Sunday, December 6, 2015

ഓർമ്മയിലെ മഴ


"ഉൾ വനത്തിൽ കോരിച്ചൊരിയുന്ന മഴ"
പ്രവാസത്തിൻറെ നേരിയ തണുപ്പുള്ള പ്രഭാതത്തിൽ മുല്ലപെരിയ്യാർ ഡാമിന്നെ കുറിച്ചുള്ള വാർത്തവായിച്ചപ്പോൾ ഇടയ്ക്കു കണ്ണിലും മനസ്സിലും ഒരുപോലെ സുഖം നൽകിയ ഒരു വരി.
ഓർക്കുമ്പോൾ തന്നെ മനസ്സ് കുളിരുന്നു. മഴയുടെ പച്ചപ്പും സംഗീതവും മനസ്സിൽ പെയ്തിറങ്ങി.
നിലക്കാതെ പെയ്യുന്ന മഴ പച്ച വർണ്ണങ്ങളെ തോരാതെ നനയിച്ച് ...
പെയിതോഴിയുന്ന മഴയ്ക്ക് താളമേകി  ഇലകളിലേക്ക് ഊർന്നു വീഴുന്ന മഴത്തുള്ളികളും.
മഴയുടെ സൌന്ദര്യം ആദ്യമായി ആസ്വദിക്കുന്നത് നാട്ടിൽ പമ്പയും മണിമലയും മത്സരിച്ചു ഒഴുകുന്ന നദിക്കരയിൽ നിന്നുള്ള വീട്ടിൽ നിന്നായിരുന്നു. വാതിലിൽ കൂടി പുറത്തേക്കു നോക്കുമ്പോൾ നദിയുടെ തീരത്ത് നട്ടുപിടിപ്പിച്ച ഗന്ദിരാജനിലും , കല്യാണസൌഗന്ധത്തിലും തട്ടിതെറിക്കുന്ന മഴത്തുള്ളികളും, അതിനപ്പുറത്ത് പരന്നൊഴുകുന്ന നദിയിൽ  ആർത്തുല്ലസിച്ച് പതിയുന്ന മഴയും, അതിന്റെ പ്രണയപൂർവ്വം  വാരിപുണരുന്ന പുഴയും.
ഇടക്കിടെ തലയിൽ പാളതോപ്പിയും ചൂടി മഴയിൽ നിന്നും ഓടിയോളിക്കനോരുങ്ങി ചെറു വള്ളങ്ങള്ളിൽ തുഴഞ്ഞുനീങ്ങുന്ന മീൻപിടുത്തക്കാർ. പറയാതിരിക്കാൻ വയ്യ, മഴ നനഞ്ഞു കുതിരുമ്പോഴാണ്  അവരുടെ കൊച്ചുവള്ളങ്ങളുടെ യദാർത്ഥ ഭംഗി പ്രകടമാകുന്നത്.

