെ വരിക്കാൻ തീരുമാനിച്ച ഞാൻ ഒരിക്കൽ കൂടി അദ്ദേഹത്തോട് സംസാരിക്കാൻ ഉള്ള ആഗ്രഹത്താൽ അദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത് അദ്ദേഹം സ്വയം ജീവൻ ഒടുക്കി എന്ന നടുങ്ങുന്ന വാർത്തയാണ്. ഞാൻ ഇല്ലാതെ അദ്ദേഹം തനിച്ചു പോയിരിക്കുന്നു എന്നുള്ള യാഥാർഥ്യത്തെ ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം അദ്ദേഹം എഴുതിയ കുറിപ്പിൽ "എനിക്ക് അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല, ഒരു താത്കാലിക തൃപ്തിക്കു വേണ്ടി ഞങ്ങൾ ചെയ്തതെല്ലാം ഇന്ന് ലോകം അറിഞ്ഞു തുടങ്ങി. സുരക്ഷിതം അല്ലെന്നു എനിക്ക് അറിയാമായിരുന്നിട്ടും അത് സുരക്ഷിതമെന്ന് സ്വയം നിർബന്ധപൂർവം ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. കാലത്തിന്റെ ഒഴുക്കിൽ ജീവിതത്തിൽ വന്നടിഞ്ഞ എന്റെ പെണ്ണിൻ്റെ ഒപ്പം ജീവിതം തുഴഞ്ഞു നടന്ന എനിക്ക് തെറ്റി. സംരക്ഷകനാകേണ്ട ഞാൻ തന്നെ അവളുടെ സ്ത്രീത്വത്തിന്റെ ഘാതകനായി. വേദനയുടെ തോൽവികൾ ഏറ്റുവാങ്ങിയിട്ടുള്ള എനിക്ക് ഈ തോൽവി പൂർണമായിരുന്നു. ഇനി ഞാൻ ദിശമാറി ഒഴുകട്ടെ? എന്റെ തോൽവിയുടെ വേഷം അഴിച്ചു വെക്കാൻ സമയം ആയി " 

പപ്പാ, ഇന്ന് ഞാൻ ഒരു സ്വപ്നം കണ്ടു. മുൻപൊരിക്കൽ ഇത് ഞാൻ പറഞ്ഞിരുനെകിൽ എനിക്കൊപ്പം നിങ്ങളും സന്തോഷിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ കണ്ടത് എന്നെയും നിങ്ങളെയും ഒരുപോലെ കരയിക്കുന്ന ഒരു കാഴ്ചയായിരുന്നു. കല്യാണ വേഷത്തിൽ അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന എന്നെ കൈപിടിച്ച് നടത്തുന്ന എന്റെ പപ്പയും അമ്മയും....


എനിക്ക് പപ്പയെയും അമ്മയെയും പിരിഞ്ഞിരിക്കാൻ കഴിഞ്ഞിട്ടല്ല. പക്ഷേ ഇന്ന് അദ്ദേഹം ഇല്ലാത്ത ഈ ലോകത്തു ഞാൻ എന്നെ വീണ്ടും കാത്തിരിക്കുന്നത് ചതിയുടെ കണ്ണുകൾ ആണെന്നുള്ള ചിന്ത അന്നേ വല്ലാതെ ഭയപ്പെടുത്തുന്നു, കാരണം ഞാൻ ഒരു പെൺ ആയി ജനിച്ചു പോയില്ല? തികച്ചും എനിക്ക് വേണ്ടി മാത്രം ജീവിച്ച അദ്ദേഹത്തിന് വേണ്ടി മരിക്കുവാൻ  മാത്രമേ എനിക്ക് ഇന്ന് കഴിയു. മരണശേഷം ഒന്നായി ജീവിക്കാൻ കഴിയുമോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും ഒരു പ്രതീക്ഷ...

കത്തിൽ എവിടെനിന്നോ ഒരു തുള്ളി ജലകണം പതിച്ചു. അയാൾ ഉയരത്തിലേക്ക് നോക്കി. തന്റെ മകളുടെ കണ്ണുനീർ ആകാം ഇത്, തങ്ങളെ ഓർത്ത്...ഒരുപക്ഷേ തിരിച്ചു വരാൻ ആഗ്രഹിച്ചിട്ട് കഴിയാത്തതിനാൽ അവൾ നിസ്സഹായയായി കരയുന്നതാകാം. വെമ്പി നിന്ന ആ അച്ഛൻ നിലവിട്ടു കരഞ്ഞു കൊണ്ട് ആ കത്തിനെ ചുമ്പനം കൊണ്ട് പൊതിഞ്ഞു. 
ഒരു നിമിഷം, എന്തോ ഓർത്തത് പോലെ അയാൾ കത്തിൽ നിന്നും മുഖം ഉയർത്തി അയാൾ തന്റെ വശത്തേക്ക് നോക്കി. കണ്ണുനീർ ബാക്കി ഇല്ലാതെ വരണ്ട ചുണ്ടുകളും കരഞ്ഞു വീർത്ത മുഖവുമായി തന്റെ കൈ പിടിച്ചു മലകയറിയ എന്റെ പൊന്നുമോളുടെ അമ്മ!. മലകയറിയപ്പോൾ അവശയായി നിന്നവൾ ഇപ്പോൾ ഉറച്ച മനസ്സുമായി നിൽക്കുന്നു. വേദനയിൽ ഉറച്ച തീരുമാനത്തിന്റെ മനസ്സ്!. മരണ വാർത്ത അറിഞ്ഞു ബോധം നഷ്ടപ്പെട്ട തന്റെ ഭാര്യയുടെ ആദ്യ വാക്ക് "നമുക്കും പോകാം നമ്മുടെ മോളുടെ അടുത്തേക്ക്? അവിടെ എങ്കിലും നമുക്ക് മോളെ നന്നായി നോക്കി വളർത്തണം...ഇനി എന്റെ മോള് വിഷമിക്കരുത്" എന്നാണ്. അതിനു ശേഷം ഈ നിമിഷം വരെ അവൾ കരഞ്ഞിട്ടില്ല,ഒരു വാക്ക് ഉരിയാടിയിട്ടില്ല! പക്ഷേ അലതല്ലിക്കരയുന്ന അവളുടെ മനസ്സിന്റെ താളം തനിക്കു കേൾക്കാൻ കഴിയുന്നുണ്ട്. 

അയാൾ ആ അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു. ഒരു ചുവടു മുൻപോട്ടു വെച്ചു....അഗാധമായ കൊക്കയിലേക്ക് അവർ ഒന്നിച്ചു പറന്നിറങ്ങി...വേഗത്തിൽ തങ്ങളുടെ പൊന്നുമോളുടെ അരികിൽ പറന്നെത്താൻ വെമ്പുന്ന മനസ്സുമായി...
ആ ശരീരങ്ങൾ പാറക്കൂട്ടങ്ങളിലും മരങ്ങളിലും തട്ടി തെറിച്ചു താഴേക്ക് പതിച്ചു. 

ദൂരെ എവിടെയോ വേഴാമ്പൽ കരഞ്ഞു "ഇനി ഞങ്ങൾ ദിശമാറി ഒഴുകട്ടെ? ഞങ്ങളുടെ തോൽവിയുടെ വേഷം അഴിച്ചു വെക്കാൻ സമയം ആയി "

Sunday, December 6, 2015

ഓർമ്മയിലെ മഴ


"ഉൾ വനത്തിൽ കോരിച്ചൊരിയുന്ന മഴ"
പ്രവാസത്തിൻറെ നേരിയ തണുപ്പുള്ള പ്രഭാതത്തിൽ മുല്ലപെരിയ്യാർ ഡാമിന്നെ കുറിച്ചുള്ള വാർത്തവായിച്ചപ്പോൾ ഇടയ്ക്കു കണ്ണിലും മനസ്സിലും ഒരുപോലെ സുഖം നൽകിയ ഒരു വരി.
ഓർക്കുമ്പോൾ തന്നെ മനസ്സ് കുളിരുന്നു. മഴയുടെ പച്ചപ്പും സംഗീതവും മനസ്സിൽ പെയ്തിറങ്ങി.
നിലക്കാതെ പെയ്യുന്ന മഴ പച്ച വർണ്ണങ്ങളെ തോരാതെ നനയിച്ച് ...
പെയിതോഴിയുന്ന മഴയ്ക്ക് താളമേകി  ഇലകളിലേക്ക് ഊർന്നു വീഴുന്ന മഴത്തുള്ളികളും.
മഴയുടെ സൌന്ദര്യം ആദ്യമായി ആസ്വദിക്കുന്നത് നാട്ടിൽ പമ്പയും മണിമലയും മത്സരിച്ചു ഒഴുകുന്ന നദിക്കരയിൽ നിന്നുള്ള വീട്ടിൽ നിന്നായിരുന്നു. വാതിലിൽ കൂടി പുറത്തേക്കു നോക്കുമ്പോൾ നദിയുടെ തീരത്ത് നട്ടുപിടിപ്പിച്ച ഗന്ദിരാജനിലും , കല്യാണസൌഗന്ധത്തിലും തട്ടിതെറിക്കുന്ന മഴത്തുള്ളികളും, അതിനപ്പുറത്ത് പരന്നൊഴുകുന്ന നദിയിൽ  ആർത്തുല്ലസിച്ച് പതിയുന്ന മഴയും, അതിന്റെ പ്രണയപൂർവ്വം  വാരിപുണരുന്ന പുഴയും.
ഇടക്കിടെ തലയിൽ പാളതോപ്പിയും ചൂടി മഴയിൽ നിന്നും ഓടിയോളിക്കനോരുങ്ങി ചെറു വള്ളങ്ങള്ളിൽ തുഴഞ്ഞുനീങ്ങുന്ന മീൻപിടുത്തക്കാർ. പറയാതിരിക്കാൻ വയ്യ, മഴ നനഞ്ഞു കുതിരുമ്പോഴാണ്  അവരുടെ കൊച്ചുവള്ളങ്ങളുടെ യദാർത്ഥ ഭംഗി പ്രകടമാകുന്നത്.

പടിഞ്ഞാറ് കാർമേഘം ചിറകുവിരിച്ച് എത്തുമ്പോഴേ മുതിർന്നവർ പറയും "പടിഞ്ഞാറ് കോള് കൊണ്ടിട്ടുണ്ട് മഴപെയ്യും" എന്ന്. പിന്നീടങ്ങോട്ട് ഒരു ഓട്ടം  ആണ്, അലക്കി തോരാൻ വിരിച്ച തുണികളും, ഉണങ്ങാൻ ഇട്ട മുളകും, കൊപ്പ്ര തേങ്ങയും മറ്റും മഴ നനയിക്കാതെ  സുക്ഷിച്ച് വെക്കാൻ.
അങ്ങനെ നിൽക്കുമ്പോൾ കേൾക്കാം മഴയുടെ നാലുദിക്കും അറിയിച്ചുള്ള വരവ്. ചിലപോഴോക്കെ കുടെ സഹയാത്രികരായ "ഇടിയും മിന്നലും" കാണും. വരവ് ചിലപ്പോൾ അതിശീഘ്രം ആണെങ്കിൽ  ഓടിയോളിപ്പിക്കാറുള്ള  തുണിയും, മുളകും ചെറുതായെങ്കിലും നനയിക്കും,ഒരു കുസൃതി പോലെ.
മഴ നിർത്താതെ പെയ്യുമ്പോൾ പിന്നെ മെല്ലെ കട്ടിലിൽ പുതപ്പിന്റെ അടിയിലേക്ക് ചുരുളും. ഉറക്കത്തിന്റെ "അസുഖം" സാധാരണയായി പടർന്ന് പിടിക്കുന്ന കാലമാണ്. ഉറക്കം കഴിഞ്ഞു മെല്ലെ കണ്ണുതുറക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ ജനലഴികളിൽ പറ്റിപിടിച്ചു ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ ആയിരിക്കും കണി. പിന്നീടു അടുക്കളയിൽ നിന്നും ചുടോടെ എത്തുന്ന നല്ല കട്ടൻ കാപ്പിയും കുടിച്ചു മുൻവശത്തെ പടികളിൽ ഇരുന്നു ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികലുടെ താളവും ആസ്വദിച്ചു 
അങ്ങനെ ഇരിക്കുമ്പോൾ വീടിന്റെ പിൻവശത്തുള്ള വഴിയിലേക്ക് ചാഞ്ഞുനിൽക്കുന്ന മാവിൽ നിന്നും മഴകഴിഞ്ഞു എന്നുള്ളമട്ടിൽ കിളികൾ ചിലച്ചുതുടങ്ങും. വഴിയുടെ ഒരുവശത്ത് അതിർത്തി തീർത്തിട്ടുള്ള മുള്ളുവേലിയിൽ പിടിച്ചു വെറുതെ മഴയിൽ കുളിച്ചുകിടക്കുന്ന വഴിയിൽ നോക്കിനിൽക്കുമ്പോൾ "വായിനോക്കതെ കയറിപോടാ" എന്ന് പറഞ്ഞു മരങ്ങളിൽ തങ്ങിനിൽക്കുന്ന, മഴ ബാക്കിവെച്ചുപോയ നീർകണങ്ങൾ ഒരു ചെറുകാറ്റിന്റെ "തട്ടുകൊണ്ട്" ഒന്നിച്ചു ശരീരത്തിൽ പതിക്കും, അപ്പോഴാണ്നമ്മൾ കുട്ടുകാരെ ഒരു സ്വകാര്യം പറയാം എന്നുപറഞ്ഞു അടുത്തുള്ള ഏതെങ്കിലും കൊച്ചുമരച്ചുവട്ടിൽ കൊണ്ടുപോയി നിർത്തി മരംകുലുക്കുമ്പോൾ മരത്തിന്റെ ഇലകളിലും മറ്റും തങ്ങിനിന്ന മഴത്തുള്ളികൾ അവരുടെ ദേഹത്തേക്ക് വീഴുമ്പോൾ അവരുടെ "ഭാവ പ്രകടനം" കണ്ട് സുഖിക്കാറുള്ള, സുഖത്തിന്റെ മറുമരുന്നാണ് ഇതെന്ന് ഓർത്തുപോകുന്നത്‌.

മഴകാഴ്ചകൾ അല്ലെ? പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇനിയും പറഞ്ഞുകൊണ്ടിരുന്നാൽ ഓഫീസിൽ "പണികൾ" ബാക്കിയാകും.
ഒരു കാര്യം കൂടി, മഴയാണ് നമ്മുടെ മലയാള നാടിന്റെ, പച്ചപ്പിന്റെ വശ്യ സൗന്ദര്യവും, മണ്ണിന്റെ മണത്തിന്റെ ലഹരിയും. കണ്ണിനു കുളിരായി ഇന്നും ചിത്രങ്ങൾ മായാതെ മനസ്സിൽ സുക്ഷിച്ചിട്ടുണ്ട്. വരുംതലമുറക്ക് ഒരുപക്ഷേ അറബികഥകളിലെ "അത്ഭുതങ്ങളായി" മഴകാഴ്ചകൾ മാറിയാൽ എനിക്ക് അവരോട് ഞാൻ അനുഭവിച്ച "അത്ഭുതങ്ങൾ" പറഞ്ഞ് ആളാകാമല്ലൊ?

Monday, August 4, 2014

ഒരു നാൾ...


ഓര്‍ഫനെജില്‍ നിന്നും അച്ചന്റെ കാറില്‍ ടൌണിലേക്കുള്ള യാത്രയില്‍ മേഘ തന്റെ ചെറുപ്പം മുതല്‍ കൈവിരല്‍ പിടിച്ചു സ്വന്തം മകളെ പോലെ സ്നേഹവും സന്തോഷവും തന്നു വളര്‍ത്തി പഠിപ്പിച്ചു ഇന്ന് ഒസ്ട്രലിയയിൽ ഉയര്‍ന്ന നിലയില്‍ ജോലി ലഭിക്കാന്‍ കാരണമായ ഫാദര്‍ കുരിവിള  കോശിയെ  ഓര്‍ത്തു...അവള്‍ അച്ചനെ അച്ചാച്ചന്‍ എന്നാണ് വിളിക്കുന്നത്‌...ചെറുപ്പം മുതല്‍ ശീലിച്ച ആ വിളി ഇപ്പോഴും.......ആ വിളി കേള്‍കുമ്പോള്‍ തന്നെ അച്ചന്റെ കണ്ണുകളില്‍ ഒരു സ്നേഹത്തിന്റെ ഉറവ പൊട്ടി ഒഴുകുന്നത്‌ കാണാം. അതാണ്‌ തന്റെ അച്ചാച്ചന്‍.നന്മയുടെ, കാരുണ്യത്തിന്റെ ഒരു പൂര്ണ രൂപം. ഇന്ന് അച്ചന്റെ അൻപതാം പിറന്നാള്‍ ആണ്... ഒരു സമ്മാനം മേടിക്കാന്‍ ഉള്ള യാത്രയിലാണവള്‍.
അവള്‍ക്കു അഞ്ചു വയസ്സ് മാത്രം പ്രായം ഉള്ളപ്പോള്‍ ആണ് അവളുടെ അമ്മ ഒരു രാത്രിയില്‍ ഇറങ്ങിപ്പോയത്.പോകുമ്പോൾ ഡേവിഡ് എന്ന് പേരുള്ള തന്റെ മുന്ന് വയസ്സ് മാത്രം പ്രായം  ഉണ്ടായിരുന്ന കുഞ്ഞു അനിയന്‍ അപ്പുവിനെയും കുടെ കൊണ്ട് പോയി...അമ്മയുടെയും അപ്പുവിന്റെയും മുഖം മനസിന്റെ ഒരു കോണില്‍ അവള്‍ മായാതെ സുക്ഷിച്ചിട്ടുണ്ട്...ജീവിത യാത്രയില്‍ എപ്പോഴെങ്കിലും കണ്ടു മുട്ടിയാല്‍ തിരിച്ചു വേണം തനിക്കവരെ..അച്ചാച്ചന്‍ ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹവും പരിചരണവും മനസുനിറയെ തന്നു... എങ്കിലും ഒരു പെറ്റമ്മയുടെയും അനുജന്റെയും സ്നേഹം എന്തെന്ന് അറിയാന്‍ ഉള്ള അതിയായ ആഗ്രഹം...സ്വന്തം ബാല്യം ഒരു പകുതിയില്‍ സന്തോഷപൂരിതം ആയിരുനെങ്കിലും മറുവശം അമ്മയുടെയും അനുജന്റെയും നിറം മങ്ങാത്ത ഓര്‍മകളില്‍ കൊതിയോടെ ഓടിനടക്കുകയായിരുന്നു.
അവള്‍ക്കു മുന്ന് വയസ്സും അനിയന്‍ അപ്പുവിനു ഒന്‍പതു മാസം പ്രായം ഉള്ളപ്പോള്‍ ആണ് മുഴുകുടിയന്‍ ആയ അച്ഹന്‍ മറ്റൊരു സ്ത്രീയുടെ കുടെ ഇറങ്ങി പോയത് എന്ന് അമ്മ പറഞ്ഞും അച്ചാച്ചന്‍ പണ്ടൊരിക്കല്‍ പറഞ്ഞും അവള്‍ക്കു അറിയാം.അവളുടെ ഓര്‍മയില്‍ അമ്മയുടെ കണ്ണുനീര്‍ വറ്റാത്ത കണ്ണുകളും ദുരിതവും മാത്രം ആയിരുന്നു അക്കാലങ്ങളില്‍ തനിക്കു ക്കുട്ട്. ചില രാത്രികളില്‍ വീടിനു പുറത്തു അടക്കി പിടിച്ച സംസാരവും കതകില്‍ ആരൊക്കെയോ മുട്ടുന്നതും അവള്‍ കേള്‍ക്കാറുണ്ടായിരുന്നു..അപ്പോഴൊക്കെ അമ്മ പേടിച്ചു തന്നെയും അപ്പുവിനെയും കെട്ടിപിടിച്ചു കരയും.ഒരിക്കല്‍ കതകു ചവിട്ടുപോളിക്കും എന്നുള്ള അവസ്ഥ വന്നപ്പോള്‍ അമ്മ തലയിണ കീഴില്‍ എന്നും സുക്ഷിച്ചു വെക്കാറുള്ള വെട്ടുകത്തിയുമായി പുറത്തേക്കു ഇറങ്ങി.എന്തൊക്കെയോ ശബ്ദം, ആരൊക്കെയോ നിലവിളിക്കുന്നു..അമ്മയുടെ കരച്ചില്‍...കുറച്ചു നേരത്തേക്ക് അവള്‍ പേടിച്ചു മുറിയുടെ മൂലയിലേക്ക് തല ഒളിപ്പിച്ചു വെച്ചു...ഒരു തണുത്ത നിശബ്തത ആ രത്രിയില്‍ ആ വീടിനു കുട്ടായി ഇരുന്നു...രാവിലെ ഉറക്കമുണര്‍ന്നു നോക്കുപോള്‍ അമ്മയെയും അപ്പുവിനെയും കാണുനില്ല!!!
മുറ്റത്ത്‌ ആരുടെയൊക്കെയോ സംഭാഷണങ്ങള്‍...അവള്‍ പുറത്തേക്കു എത്തി നോക്കി.പോലീസ്....!!! അവള്‍ പേടിച്ചു കതകിനു പുറകില്‍ ഒളിച്ചു.എത്ര നേരം അങ്ങനെ നിന്നെന്നു അവള്‍ക്കു ഓര്‍മയില്ല. ചുമലില്‍ വത്സല്ല്യതോടെ, മോളെ എന്ന് വിളിച്ചു തലോടിയ ആ കരങ്ങള്‍ ആണ് പിന്നീടു അവള്‍ക്കു എല്ലാമായി തീര്‍ന്ന അവളുടെ അച്ചാച്ചന്‍.അന്ന് പള്ളിയിലെ കൊച്ചച്ചന്‍ ആയിരുന്ന ഫാദര്‍ കുരിവിള  കോശിക്ക് ഏകദേശം ഇരുപത്തിയഞ്ചു വയസ്സ് പ്രായം...പൊതുവെ മെലിഞ്ഞ ശരീരപ്രകിര്‍തം ഉള്ള  അച്ചനെ അന്ന് കണ്ടു അവള്‍ക്കു ഒരു മൂത്ത ചേട്ടന്റെ പ്രായം ഉള്ള ഒരാള്‍ ആയി തോന്നിയത് കൊണ്ടാവാം അച്ചനെ അവള്‍ അച്ചാച്ചന്‍ എന്ന് വിളിച്ചു തുടങ്ങിയത്. അന്ന് രാത്രിയില്‍ തന്റെ ശരീരം കടിച്ചു കുടയാന്‍ എത്തിയ ആ മനുഷ്യ മൃഗങ്ങളെ വെട്ടി സമനില തെറ്റി ആണ് പാവം അവളുടെ അമ്മ അപ്പുവിനെയും കൊണ്ട് ഇറങ്ങി പോയത്...വെട്ടുകൊണ്ടവര്‍ മരിച്ചു കാണും എന്നുള്ള പേടിയും ഉണ്ടായിരുന്നെക്കാം...എല്ലാം ഒരു അവെക്ത ചിത്രം പോലെ മനസ്സില്‍ തട്ടി നില്‍ക്കുന്നു.എന്തുകൊണ്ടാണ് തന്നെ കുട്ടാതെ അമ്മ പോയതെന്ന് അവള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..ഒരു ഒരിക്കല്‍ അച്ചാച്ചന്‍ അച്ഛനോട് ചോദിച്ചപ്പോള്‍ “അന്ന് അപ്പു തീരെ കുഞ്ഞു അല്ലായിരുന്നോ? അതുകൊണ്ടാകാം,...അല്ലാതെ മോളുടെ അമ്മക്ക് മോളെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല കേട്ടോ?”എന്ന് അവളെ സമാധാനിപ്പിക്കാന്‍ എന്നവണ്ണം അച്ചന്‍ പറഞ്ഞു. ശരിയാ...അപ്പു അന്ന് കുഞ്ഞായിരുന്നു...കുഞ്ഞി പല്ല് കാണിച്ചുള്ള ആ ചിരിയും "ലേച്ചി" എന്ന് വിളിച്ചു ഓടിവന്നു കേട്ടിപിടിക്കാറുള്ളതും..."അപ്പുട്ടാ"എന്ന്  താന്‍ വിളിക്കുമ്പോൾ ഉള്ള അവന്റെ നോട്ടവും,ചിരിയും മറ്റും അവള്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ അവൾ ഓര്‍ത്തു.ഇപ്പോള്‍ അവന്‍ എവിടായിരിക്കും? വലുതായി കാണും...തന്നെ കണ്ടാല്‍ അപ്പുന് മനസ്സിലാകുമോ? ഇത്തവണ തന്റെ കല്യാണം നടത്തണം എന്നുള്ള ആഗ്രഹത്തില്‍ ആണ് അച്ചാച്ചന്‍ . നല്ല ജോലിയും ചുറ്റുപാടും ആയെങ്കിലും അമ്മയും അപ്പുവും എവിടെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ തേടി കണ്ടെത്തണം. അതിനു ശേഷം മതി വിവാഹവും ജീവിതവും...ഈ തീരുമാനം അവള്‍ അച്ചനെ അറിയിച്ചിട്ടില്ല...

നഗരത്തിലെ തന്നെ അറിയപ്പെടുന്ന ഗുണ്ട ആയിരുന്നു ചുരല്‍ ഡെവിള്‍. മറ്റുള്ളവര്‍  കത്തിയും  മറ്റു  മാരകായുധങ്ങളും   ഉപയോഗികുമ്പോള്‍ ഒരു  വണ്ണം  ഉള്ള  ചുരല്‍  വടി  ആണ്  അവന്റെ  ആയുധം.ആ വടി കൈയില്‍ ഉള്ളപോള്‍ അവനെ തൊടാന്‍ പോലും ശത്രുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.അസാമാന്യ മേയ് വഴക്കം ആയിരുന്നു അവന്‍റെ മുതല്‍ക്കുട്ട്...വടി കറക്കി തുടങ്ങിയാല്‍ അവനുച്ചുട്ടും ഒരു കവചം പോലെ അത് പറന്നു കളിച്ചു. കുട്ടത്തില്‍  ഉള്ളവര്‍ക്ക്  അവന്‍  "ചേട്ടായി"  ആയിരുന്നു.സ്നേഹിച്ചാല്‍  സ്വന്തം  ചങ്ക്  പറിച്ചു  കൈയില്‍  വെച്ച്  കൊടുക്കുന്നവന്‍  ആണ് ചേട്ടായി എന്നാണ്  കുട്ടത്തില്‍  ഉള്ളവരുടെ  അഭിപ്രായം .പക്ഷെ, ഒത്ത  ശരീരപ്രകിര്‍തിയും   പൌരുഷമായ  നോട്ടവും  ഗുണ്ട  പിരിവുകളും  മറ്റും  അവനു  നല്ലൊരു ഗുണ്ട പരിവേഷം നല്‍കി.തന്റെ  പതിനൊന്നാം  വയസ്സില്‍  അമ്മ  വിശപ്പ്‌  കാരണം എച്ചില്‍  കുനയില്‍  ആഹാരത്തിനു  വേണ്ടി  പരതുന്നത്  കണ്ടു  സഹിക്കാന്‍ വയ്യാതെ സമീപത്തു  കുടി  പോയ  ഒരു  സ്ത്രീയുടെ  കഴുത്തില്‍  നിന്നും  സ്വര്‍ണമാല  പൊട്ടിച്ചു ഓടി അണച്ച് നിന്നത് ഒരു ഹോട്ടലിനു മുന്‍പില്‍. കയ്യിൽ ഇരുന്ന മാല അവിടെ കൊടുത്ത്    കൊടുത്തു  അമ്മക്ക് ആഹാരം  മേടിച്ചു  കൊടുത്തു  തുടങ്ങിയ  ജീവിതമാണ് ഇന്നവനെ  ഗുണ്ട  എന്നുള്ള  പേരില്‍  എത്തിച്ചത്. അവനു  അമ്മ  എല്ലാം  ആയിരുന്നു....ഒരിക്കല്‍  പോലീസ്  മോഷണ  കുറ്റത്തിനു   പതിനാറാം  വയസ്സില്‍  തന്നെ  വീട്ടില്‍  കയറി  അടിച്ചു  അവശനാക്കി എടുത്തുകൊണ്ടു  പോകുന്നത്  കണ്ടു അമ്മ  മയങ്ങി  വീഴുന്നത്  അവന്‍  കണ്ടു. മുന്ന്  വര്‍ഷത്തെ  ദുർഗുണ പരിഹാര പാഠശാലയിലെ  വാസത്തിനു  ശേഷം  പുറത്തിറങ്ങിയ  അവനെ ലോകം  ഭീതി  നിറഞ്ഞ  കണ്ണുകളില്‍  കുടി  കണ്ടു.ആരും  ഒരിറ്റു സ്നേഹം  അവനോടു  കാണിച്ചില്ല ....ഒരു  ജോലി  അന്വേഷിച്ചു , അതും  നല്‍കാന്‍  ആരും  കുട്ടാക്കിയില്ല.ഒരു  ജയില്‍  പുള്ളിക്ക് ആര് ജോലി കൊടുക്കാന്‍?അങ്ങനെയിരിക്കെ  തെരുവില്‍  അനിയത്തിയുടെ  രോഗത്തിന്  ചികില്‍ത്സിക്കാന്‍ പണം തേടി  അലഞ്ഞു സഹികെട്ട്  പോക്കറ്റടി  തൊഴിലാക്കിയ  രഘുവിനെ  പരിച്ചയെപ്പെട്ടു. ആ  കൂട്ട്  ഒരു  ക്വട്ടേഷന്‍  സംഘം  ആയി  രൂപപ്പെടാന്‍ അധികം സമയം വേണ്ടി വന്നില്ല.ഇതിനിടയില്‍  അമ്മയെ  തേടി  അവന്‍  ഒരുപാട്  അലഞ്ഞു .ഒരിക്കല്‍  രേഘുവിന്റെ  സഹോദരിയുടെ  ചികില്‍ത്സയുടെ  ആവശ്യത്തിനായി  ഇവിടെ  എത്തിയപ്പോള്‍ ആണ്  അതേ  ആശുപത്രിയുടെ  മാനസിക  ആരോഗ്യ  വിഭാഗത്തില്‍  സെല്ലിലടച്ച  നിലയില്‍ അവന്റെ അമ്മയെയും  അവന്‍  യദ്രിചികമായി കണ്ടത്. അവന്‍  ആകെ തകര്‍ന്നു  പോയി ...സ്വന്തം മോനെ  കണ്ടിട്ട്  പോലും  ആ  അമ്മക്ക്  മനസിലായില്ല.അമ്മയെ  കൂടെ  കൊണ്ട്  പോകണം, പക്ഷെ  എവിടെ  താമസിക്കും?വളര്‍ന്ന  നാട്ടില്‍  തനിക്കു  ആരും  വാടകയ്ക്ക് പോലും  വീട്  തരില്ല...അങ്ങനെ  ആണ്  അവന്‍  ഇവിടെ  തന്നെ  ഒരു  ചെറിയ  വീട്  വാടകക്ക്  എടുത്തു  അമ്മയെകൊണ്ടുവന്നു  അവിടെ  താമസിപ്പിച്ചു. .ചൂരല്‍  ഡെവിള്‍  എന്ന  അവന്‍  ഇപ്പോള്‍  ടൌണില്‍  ഉള്ള  ഒരു  കടയില്‍  ജോലിക്കുപോയി  അമ്മയെ  സ്നേഹപുര്‍വ്വം പരിപാലിച്ച് കിട്ടുന്ന  പണം  സ്വരുപിച്ചുവെച്ച്  എല്ലാ  മാസത്തിന്റെയും  അവസാനം  ഡോക്ടറിനെ കാണാന്‍  പോകും...മരുന്ന്  മേടിക്കും ...ചിലപ്പോള്‍  അമ്മാ  വിഭ്രാന്തി കാണിക്കുമ്പോള്‍  അവന്‍  ആ  അമ്മയോട്  എന്തൊക്കെയോ  പറയും. എല്ലാം  കേട്ട്  ചിരിച്ചും  കരഞ്ഞും  ആ  അമ്മ.ഗുണ്ട പരിവേഷം പുര്‍ണമായും അവനില്‍നിന്നും അഴിഞ്ഞു പോയി അവന്‍ നല്ല ഒരു മകന്‍ ആയി ജീവിച്ചു തുടങ്ങിയിരിക്കുന്നു!!!.അമ്മക്ക്  വിശക്കുമ്പോള്‍  ഒന്നും  പറയാറില്ല ...വയറു  പൊത്തിപിടിച്ച്‌  കരയും ...ആദ്യമൊന്നും അവനു  അതൊന്നും  മനസിലായിരുന്നില്ല . ഇപ്പോള്‍  അവന്‍  അമ്മക്ക്  വേണ്ടി  എല്ലാം  കരുതി  വെക്കും ...അമ്മക്ക്  ഒരിക്കലും  വിശപ്പു  തോന്നാന്‍  പാടില്ല ...അന്നൊരിക്കല്‍ അമ്മ  മാലിന്യ കൂനയില്‍ ആഹാരം പരതി...ഒഹ്...ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സ് വിങ്ങി.
പതിവ് പോലെ അമ്മയെ രാവിലെ കുളിപ്പിച്ച് ആഹാരം കൊടുത്തു, പിന്നീടു കഴിക്കാന്‍ ഉള്ള ആഹാരം എടുത്തു വച്ചു . വീട് പുറത്തു നിന്നും പൂട്ടാറില്ല..അമ്മയെ വീട്ടില്‍ പുട്ടി ഇടാന്‍ അവന്റെ മനസ്സ് അനുവദിച്ചില്ല...റോഡിലേക്ക് പോകാതിരിക്കാന്‍ ഗേറ്റ് പൂട്ടി ആണ്  അവന്‍ എന്നും ജോലിക്ക് പോകുന്നത്..അമ്മയുടെ നെറുകയില്‍ പതിവുപോലെ ഒരു സ്നേഹ ചുംബനവും കൊടുത്തു,"ഞാന്‍ പോയിട്ട് വരാം അമ്മേ" അവന്‍ പുറത്തേക്കു ഇറങ്ങിയപ്പോള്‍ ആണ് കടയില്‍ നിന്നും മൊബൈലില്‍ രഘുവിന്റെ കാള്‍ വന്നത് ..."കടയില്‍ കള്ളന്‍ കയറി!!!!"...കുറച്ചു പലചരക്ക് സാധനങ്ങള്‍ മാത്രം  മോഷണം പോയി...പോലീസ് എത്തിയിട്ടുണ്ട്. ഫോണ്‍ വിളിച്ചു നടന്ന തിരക്കില്‍ അവന്‍ ഗേറ്റ് പൂട്ടാനും മറന്നു. ഒരിക്കല്‍ അമ്മ പുറത്തിറങ്ങി നടന്നു...കൈയില്‍ ഒരു ഫോട്ടോയും പിടിച്ച്.....അതില്‍ മാത്രം നോക്കി വഴിയില്‍ ഉള്ള വാഹനവും മറ്റും ശ്രദ്ധിക്കാതെ...അന്ന് അടുത്തുള്ള വീട്ടിലുള്ളവര്‍ ആണ് അമ്മയെ പിടിച്ച് നിര്‍ത്തിയത്...ആ ഫോട്ടോയില്‍ ഉള്ളത് ആരെന്നു അവനു ഇപ്പോഴും അറിയില്ല...ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞ വദനങ്ങള്‍.അതാരെനു ഇന്നും അവനു അറിയില്ല.അമ്മയുടെ കൈകളില്‍ ആ ഫോട്ടോകള്‍എന്നും ഉണ്ടായിരുന്നു.

അമ്മയുടെയും അനുജജന്‍റെയും ഓര്‍മകളില്‍ മുഴുകി വാഹനം ഓടിക്കുന്നതിന്റെ ഇടയില്‍ ആണ് ഒരു മധ്യവയസ്കയായ സ്ത്രീ കൈകള്‍ മുന്‍പില്‍ ചേര്‍ത്ത് പിടിച്ചു റോഡിന്റെ നടുവിലൂടെ നടക്കുന്നത് മേഘ കണ്ടത്. പെട്ടന്ന് അവൾ കണ്ണുകള്‍ അമര്‍ത്തി പിടിച്ചു ബ്രേക്ക്‌ മുറുകെ ചവിട്ടി. ആരോക്കെയൂ ഓടികുടുന്നതും, തന്നെ കാറില്‍ നിന്നും പിടിച്ചിറക്കിയതും, ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം താങ്ങി പിടിച്ചു കുറച്ചു പേര്‍ ഓടുന്നതും മറ്റും ഒരു അവെക്ത ചിത്രം പോലെ മേഘയുടെ കണ്ണുകളിലൂടെ കടന്നു പോയി.

പോലീസ് വന്നു കടയില്‍ ജോലിച്ചെയുന്ന എല്ലാവരെയും ചോദ്യം ചെയ്തു. ഒരു ഗുണ്ട പരിവേഷം ഉള്ള ആള്‍ ആയതുകൊണ്ടും,മുന്‍പ് താന്‍ എസ്. ഐ  ആയിരുന്നപോള്‍ നേരിട്ട് അറിയാവുന്നത് കൊണ്ടും സി ഐ  ബഷീര്‍ ഡേവിഡിനെ കുടുതല്‍ സംശയിച്ചു. അദ്ദേഹം അവനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി  പോലീസ് മുറ ഉപയോഗിച്ച് ചോദ്യം ചെയുന്നതിന്ടെ ഇടയില്‍ അവന്റെ മൊബൈല്‍ ശബ്ദിച്ചു. സംസാരിക്കാന്‍ പോലും ശക്തിയില്ലതിരുന്ന അവനു ബഷീര്‍ വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോഴേക്കും ആ കാള്‍ കട്ട്‌ ആയി...ആരാടാ നിന്നെ വിളിക്കുന്നത്‌?കട്ട മുതല്‍ വില് ക്കാന്‍ കൊണ്ടുപോയവന്‍ ആണോടാ?  ബഷീര്‍ പരുക്കന്‍ ശബ്ധത്തില്‍ ആക്രോശിച്ചു.
ഞാന്‍ അല്ല സര്‍..സത്യമായും ഞാന്‍ അല്ല...ഒരിക്കല്‍ ഞാന്‍ അങ്ങനെ ആയതു കൊണ്ടു എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു... ഇനിയും എനിക്ക് വയ്യ സര്‍..എനിക്ക് എന്റെ അമ്മയാ വലുത്.സത്യമായും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍.അമ്മയുടെ കുടെ പണിയെടുത്തു ജീവികണം എന്നുള്ള ആഗ്രഹം കൊണ്ടാണ് സര്‍ ഞാനാ പ്രദേശം പോലും വിട്ടു ഇങ്ങോട്ട് വന്നത്...ഇനി...ഇനി എനിക്ക് വേണ്ട സര്‍ ആ പഴയ ജീവിതം...സാറിനെ ഞാന്‍ കുറ്റപെടുത്തില്ല...ഒരിക്കന്‍ ഗുണ്ട ആയവനെ സമൂഹം എന്നും ആ കണ്ണില്‍ കുടി മാത്രമെ കാണു...അതെത്ര കാലം കഴിഞ്ഞാലും, ഞാന്‍ എത്ര ശ്രെമിച്ചാലും സമൂഹത്തിന്റെ മുന്‍പില്‍ ഞാന്‍ എന്നും ഒരു പോക്കിരി ആണ്...പക്ഷെ സര്‍ ഞാന്‍ സത്യമായും പറയവാ...ഞാന്‍ ഇനി ഒരിക്കലും ആ ജീവിതത്തിലേക്ക് പോകില്ല...മടുത്തു പിന്മാറിയവന്‍ ആണ് സര്‍ ഞാന്‍...ഒറ്റ രാത്രിപോലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയില്ല, കള്ളും മയക്കു മരുന്നും സിരകളില്‍ നിറക്കുന്നത് ലഹരിക്ക്‌ വേണ്ടി അല്ല...ബോധം കെടാന്‍...ഇത്തിരി നേരം എങ്കിലും എല്ലാം മറക്കാന്‍....ഇപ്പോള്‍ എന്റെ അമ്മയെ ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ടു നോക്കുന്നു...ചെറുതെങ്കിലും ഒരു കൊച്ചു വീട്, എന്റെ അമ്മ..അത്രയും മതി സര്‍ എനിക്ക്...അതിനു വേണ്ടി ആണ് ഞാന്‍ ചുമടെടുത്തും....ഡെവിള്‍ അത് മുഴുപ്പിക്കുന്നതിനും മുന്‍പ് തൊണ്ടയില്‍ പതഞ്ഞെതിയ നൊമ്പരം വാക്കുകളെ ഞെരിഞ്ഞമര്‍ത്തി.
പെട്ടന്ന് അവന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു...ഡേവിളിന്റെ വാക്കുകളില്‍ പതിഞ്ഞ വേദന ഒരു നിമിഷത്തേക്ക് എങ്കിലും ആ പരുക്കന്‍ പോലീസുകാരന്റെ മനസ്സില്‍ തട്ടി.അദേഹം ചിന്തയില്‍ നിന്നും ഉണര്‍ന്നു ആ കാള്‍ എടുത്തു.. ഹലോ...
ബോധം വരുമ്പോള്‍ മേഘ ആശുപത്രി കിടക്കയില്‍ ആയിരുന്നു...കാറിടിച്ച് ചോരയില്‍ കുളിച്ചു കിടന്ന ആ സ്ത്രീ രൂപം അവളുടെ മനസ്സില്‍ ഓടിയെത്തി...മനസ്സാകെ മരവിച്ച അവസ്ഥ...അവള്‍ കണ്ണുകള്‍ വീണ്ടും മുറുക്കി അടച്ചു...നൊമ്പരത്തിന്റെ ഒരു നീര്കണം അവളുടെ മിഴി ഇതളുകളില്‍ കു‌ടി ഊര്‍നിറങ്ങി...എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല..."മോളെ" എന്നുള്ള അവളുടെ അച്ചാച്ചന്‍ അച്ചന്റെ വിളി ആണ് അവളെ ഉണര്‍ത്തിയത്...അവള്‍ ചുറ്റും കണ്ണോടിച്ചു...അച്ചാച്ചന്‍ അടുത്ത് തന്നെ ഇരിപ്പുണ്ട്...അന്നും ഇന്നും അവള്‍ക്കു വേദനികുംപോള്‍ മാത്രം ആണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുള്ളത്...
മോള്‍ക്ക്‌ കുഴപ്പം ഒന്നും ഇല്ല...പേടിച്ചപ്പോള്‍ ചെറുതായി ബോധം പോയി..അത്രെ ഉള്ളു..
."അച്ചാച്ച... ആ അമ്മ...എവിടെ..എങ്ങനുണ്ട്.."?
"കുഴപ്പം ഇല്ല മോളെ.. ഇപ്പോള്‍ ഐ സി യു വില്‍ ആണ്..."
"എനിക്ക് ഒന്ന് കാണണം അച്ചാച്ച..."
"വേണ്ട മോളെ..അവിടെ ചെന്നാലും ഇപ്പോള്‍ കാണാന്‍ പറ്റില്ല...അവരുടെ മോനെ നമ്മുടെ ഡ്രൈവര്‍ ബിനു വിവരം അറിയിച്ചിട്ടുണ്ട് . അവനു അറിമായിരുന്നു ആ  സ്ത്രീയുടെ മകനെ...അയാള്‍ ഇപ്പോള്‍ എത്തും".
"അല്ല അച്ചാച്ച..എനിക്ക് ഒന്ന് അവിടെ പോകണം..."
അവള്‍ എഴുനെക്കാന്‍ ശ്രെമിച്ചു.
അച്ചന്‍ അവളെ താങ്ങി എഴുന്നേല്പ്പിച്ചു.
നെറ്റിക്ക് ചെറിയ വേദന..അവള്‍ പതിയെ തൊട്ടു നോക്കി...എന്തോ വെച്ച് അവിടെ കെട്ടിയിട്ടുണ്ട്...പെട്ടെന്നുള്ള ബ്രേക്ക്‌ല്‍ തല എവിടെ എങ്കിലും ഇടിച്ചതകാം....
അവള്‍ അച്ചന്റെ കൈകള്‍ പിടിച്ചു പതിയെ ഐ സി യു ലക്‌ഷ്യം വെച്ച് നീങ്ങി. ഐ സി യു വിന്റെ ഇടനാഴിയില്‍ അവളെ ഇരുത്തി അച്ചന്‍ അകത്തു കയറാനുള്ള അനുവാദം മേടിക്കാന്‍ ഡോക്ടറിനെ കാണാന്‍ പോയി...ഐ സി യു ഡോര്‍ തുറന്നു ഒരു നേഴ്സ് പുറത്തിറങ്ങി ചുറ്റും നോക്കി...ആ ആക്സിഡന്റ് പറ്റിയ സ്ത്രീടുടെ ആരെങ്കിലും ഉണ്ടോ ഇവിടെ? മേഘ  ഞെട്ടി എഴുന്നേറ്റു.
"യെസ് മാം..ഞാന്‍..."
"നിങ്ങള്‍ അവരുടെ ആരാ...?"
"ഞാന്‍..ഞാ..."മുഴുമിപ്പിക്കാന്‍ കഴിയുന്നതുനു മുന്‍പ് അവര്‍ പറഞ്ഞു.
"മോളാ...? ഹം വേഗം ഈ മരുന്നുകള്‍ താഴെ ഫാര്‍മസിയില്‍ നിന്നും വാങ്ങണം...ബി പി ഇത്തിരി കുടുതല്‍ ആണ്".
മേഘയുടെ  മനസ്സില്‍ ഒരു വിങ്ങല്‍ ഉതിർന്നു വന്നു....ഞാന്‍ അവരുടെ മോളാണ് എന്ന് ആ സ്ത്രീക്ക് തോന്നി...അപ്പോള്‍ എന്റെ അമ്മയെ പോലുള്ള ഒരാള്‍...
ആദ്യമായാണ് അവള്‍ക്കു ഇങ്ങനെ ഒരു അനുഭവം...ഒരു അമ്മയുടെ മോള്‍ എന്ന് ഒരാള്‍ നേരിട്ട് പറയുന്നത്.
അവള്‍ യാന്ത്രികമായി ആ പേപ്പര്‍ കുറിപ്പ് മേടിച്ചു തിരിഞ്ഞു...
" ആഹ് ഒന്ന് നില്‍ക്കൂ...ഇത് അമ്മയുടെ ആഭരണങ്ങള്‍ ആണ്..." ആ നേഴ്സ് ഒരു പൊതി അവളുടെ കൈകളില്‍ കൊടുത്തു.
അപ്പോഴേക്കും അച്ചന്‍ തിരികെ വന്നു.."എന്താ മോളെ...എന്തുപറ്റി?" 
"ഒന്നുമില്ല അച്ചാച്ച...ഈ മരുന്നുകള്‍ മേടിക്കണം എന്ന് പറഞ്ഞു..."
അച്ചന്‍ ആ കുറിപ്പ് മേടിച്ചു നോക്കി..."മോള്‍ ഇവിടെ ഇരിക്ക് ഞാന്‍ ബിനുവിനെ പറഞ്ഞു വിടാം."
അച്ചന്‍ അവളെ അവിടെ പിടിച്ചിരുത്തി ബിനുവിന്റെ നമ്പറില്‍ വിളിച്ചു.
"മോനെ നീ എവിടാ?...ആണോ..ശരി ഞാന്‍ അവിടെ വരാം..."
"മോളെ ഞാന്‍ ഇപ്പോള്‍ വരം...അവന്‍ അവിടെ ബ്ലഡ് ബാങ്കില്‍ നില്‍ക്കുവാണ്....ഞാന്‍ പോയി മേടിച്ചുകൊണ്ട് വരാം..."
അച്ചന്‍ നടന്നു നീങ്ങി...പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അച്ചന്‍ തിരിച്ചു വന്നു.
"മോളെ ആ സ്ത്രീക്ക് ഇത്തിരി പ്രശ്നം ആണ്...ബി പി കുടുന്നത് കാരണം ബ്ലീഡിംഗ് കുടുതല്‍ ആണ്...പിന്നെ  ബോധം വരുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറഞ്ഞു"
മേഘയിൽ  പെട്ടന്ന് ഒരു നടുക്കം ഉണ്ടായത് അച്ചന്‍ അവളുടെ മുഖത്തുനിന്നും വായിച്ചെടുത്തു.
"ഇല്ല മോളെ ഒന്നും സംഭവിക്കില്ല....കര്‍ത്താവ്‌ തമ്പുരാന്‍ കാത്തുകൊള്ളും...മോള് ധൈര്യമായിട്ട് ഇരിക്ക്."
മേഘ മുഖം പൊത്തി കസേരയില്‍ ഇരുന്നു...ആ അമ്മക്ക് ഞാന്‍ കാരണം എന്തെങ്കിലും കുഴപ്പം പറ്റിയാല്‍?പെട്ടന്ന് ആ നേഴ്സ് പറഞ്ഞത് അവള്‍ ഓര്‍ത്തു.
."മോളാ?...ഇത് അമ്മയുടെ ആഭരണങ്ങള്‍ ആണ്"....ആ നേഴ്സ് പറഞ്ഞ വാക്കുകള്‍ അവളുടെ കാതുകളില്‍ അലയടിച്ചു.
മേഘ തല പുറകോട്ടു ചായിച്ചു കണ്ണുകള്‍ മെല്ലെ അടച്ചു. അമ്മ... അപ്പു...എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു...അമ്മയുടെ " മുത്തെ " എന്നുള്ള വിളി...അമ്മ മാത്രം ആണ് തന്നെ അങ്ങനെ വിളിച്ചിട്ടുള്ളത്.അപ്പുവിനും തനിക്കും ചോറ് വാരിതന്നതും...അന്ന് ആ രാത്രിയില്‍ അമ്മ തന്നെ കെട്ടിപിടിച്ചു കരഞ്ഞതുമെല്ലാം അവളുടെ മനസ്സില്‍ ഓടിഎത്തി.അപ്പു...അവന്‍ ഇപ്പോള്‍ വളര്‍ന്നു ഒരു വല്യ ആളായി കാണും...അവനു അമ്മയും അമ്മക്ക് അവനും ഉണ്ടല്ലോ? തനിക്കു അല്ലെ എന്നും..എല്ലാം....പക്ഷെ ദൈവം അതിനു പകരം ആയിട്ടായിരിക്കും അച്ചനെ..അച്ചന്റെ സ്നേഹത്തെ തന്നത്.
ആരോ തേങ്ങുന്ന ശബ്ദം കേട്ടാണ് മേഘ കണ്ണ് തുറന്നത്. ഒരു ചെറുപ്പകാരന്‍ മുഖം പൊത്തി  കരയുന്നു. .അതാരെന്നു സംശയിച്ചു അവള്‍ നേരെ ഇരുന്നു. പട്ടന്നു ഡ്രൈവര്‍ ബിനു ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് വന്നു അവന്റെ തോളില്‍ തട്ടി...എന്താഡാ ഡേവിഡ് ഇത്  ? 
പെട്ടന്ന് മേഘയുടെ മനസ്സില്‍ ഒരു നടുക്കം ഉളവായി. തന്റെ വാഹനം ഇടിച്ചു അപകടത്തില്‍ പെട്ട ആ അമ്മയുടെ മകന്‍...!!!ഡ്രൈവര്‍ ബിനുവിനു അറിയാം എന്ന് അച്ചന്‍ പറഞ്ഞ ആള്‍. മേഘ പതിയെ എഴുന്നേറ്റു. മടിയില്‍ ഇരുന്ന ആ അമ്മയുടെ ആഭരണങ്ങള്‍ അടങ്ങിയ പൊതി അവളുടെ മടിയില്‍ നിന്നും ഊര്‍ന്നു നിലത്തേക്ക് വീണു.
അവള്‍ കുനിഞ്ഞു ആ ആഭരണങ്ങളും ഒപ്പം ഉണ്ടായിരുന്ന ഫോട്ടോയും എടുത്തു...ഒരു നിമിഷം ആ ഫോട്ടോയില്‍ അവളുടെ മനസ്സ് തങ്ങി നിന്ന് പിടഞ്ഞു.
പെട്ടന്ന് ഒരു ഡോക്ടര്‍ ഐ സി യു വിനു നേരെ ഓടി വന്നു...പുറകെ മറ്റൊരു ഡോക്ടറും നേര്സും ...
ഡേവിഡ് ഉല്‍കണ്ടയോടെ ഐ സി യു വിന്റെ വാതിലിലേക്ക് നടന്നു പതിയെ വാതില്‍ മുട്ടി.
അകത്തു നിന്നും ഒരു നേഴ്സ് പുറത്തേക്കു വന്നു. "എന്താ?"
സിസ്റ്റര്‍ എന്റെ അമ്മക്ക് എന്ത് പറ്റി? എന്തിനാണ് എല്ലാരും കൂടി പെട്ടന്ന്...?
"ആ അമ്മക്ക് ബി പി പെട്ടന്ന് കൂടി...ഡോക്ടര്‍ ചെക്ക്‌ ചെയ്യുവാണ്...കുടുതല്‍ ഒന്നും ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റില്ല...ഡോക്ടര്‍ നിങ്ങളെ അറിയിക്കും.."
അത്രയും പറഞ്ഞു ആ സ്ത്രീ ഡോര്‍ അടച്ചു.
മേഘ അവിടെ നടന്നത് ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല...അവള്‍ ഡേവിഡിനെ തന്നെ സുക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആണ് ഡേവിഡ് തന്നെ തന്നെ നോക്കി നില്‍ക്കുന്ന ആ യുവതിയെ ശ്രദ്ധിച്ചത്.അപ്പോള്‍ ബിനു അവന്റെ അരികില്‍ വന്നു."അത് കുരുവിള  അച്ചന്റെ കുട്ടി ആണ്...ആ കുട്ടിയുടെ കാറില്‍ തട്ടി ആണ് അമ്മക്ക്...അമ്മ വാഹനം നോക്കാതെ റോഡില്‍ ഇറങ്ങി നനടന്നതാണ് കാരണം.."
ഡേവിഡ് അവളുടെ നേരെ ചെന്നു "നിങ്ങള്‍ ആണോ എന്റെ അമ്മയെ....?
ആ ചോദ്യം മുഴുമിപ്പിക്കാന്‍ അവനു കഴിയുമായിരുന്നില്ല.
അവള്‍ അവനെ തന്നെ നോക്കി.ആ വേദന നിറഞ്ഞ മനസ്സ് ആ കണ്ണുകളില്‍ കുടി എന്തൊക്കെയോ അവനോടു പറയാന്‍ കൊതിച്ചു...അവളുടെ കണ്ണിതളുകള്‍ നിറഞ്ഞു കവിളിണയില്‍ കുടി കണീര്‍ കണംകണമായി  തഴേക്ക്‌ ഊര്നിറങ്ങി.
" നിങ്ങള്ക് അറിയാമോ എന്റെ അമ്മയെ ഞാന്‍ എന്തുമാത്രം സ്നേഹികുനുന്ടെന്നു..നിന്നെയൊന്നും
ഞാന്‍ വെറുതെ വിടില്ല....കാറിന്റെ എ സി യില്‍ കുളിരണിഞ്ഞു നീയൊക്കെ പറന്നു നടക്കുമ്പോള്‍...നിനക്കൊന്നും ബന്ധത്തിന്റെ വില അറിയില്ല...ഞാന്‍ ജീവിക്കുന്നത് എന്റെ അമ്മക്ക് വേണ്ടിയാ...എന്റെ അമ്മക്ക് എന്തെങ്കില്‍ പറ്റിയാല്‍...വിടില്ല നിങ്ങളെ ഞാന്‍...."അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു...അവനില്‍ പഴയ ചുരല്‍ ഡിവിഡിന്റെ ശബ്ദവും, ഭാവവും ഒരു നിമിഷത്തേക്കെങ്കിലും മിന്നി മറഞ്ഞു...പിന്നീടു അവന്‍ അവന്‍ ചുവരിലേക്ക് തല ചായിച്ചു വിങ്ങി കരഞ്ഞു.
മേഘ യാന്ത്രികമായി നടന്നു അവന്റെ അരികില്‍ വന്നു...അവന്റെ മുഖം അവള്‍ തന്റെ വിറയാര്‍ന്ന കൈകളില്‍ ചെര്തെടുത്തു....അവന്റെ കണ്ണുകളില്‍ തന്നെ സുക്ഷിച്ചു നോക്കി.
"അപ്പുട്ടാ...മോനെ..അപ്പു...!!!"...കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ തന്നില്‍ മാത്രം മൂടിവെച്ച അപ്പുവിനോടുള്ള വാത്സല്ല്യവും സ്നേഹവും മനസ്സില്‍ നിറഞ്ഞു തട്ടി അവള്‍ വിളിച്ചു.
ഡേവിഡ് ഒരു നിമിഷനെരത്തെക്ക് നിശബ്ദനായി.ബാല്യത്തിന്റെ അവെക്ത ഓര്‍മകളില്‍ എവിടെയോ തന്‍ കേട്ട ആ വിളി...തന്റെ "ലേച്ചി"...അതേ തന്റെ ലേച്ചി മാത്രം വിളിച്ചു കേട്ടിട്ടുള്ള ആ വിളി...
ഡേവിഡ് സ്തബ്ത്ഥന്നായി, അവളെ തന്നെ സുക്ഷിച്ചു നോക്കി നിന്നു...
മേഘ ആ ഫോട്ടോ അവന്റെ കൈകളില്‍ വെച്ച് കൊടുത്തു. ഒന്നും പറയാന്‍ കഴിയാതെ അവള്‍ അവനെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.
തന്റെ അമ്മ താന്‍ കാരണം മരണത്തോട് മല്ലടിച്ച് കഴിയുന്നു...പത്തൊന്‍പതു വര്‍ഷക്കാലം താന്‍ ഓരോ ആള്‍ക്കുട്ടത്തിലും തിരഞ്ഞു നടന്ന തന്റെ അമ്മയും സഹോദരനും...ഒരിക്കല്‍ തന്നെയും അപ്പുവിനെയും അമ്മ പരസ്പരം അകറ്റി...ഇപ്പോള്‍ ആ അമ്മ തന്റെ ജീവനിലൂടെ തങ്ങളെ വീണ്ടും...
ഡേവിഡ് ചൂരൽ ഡേവിഡിൽ  നിന്നും അപ്പുവിലേക്ക് എത്തി ചേര്‍ന്നപോലെ...സന്തോഷവും  ദുഖവും ശമിശ്രമായി എത്തിയ വികാരം വാക്കുകളെ ഞെരുക്കി അമർത്തി  സ്തബ്ദനായി, നിശബ്ദനായി നിന്നു.

Saturday, December 29, 2012

..........


ഇവള്‍  ധീര ആണ്, ഭാരത സ്ത്രീയുടെയും യുവതിയുടെയും മികച്ച മാതൃക ആണ്  .ഇന്ത്യയുടെ ധീരയായ മകള്‍ ....ഇനി എന്താണ് വേണ്ടത് ഒരു  ഇന്ത്യന്‍ യുവതിക്ക്???
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറച്ചു തെരുവ് നായിക്കള്‍ കടിച്ചു കടിച്ചു കുടഞ്ഞ ഒരു ഭാരത യുവതിക്ക്  പ്രമുഖര്‍ചാര്‍ത്തി നല്കിയ വിശിഷ്ട പദവി. എങ്ങനെ ആണ് ഇവള്‍ ധീരയായത് ? സ്വന്തം ശരീരം തിരക്ക് പിടിച്ച പട്ടണത്തില്‍ വെച്ച് ക്രൂരമായി നശിപിക്കപെട്ടപോഴോ
ജീവിക്കാന്‍  കൊതിച്ച യുവതിയെ അവസാനം കാലത്തിന്റ ജീവിക്കുന്ന രക്തസാക്ഷി ആക്കാന്‍  ദൈവം ഇഷ്ടപെടുന്നില്ല. പുച്ഛം തോന്നുന്നു കാലത്തോട് ,അനീതിക്ക് മുന്പില്‍ നോക്കുകുത്തിയായി നില്ക്കുന്ന നിയമവ്യവസ്ഥിതിയോട്  . ഇത്രയും ക്രുരത കാട്ടിയ കാപാലികന്മാരെ നമ്മുടെ ഭരണകുടം എന്ത് ചെയ്യും??? വിട്ടുകൊടുകണം ജനങ്ങള്‍ക്ക് , അനീതികെതിരെ രോഷാകുലരായി നില്ക്കുന്ന ഭാരതാംബയുടെ യുവ തലമുറയ്ക്ക്  മുന്പില്‍ , അവര്‍  തീരുമാനിക്കുന്നതാവണം    പിശാച്ചുകള്‍ക്കുള്ള  ശിക്ഷ. ഹേ!!! മനുഷ്യ  മൃഗങ്ങളേ നിങ്ങളെ പെറ്റ വയറുകള്‍ ഇന്ന് നിങ്ങളെ ഓര്‍ത്തു ദുഖിക്കുന്നുണ്ടാകും, ശപിക്കുനുണ്ടാകും നിങ്ങള്‍ ഉണ്ടായ സമയത്തെ. ഒരമ്മക്കും ഉണ്ടാകാന്‍ പാടില്ലാത്ത വേദന ഇന്ന് നിങ്ങള്‍ അവര്‍ക്ക് കൊടുത്തത് എന്തെ ? അവര്‍ നിങ്ങള്‍ക്ക് സത്യവും ധര്‍മ്മവും ചൊല്ലിതന്നില്ലെ ? നിങ്ങളുടെ സഹോദരിമാര്‍  എങ്ങനെ ജീവിച്ചു ഇത്രയും  നാളുകള്‍ ? നിന്റ പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ എന്ത് വിലയാണ് നല്കുന്നത് ? സ്ത്രീ എന്നാല്‍ സുഖം നല്ക്കുന്ന ഒരു ഉപകരണം ആണെന്ന് നിങ്ങളെ പഠിപ്പിച്ചതാര് ?? - ഓര്‍ക്കുക അവരിലൂടെ ആണ് ഇന്നു  ലോകം നിലനില്ക്കുന്നത് ..അവര്ക്കും ഉണ്ട് സ്വപ്നങ്ങളും വേദനകളും.
സൗമ്യ എന്ന യുവതിയെ ക്രുരമായി കൊന്ന ഒറ്റ കൈയ്യന്‍ പൊന്നുച്ചാമി ഇപ്പോഴും സുഖമായി തിന്നും കുടിച്ചും പോലീസുകാരെ ഭീഷിണിപ്പെടുത്തിയും ജയിലില്‍  ജീവനോടെ!!! അതുകൊണ്ട് അവനു ശരീരം നന്നാക്കാന്‍ പറ്റി..ശരീരഭാരം നന്നായി കുടിയിട്ടുണ്ടത്രെ... സൗമ്യ അനുഭവിച്ച വേദനയുടെ, കുടുംബത്തിനു ഉണ്ടായ നഷ്ടത്തിന്റെ പകരം ആണോ ഇത്?
വന്യജീവികള്‍പോലും ചിന്തിക്കാന്‍ ഭയക്കുന്ന തരത്തില്‍ ഉള്ള ക്രൂരത...എന്നിട്ടും കുറ്റം സമ്മതിച്ച പ്രതികള്‍   ദിവസങ്ങളിലും ജീവനോടെ...എന്തിന് ?
കൊടി കെട്ടിയ ഭാരത സംസ്കാരം എന്നൊക്കെ നാം അഭിമാനിക്കാറുള്ളത് നിയമവ്യവസ്ഥിതി പിന്തുടരുന്ന ഇന്ത്യയെ കുറിച്ചല്ലെ ??? 
പിതാവും മാതാവും സ്വന്തം മകളെ പണത്തിനും രതിസുഖത്തിനും ആയി വില്‍ക്കുന്നു. എവിടെ ആണ് പിഞ്ചു പെണ്‍ക്കുട്ടികള്‍  ഉള്‍പെടെ ഉള്ള സ്ത്രീ സമൂഹത്തിനു സുരക്ഷിത്വം ലഭിക്കുക?പുരോഗമനത്തിന്റെ  പാതയില്‍കുതിക്കുന്നു എന്ന് പറയുന്ന  ഇന്ത്യയുടെ  തിരക്കേറിയ പട്ടണപ്രദേശത്തുപോലും സ്ത്രീത്വത്തിനു സുരക്ഷ ലഭിക്കുന്നില്ലെങ്കില്‍ എന്ത് പുരോഗമനം? എന്ത് സംസ്കാരം ?  "ഏന്നു നമ്മുടെ സ്ത്രീകള്‍  സുരക്ഷിതരായി തെരുവുകളില്‍ ഇറങ്ങി നടക്കുന്നുവോ, അന്ന് നമുക്ക് പറയാം ഇന്ത്യ സ്വാതന്ദ്ര്യം നേടിയെന്ന് " ഒരിക്കല്‍ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എവിടെ ആണ് ഇന്ത്യ ഇന്ന്? ആരുടെ കൈയില്‍ നിന്നാണ് നാം ഇനിയും മുക്തരകേണ്ടത്?മരംകോച്ചുന്ന തണുപ്പില്ഇന്ത്യന്‍ ചുണക്കുട്ടികള്‍ - ഇന്ത്യന്‍ സൈനികര്‍  ഉറക്കമിളച്ചും ജീവന്‍ പണയപ്പെടുത്തിയും നാം ഓരോരുത്തരുടെയും ജീവനും സ്വത്തിനും വേണ്ടി കാവല്‍ നില്കുമ്പോള്‍  ഇന്ത്യക്ക് ഉള്ളില്‍ നമ്മുടെ സഹോദരിമാര്‍ക്ക് ആരാണ് സുരക്ഷ നല്കുക
ഗര്‍ഭപാത്രത്തില്‍ വെച്ച് തുടങ്ങുന്നു സ്ത്രീകളോടുള്ള ക്രുരത. അത് ശൈശവവും , യൌവനവും കടന്നു മാതൃത്വം എന്ന മഹത്തായ അവസ്ഥയില്‍.പിന്നീടു മക്കള്ക്കും  വീടുകാര്‍ക്കും വേണ്ടി നിലകൊണ്ടു കഷ്ടതകളും  യാതനയും അനുഭവിച്ചു വാര്ധ്യക്കത്തില്‍ എത്തുമ്പോഴേക്കും മക്കള്‍ക്ക് ബാദ്യത , അന്നേരം ചിലപ്പോള്‍ കുട്ടിന്  ഭര്‍ത്താവും. പിന്നീടുള്ള ജീവിത്തില്‍മരിച്ചു ജീവിച്ച് വലിയ വീടിന്റെ  ഏതെങ്കിലും ഇരുളടഞ്ഞ മൂലയില്‍, അല്ലെങ്കില്വൃദ്ധസദനങ്ങളില്‍  ഒടുങ്ങും മഹത്തായ ജന്മങ്ങള്‍ . സ്വന്തം ചോരയെ തിരിച്ചറിയാനാകാത്ത വിധം അധപധിചിരിക്കുന്നു ഇന്ന് മനുഷ്യകുലം . 
ഹേ സഹോദരി നിനക്ക് സുരക്ഷ നല്കാന്‍ , നിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാന്‍ ഭാരതത്തില്‍ നിയമം ഇല്ല. നീ പോക്കോള്ളൂ അല്ലെങ്കില്നിനക്ക് ജീവിതത്തില്‍ പല കണ്ണുകളെ - നോട്ടങ്ങളെ നേരിടേണ്ടി വന്നെന്നെ, ..അതൊരുപക്ഷെ ഇപ്പോള്‍നീ അനുഭവിച്ചതിലും കുടുതല്‍ നിന്റെ മനസ്സിനെ വ്രണപ്പെടുത്തും. നിന്റെ ജീവന്‍ വരും തലമുറയിലെ സ്ത്രീ സുരക്ഷയ്ക്ക് ഉതകും വിധം നിയമ വ്യവസ്ഥിതി ക്രമപ്പെടുത്തുവാന്‍ അധികാരികളുടെ കണ്ണുകള്‍  തുറക്കാന്‍ ഇടയാകട്ടെ .

അക്രമവും, ക്രുരതയും, ജീവന്‍ വെച്ചും നാടകം കളിക്കുന്ന അധികാരി വര്‍ഗങ്ങളും, ഇല്ലാത്ത നാട്ടില്‍ നിനക്ക് ഇനി വിശ്രമം....