പടിഞ്ഞാറ് കാർമേഘം ചിറകുവിരിച്ച് എത്തുമ്പോഴേ മുതിർന്നവർ പറയും "പടിഞ്ഞാറ് കോള് കൊണ്ടിട്ടുണ്ട് മഴപെയ്യും" എന്ന്. പിന്നീടങ്ങോട്ട് ഒരു ഓട്ടം  ആണ്, അലക്കി തോരാൻ വിരിച്ച തുണികളും, ഉണങ്ങാൻ ഇട്ട മുളകും, കൊപ്പ്ര തേങ്ങയും മറ്റും മഴ നനയിക്കാതെ  സുക്ഷിച്ച് വെക്കാൻ.
അങ്ങനെ നിൽക്കുമ്പോൾ കേൾക്കാം മഴയുടെ നാലുദിക്കും അറിയിച്ചുള്ള വരവ്. ചിലപോഴോക്കെ കുടെ സഹയാത്രികരായ "ഇടിയും മിന്നലും" കാണും. വരവ് ചിലപ്പോൾ അതിശീഘ്രം ആണെങ്കിൽ  ഓടിയോളിപ്പിക്കാറുള്ള  തുണിയും, മുളകും ചെറുതായെങ്കിലും നനയിക്കും,ഒരു കുസൃതി പോലെ.
മഴ നിർത്താതെ പെയ്യുമ്പോൾ പിന്നെ മെല്ലെ കട്ടിലിൽ പുതപ്പിന്റെ അടിയിലേക്ക് ചുരുളും. ഉറക്കത്തിന്റെ "അസുഖം" സാധാരണയായി പടർന്ന് പിടിക്കുന്ന കാലമാണ്. ഉറക്കം കഴിഞ്ഞു മെല്ലെ കണ്ണുതുറക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ ജനലഴികളിൽ പറ്റിപിടിച്ചു ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ ആയിരിക്കും കണി. പിന്നീടു അടുക്കളയിൽ നിന്നും ചുടോടെ എത്തുന്ന നല്ല കട്ടൻ കാപ്പിയും കുടിച്ചു മുൻവശത്തെ പടികളിൽ ഇരുന്നു ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികലുടെ താളവും ആസ്വദിച്ചു 
അങ്ങനെ ഇരിക്കുമ്പോൾ വീടിന്റെ പിൻവശത്തുള്ള വഴിയിലേക്ക് ചാഞ്ഞുനിൽക്കുന്ന മാവിൽ നിന്നും മഴകഴിഞ്ഞു എന്നുള്ളമട്ടിൽ കിളികൾ ചിലച്ചുതുടങ്ങും. വഴിയുടെ ഒരുവശത്ത് അതിർത്തി തീർത്തിട്ടുള്ള മുള്ളുവേലിയിൽ പിടിച്ചു വെറുതെ മഴയിൽ കുളിച്ചുകിടക്കുന്ന വഴിയിൽ നോക്കിനിൽക്കുമ്പോൾ "വായിനോക്കതെ കയറിപോടാ" എന്ന് പറഞ്ഞു മരങ്ങളിൽ തങ്ങിനിൽക്കുന്ന, മഴ ബാക്കിവെച്ചുപോയ നീർകണങ്ങൾ ഒരു ചെറുകാറ്റിന്റെ "തട്ടുകൊണ്ട്" ഒന്നിച്ചു ശരീരത്തിൽ പതിക്കും, അപ്പോഴാണ്നമ്മൾ കുട്ടുകാരെ ഒരു സ്വകാര്യം പറയാം എന്നുപറഞ്ഞു അടുത്തുള്ള ഏതെങ്കിലും കൊച്ചുമരച്ചുവട്ടിൽ കൊണ്ടുപോയി നിർത്തി മരംകുലുക്കുമ്പോൾ മരത്തിന്റെ ഇലകളിലും മറ്റും തങ്ങിനിന്ന മഴത്തുള്ളികൾ അവരുടെ ദേഹത്തേക്ക് വീഴുമ്പോൾ അവരുടെ "ഭാവ പ്രകടനം" കണ്ട് സുഖിക്കാറുള്ള, സുഖത്തിന്റെ മറുമരുന്നാണ് ഇതെന്ന് ഓർത്തുപോകുന്നത്‌.

മഴകാഴ്ചകൾ അല്ലെ? പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇനിയും പറഞ്ഞുകൊണ്ടിരുന്നാൽ ഓഫീസിൽ "പണികൾ" ബാക്കിയാകും.
ഒരു കാര്യം കൂടി, മഴയാണ് നമ്മുടെ മലയാള നാടിന്റെ, പച്ചപ്പിന്റെ വശ്യ സൗന്ദര്യവും, മണ്ണിന്റെ മണത്തിന്റെ ലഹരിയും. കണ്ണിനു കുളിരായി ഇന്നും ചിത്രങ്ങൾ മായാതെ മനസ്സിൽ സുക്ഷിച്ചിട്ടുണ്ട്. വരുംതലമുറക്ക് ഒരുപക്ഷേ അറബികഥകളിലെ "അത്ഭുതങ്ങളായി" മഴകാഴ്ചകൾ മാറിയാൽ എനിക്ക് അവരോട് ഞാൻ അനുഭവിച്ച "അത്ഭുതങ്ങൾ" പറഞ്ഞ് ആളാകാമല്ലൊ?

2 comments: